Connect with us

Kerala

ക്ഷീര സഹകരണ യൂനിയനുകളുടെ എണ്ണം കുറക്കണമെന്ന് വിദഗ്ധ സമിതി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ത്രിതല ക്ഷീരസഹകരണസംഘം നിലനിര്‍ത്തിക്കൊണ്ട് മേഖലാ യൂനിയനുകളുടെ എണ്ണം കുറക്കണമെന്ന് ത്രിതല ക്ഷീര സഹകരണ യൂനിയന്‍ സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്. യൂനിയനുകളുടെ എണ്ണം നിലവിലുള്ള മൂന്നില്‍ നിന്ന് രണ്ടാക്കാനാണ് സമിതി പ്രധാനമായും ശിപാര്‍ശ ചെയ്തിരിക്കുന്നന്നത്. ഒപ്പം എറണാകുളം, തിരുവനന്തപുരം മേഖലാ യൂനിയനുകളെ സംയോജിപ്പിച്ച് പുനഃസംഘടന നടത്താനും സമിതി ശിപാര്‍ശ ചെയ്യുന്നുണ്ട്.

മേഖലാ യൂനിയനുകളിലെ നിയമനം പി എസ് സി മുഖേനയാക്കുക, ഫെഡറേഷന്റെയും മേഖലാ യൂനിയനുകളുടെയും കീഴിലുള്ള അസിസ്റ്റന്റ് മാനേജര്‍ മുതല്‍ മുകളിലേക്കുള്ള ജീവനക്കാരുടെ കോമണ്‍കേഡര്‍ സംവിധാനം കൊണ്ടുവരിക തുടങ്ങിയ പ്രധാനപ്പെട്ട 25 ശിപാര്‍ശകളാണ് സര്‍ക്കാറിന്റെ സജീവ പരിഗണനക്കായി വിദഗ്ധസമിതി സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ത്രിതല ക്ഷീരസഹകരണമേഖലയെക്കുറിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അധ്യക്ഷ ലിഡാ ജേക്കബാണ് മൃഗസംരക്ഷണ മന്ത്രി കെ രാജുവിന് റിപ്പോര്‍ട്ട് കൈമാറിയത്.

മേഖലാ യൂനിയനുകളുടെയും ഫെഡറേഷന്റെയും ഉത്പാദന ശേഷി, വിനിയോഗം, കാര്യക്ഷമത പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സമയബന്ധിത ലക്ഷ്യം നിശ്ചയിച്ച് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തണം. ഇതിനായി ഈ സ്ഥാപനങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ്, ടെക്‌നിക്കല്‍ ഓഡിറ്റ് എന്നിവ നടത്തി സ്ഥാപനങ്ങളുടെ വിശദമായ ധനകാര്യവിശകലനം നടത്തണം. കോമണ്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പൊതു അക്കൗണ്ടിംഗ് സംവിധാനം നടപ്പാക്കണം. മേഖലാ യൂനിയനുകളിലെയും ഭരണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കൂടുതല്‍ ജനാധിപത്യപരമാക്കണം. എല്ലാ മേഖലയിലെയും പ്രാതിനിധ്യം ഉറപ്പാക്കണം. അതത് ജില്ലകളിലെ അംഗങ്ങള്‍ ചേര്‍ന്ന് ജില്ലാപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന വിധത്തില്‍ നിയമാവലിയല്‍ ഭേദഗതി വരുത്തണം. ഭരണ സമിതി അംഗങ്ങള്‍ക്ക് പരമാവധി മൂന്ന് തവണ മാത്രമേ തുടരാനാകൂവെന്ന വ്യവസ്ഥ നടപ്പാക്കണം. പ്രാഥമിക ക്ഷീരസംഘങ്ങളുടെ അറ്റലാഭ വിഭജന രീതിയില്‍ മാറ്റങ്ങള്‍ വരുത്തി ലാഭത്തിന്റെ 10 ശതമാനം തുക മെമ്പര്‍ റിലീഫ് ഫണ്ട് ആയി നിക്ഷേപിക്കാന്‍ കോര്‍പസ് ഫണ്ട് രൂപവത്കരിച്ച് കര്‍ഷകരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായി വിനിയോഗിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം. ആര്‍ ആന്‍ഡ് ഡി വിഭാഗത്തെ പൂര്‍ണമായി പുനഃസംഘടിപ്പിക്കുക, മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിനും വിപണനം നടത്തുന്നതിനും മികച്ച സംവിധാനം ഒരുക്കുക, പുതിയ മാര്‍ക്കറ്റിംഗ് മേഖലകള്‍ കണ്ടെത്തുക, മൂന്ന് വര്‍ഷത്തിലേറെയായി സംഘങ്ങളില്‍ പാല്‍ നല്‍കാത്തവരുടെ അംഗത്വം റദ്ദാക്കുക, ഫാമുകള്‍ക്ക് ലൈസന്‍സിനുള്ള പരിധി അഞ്ചില്‍ നിന്ന് പത്ത് പശുക്കളായി ഉയര്‍ത്തുക, ക്ഷീരസഹകരണ സംഘങ്ങളിലൂടെ കൃത്രിമ ബീജദാനത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, തരിശായി കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി കുടുംബശ്രീ തുടങ്ങിയവയുടെ സഹകരണത്തോടെ തീറ്റപ്പുല്‍കൃഷി നടപ്പാക്കുക തുടങ്ങിയവയും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുണ്ട്.

പത്ത് മാസം സമയമെടുത്താണ് സമിതി സംസ്ഥാന -ജില്ലാ തലങ്ങളില്‍ ക്ഷീര മേഖലയുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാനത്തെയും പുറത്തെയും വിവിധ ഡയറി പ്ലാന്റുകളും ഫാക്ടറികളുമുള്‍പ്പെടെ സന്ദര്‍ശിച്ച് സമിതി പഠനം നടത്തിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് പഠിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

Latest