രൂപയുടെ മൂല്യം ഇനിയും കുറയും

Posted on: May 23, 2018 11:23 pm | Last updated: May 23, 2018 at 11:23 pm

ദുബൈ: രൂപയുടെ മൂല്യം ഇനിയും കുറയാന്‍ സാധ്യത. എണ്ണ വില വര്‍ധന രൂപയെ സമ്മര്‍ദത്തിലാക്കുകയാണെന്നു യു എ ഇ എക്‌സ്‌ചേഞ്ച് സി ഇ ഒ പ്രമോദ് മങ്ങാട്ട് ചൂണ്ടിക്കാട്ടി. കേന്ദ്ര ഭരണകൂടം എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ മാത്രമേ രൂപയെ പിടിച്ചു നിര്‍ത്താന്‍ കഴിയൂയെന്ന് മിക്ക സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു. ധനക്കമ്മി വര്‍ധിക്കുമെന്ന് ഭയന്ന് കേന്ദ്രം നടപടി സ്വീകരിക്കുമെന്ന് കരുതുന്നില്ല. മാത്രമല്ല കോര്‍പറേറ്റുകളെ പിണക്കാനും കേന്ദ്രം തയാറല്ല.

യു എ ഇ യില്‍ ഒരു ദിര്‍ഹം നല്‍കിയാല്‍ 18. 55 രൂപ ആയിട്ടുണ്ട്. ഈ മാസം ഒടുവില്‍ ഇത് 19 രൂപയിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നാട്ടില്‍ വിലക്കയറ്റം രൂക്ഷമായതിനാല്‍ വിദേശ ഇന്ത്യക്കാര്‍ക്ക് ഇത് കൊണ്ട് പ്രയോജനമില്ല.

ഇന്ത്യക്കാര്‍ കൂടുതലുള്ള ഗള്‍ഫ് നഗരങ്ങളില്‍ ക്രയ വിക്രയങ്ങള്‍ കുറയും. ആളുകള്‍ പണം കൊടുത്തു ഉത്പന്നങ്ങള്‍ വാങ്ങുന്നതിനു മടിക്കും. പണം നാട്ടിലേക്കയക്കാനാകും പ്രവണത. രാജ്യാന്തര അസംസ്‌കൃത എണ്ണ വില കുത്തനെ കൂടുന്നതാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. ചൈന ഒഴികെ ഏഷ്യന്‍ രാജ്യങ്ങള്‍ വിലക്കയറ്റ ഭീഷണിയിലാണ്.