കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Posted on: May 23, 2018 4:36 pm | Last updated: May 24, 2018 at 12:02 pm

ബെംഗളൂരു: കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിയമസഭാ മന്ദിരമായ വിധാന്‍സൗധക്ക് മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെ സാക്ഷിയാക്കിയാണ് കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലും കന്നട ജനതയുടെ പേരിലുമായിരുന്നു സത്യപ്രതിജ്ഞ.

ഗവര്‍ണര്‍ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു. കെപിസിസി പ്രസിഡന്റും ദളിത് നേതാവുമായ ഡോ. ജി പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മായാവതി, ശരത് യാദവ്, അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, എച്ച് ഡി ദേവഗൗഡ തുടങ്ങി ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

ഇന്ന് മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടേയും സത്യപ്രതിജ്ഞ മാത്രമാണ് നടന്നത്.  വിശ്വാസ വോട്ടെടുപ്പ് തേടിയ ശേഷം മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും.