Connect with us

Kerala

പൊതുമരാമത്തിന് കീഴില്‍ രണ്ട് മാസത്തിനകം 264 പദ്ധതികള്‍

Published

|

Last Updated

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നിര്‍മാണം പൂര്‍ത്തിയായ പാലങ്ങളും റോഡുകളും കെട്ടിടങ്ങളുമുള്‍പ്പെടെ 3,218 കോടി രൂപ ചെലവില്‍ 264 പദ്ധതികളുടെ പ്രവൃത്തികള്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. എല്‍ ഡി എഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പ്രവൃത്തികളുടെ ഉദ്ഘാടനം രണ്ട് മാസത്തിനകം നടക്കുന്നത്.

പണി പൂര്‍ത്തിയാക്കിയ 14 പാലങ്ങള്‍, 87 റോഡുകള്‍, 22 കെട്ടിടങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. കൂടാതെ, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കുന്ന 13 പാലങ്ങള്‍, 107 റോഡുകള്‍, 21 കെട്ടിടങ്ങള്‍ എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും നടക്കും. നേരത്തെ പൂര്‍ത്തിയായതും നിര്‍മാണ ഘട്ടത്തിലുള്ളതുമായ പദ്ധതികള്‍ക്ക് പുറമേയാണിത്. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം വേസ്റ്റ് പ്ലാസ്റ്റിക്, നാച്വറല്‍ റബ്ബര്‍ മിക്‌സ്ഡ് ബിറ്റുമിന്‍ തുടങ്ങിയ നൂതന റോഡ് നിര്‍മാണ സാങ്കേതിക വിദ്യകളുപയോഗിച്ച് 3,367 കിലോമീറ്റര്‍ റോഡ് പുനരുദ്ധരിച്ചിട്ടുണ്ട്. വകുപ്പിലെ അഴിമതി നിര്‍മാര്‍ജനത്തിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്ന് മന്ത്രി ഫോണിലൂടെ നേരിട്ട് കേട്ട പരാതികള്‍ അന്വേഷിച്ച് 248 ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു.

മരാമത്ത് പണികളുടെ സുതാര്യതയും ഗുണമേന്മയും വര്‍ധിപ്പിക്കാന്‍ സാമൂഹിക ഓഡിറ്റ് ആരംഭിച്ചു. പാലങ്ങള്‍ക്കും പ്രവൃത്തി പരിപാലത്തിനും വേണ്ടി ഭരണ സൗകര്യത്തിനായി രണ്ട് പുതിയ ചീഫ് എന്‍ജിനീയര്‍ തസ്തികകള്‍ സൃഷ്ടിച്ചു. അഞ്ച് വര്‍ഷം കൊണ്ട് വകുപ്പ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന 1,05,602 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ കിഫ്ബിക്ക് കീഴില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഒരു ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂനിറ്റ് ആരംഭിച്ചു.

കിഫ്ബി മുഖേന 30,000 കോടി രൂപയുടെ റോഡുകളും പാലങ്ങളും ഫ്‌ളൈ ഓവറുകളും നിര്‍മിക്കും. ഇതില്‍ 7,659.12 കോടിയുടെ പ്രവൃത്തികള്‍ക്ക് സാമ്പത്തിക അംഗീകാരം ലഭിച്ചിട്ടുണ്ട്. ദേശീയപാത വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം 1,848 കോടി രൂപക്കുള്ള അംഗീകാരം നല്‍കി. 162.46 കോടി രൂപ ചെലവില്‍ കരമന- കളിയിക്കാവിള റോഡിന്റെ രണ്ടാംഘട്ടത്തിന് കിഫ്ബിയുടെ അംഗീകാരം ലഭ്യമാക്കി. 78.36 കോടി രൂപ ചെലവുവരുന്ന വൈറ്റില ഫ്‌ളൈ ഓവറിന് കിഫ്ബിയില്‍നിന്ന് അംഗീകാരം ലഭ്യമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. 74.45 കോടി രൂപ ചെലവ് വരുന്ന കുണ്ടന്നൂര്‍ ഫ്‌ളൈ ഓവറും കിഫ്ബിയില്‍ നിന്ന് അംഗീകാരം ലഭ്യമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ആലപ്പുഴ ജില്ലയിലെ പുറക്കാട്- പാതിരിപ്പള്ളി റോഡ് പുതിയ സാങ്കേതിക വിദ്യയായ കോള്‍ഡ് ഇന്‍പ്ലേസ് റീസൈക്ലിംഗ് രീതിയില്‍ നിര്‍മിച്ചതായും മന്ത്രി കൂടിച്ചേര്‍ത്തു.