ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നി വിമാനം രണ്ടായി പിളര്‍ന്നു

Posted on: May 24, 2018 6:07 am | Last updated: May 24, 2018 at 12:09 am
ഹോണ്ടുറാസില്‍ ലാന്‍ഡിംഗിനിടെ തകര്‍ന്ന് രണ്ടായി പിളര്‍ന്ന് റണ്‍വേക്ക് പുറത്ത് കിടക്കുന്ന വിമാനം

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ നിന്ന് ഹോണ്ടുറാസിലേക്ക് പറന്ന സ്വകാര്യ ജറ്റ് വിമാനം ലാന്‍ഡിംഗിനിടെ തെന്നിവീണ് രണ്ടായി പിളര്‍ന്നു. വിമാനത്തില്‍ യാത്ര ചെയ്തിരുന്നവരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഹോണ്ടുറസ് തലസ്ഥാനമായ തെഗുസിഗല്‍പയിലാണ് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്നുവീണത്. സംഭവത്തില്‍ ആറ് അമേരിക്കക്കാര്‍ക്ക് പരുക്കേറ്റു. ടെക്‌സാസിലെ ഓസ്റ്റിനില്‍ നിന്നാണ് ജി 200 വിമാനം ടേക്ഓഫ് ചെയ്തത്. എന്നാല്‍ ഹോണ്ടുറസിലെ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി തകരുകയായിരുന്നു. വിമാനം രണ്ടായി പൊട്ടിപ്പിളര്‍ന്നിട്ടുണ്ട്. എന്നാല്‍ അപകടം നടന്നയുടന്‍, വിമാനത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഹോണ്ടുറസ് പോലീസ് പിന്നീട് അറിയിച്ചു. വിമാനത്തിനുള്ളില്‍ നിന്ന് അകപ്പെട്ട അഞ്ച് പുരുഷന്‍മാരെയും ഒരു സ്ത്രീയെയും രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതരമായി പുറത്തെടുത്തതായി ദൃക്‌സാക്ഷികളെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തെ ഏറ്റവും അപകടം പിടിച്ച റണ്‍വേകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നതാണ് ഹോണ്ടുറാസ് തലസ്ഥാനത്തുള്ള ഈ വിമാനത്താവള റണ്‍വേ.