നിപ്പാ വൈറസ്: പരിഭ്രാന്തി പരത്തുന്ന പ്രചാരണം നടത്തരുതെന്ന് മുഖ്യമന്ത്രി

Posted on: May 23, 2018 6:05 am | Last updated: May 23, 2018 at 12:43 am

തിരുവനന്തപുരം: നിപ്പാ വൈറസിനെക്കുറിച്ച് മാധ്യമങ്ങള്‍ വഴി പരിഭ്രാന്തി പരത്തുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, പരിഭ്രാന്തി പരത്തുന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഇത്തരം പ്രചാരണങ്ങളില്‍ നിന്ന് എല്ലാവരും മാറിനില്‍ക്കണം. കേരളത്തിന് പുറത്തുനിന്ന് അടിസ്ഥാനമില്ലാത്ത ഒരുപാട് പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളില്‍ നാം കുടുങ്ങിപ്പോകരുതെന്നും ഭീതിയുണ്ടാക്കുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത് കേരളത്തിന്റെ പൊതുതാത്പര്യത്തിന് ഹാനികരമാണെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അതേസമയം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കേസെടുക്കാന്‍ സൈബര്‍ പോലീസിന് പോലീസ് മേധാവി നിര്‍ദേശം നല്‍കി. സാമൂഹ്യമാധ്യമങ്ങള്‍ വഴി ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന് ഡി ജി പി മുന്നറിയിപ്പ് നല്‍കി.

വടക്കുഞ്ചേരിക്കെതിരെ പരാതി

കോഴിക്കോട്: നിപ്പാ വൈറസ് മരണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ വ്യാജപ്രചാരണങ്ങള്‍. പഴങ്ങളും പച്ചക്കറികളും കഴിക്കരുതെന്നും, കിണര്‍വെള്ളം കുടിക്കരുതെന്നും പന്നി, ആട്, പോത്ത് തുടങ്ങി മാംസാഹാരങ്ങള്‍ കഴിക്കരുതെന്നുള്ള വ്യാജപ്രചരണങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, നിപ്പാ വൈറസ് ബാധക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് ജേക്കബ് വടക്കാഞ്ചേരിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറി കെവി ആദര്‍ശ് ആണ് ആരോഗ്യ മന്ത്രിക്കും ജില്ല കലക്ടര്‍ക്കും പരാതി നല്‍കിയത്. പരാതി സൈബര്‍സെല്ലിനും കൈമാറിയിട്ടുണ്ട്. ജേക്കബ് വടക്കഞ്ചേരി നടത്തുന്ന അശാസ്ത്രീയ പ്രചരണങ്ങള്‍ക്കെതിരെ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോ ക്ലിനിക്ക് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.