Connect with us

Kerala

ഗത്യന്തരമില്ലാതെ മാണിയുടെ മടക്കം: സി പി എമ്മിന് നിരാശ, ഉള്ളില്‍ ചിരിച്ച് സി പി ഐ

Published

|

Last Updated

തിരുവനന്തപുരം: എല്‍ ഡി എഫിനൊപ്പം നില്‍ക്കാനുള്ള ശ്രമങ്ങള്‍ അവസാന നിമിഷവും പരിഗണിക്കപ്പെടാതെ വന്നതോടെയാണ് യു ഡി എഫിലേക്കുള്ള കെ എം മാണിയുടെ മടക്കം. മുന്നണി പ്രവേശം ഇപ്പോഴില്ലെന്നും ചെങ്ങന്നൂരിലെ നിലപാട് മാത്രമാണ് തീരുമാനിച്ചതെന്നും മാണി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇനിയുള്ള നാള്‍ മാണി യു ഡി എഫിനൊപ്പം തന്നെയാകുമെന്ന് ഉറപ്പ്. സി പി ഐ വിട്ടുവീഴ്ച്ചക്ക് തയ്യാറാകാതെ തുടരുന്നതും സ്വന്തം പാര്‍ട്ടി പിളരുമെന്ന ഭീതിയുമാണ് ഇടത്തോട്ട് പോകാന്‍ കാത്തിരുന്ന മാണിയെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചത്. അതേസമയം, ഉപതിരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ട് തീരുമാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സി പി എം കേന്ദ്രങ്ങള്‍ മാണിയുടെ പ്രഖ്യാപനം വന്നതോടെ നിരാശയിലായി. മാണിയെ ശക്തമായി എതിര്‍ത്തിരുന്ന സി പി ഐ ആകട്ടെ പുതിയ രാഷ്ട്രീയ നിലപാട് കേട്ട് ഉള്ളില്‍ ചിരിക്കുകയാണ്.

മുന്നണി പ്രവേശനകാര്യത്തില്‍ സി പി എം അനുകൂല നിലപാടെടുക്കുകയും സി പി ഐ ശക്തമായി എതിര്‍ക്കുകയും ചെയ്തതോടെയാണ് മാണി ത്രിശങ്കുവിലായത്. മുന്നണി വിപുലീകരണത്തിന് സി പി എം സംസ്ഥാന സമ്മേളനം തന്നെ അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സി പി എം- സി പി ഐ ദേശീയ നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയും നടത്തി. എന്നാല്‍, മാണിയെ മുന്നണിയില്‍ വേണ്ടെന്നായിരുന്നു സി പി ഐയുടെ ഉറച്ച നിലപാട്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സി പി ഐ ഇക്കാര്യത്തില്‍ മൗനംപാലിച്ചെങ്കിലും നിലപാടില്‍ വിട്ടുവീഴ്ച്ചയില്ലെന്ന സൂചന നല്‍കി. സി പി എം ഉറച്ച നിലപാടെടുത്താല്‍ സി പി ഐ വഴങ്ങുമെന്ന പ്രതീക്ഷ മാണിക്കുണ്ടായിരുന്നു. അങ്ങിനെയൊരു കടുത്ത നിലപാടിലേക്ക് പോകാന്‍ സി പി എം സന്നദ്ധമാകില്ലെന്ന് കണ്ടതോടെയാണ് യു ഡി എഫിലേക്ക് എന്ന ആലോചന കേരളാകോണ്‍ഗ്രസില്‍ ശക്തമായത്.

ഇടത് ഐക്യം ശക്തിപ്പെടുത്തണമെന്ന് ഇരുപാര്‍ട്ടി കോണ്‍ഗ്രസുകളും തീരുമാനിച്ച് അതിന് വിരുദ്ധമായൊരു നിലപാട് കേരളത്തില്‍ പാടില്ലെന്ന് നേതൃതലത്തില്‍ ധാരണയായിരുന്നു. എല്‍ ഡി എഫിലേക്ക് പോകുന്നതിനെ തുടക്കം മുതല്‍ ശക്തമായി എതിര്‍ത്തിരുന്ന ജോസഫ് ഗ്രൂപ്പിന്റെ നിലപാടും യു ഡി എഫിനെ പിന്തുണക്കാന്‍ മാണിയെ പ്രേരിപ്പിച്ചു. ഉപതിരഞ്ഞെടുപ്പിലെ നിലപാട് തീരുമാനിക്കാന്‍ നേരത്തെ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ നിന്ന് പോലും ജോസഫ് ഗ്രൂപ്പ് വിട്ടുനിന്നിരുന്നു. എല്‍ ഡി എഫില്‍ ചേര്‍ന്നാല്‍ തങ്ങളുണ്ടാകില്ലെന്ന സന്ദേശം ആ വിഭാഗം മാണിക്ക് നല്‍കി.

കെ എം മാണിയും മകന്‍ ജോസ് കെ മാണിയുമായിരുന്നു തുടക്കം മുതല്‍ എല്‍ ഡി എഫിലേക്ക് പോകണമെന്ന നിലപാട് സ്വീകരിച്ചിരുന്നത്. മാണിയോടൊപ്പമുള്ളവരും പിന്നീട് ഇത് അംഗീകരിച്ചു. അപ്പോഴും ഇത് സ്വീകാര്യമല്ലെന്ന ഉറച്ച നിലപാടിലായിരുന്നു ജോസഫ് വിഭാഗം. സി പി ഐക്കൊപ്പം വി എസ് അച്യുതാനന്ദനും മാണിയോട് എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഇതെല്ലാം കണക്കിലെടുത്തായിരുന്നു മാണിയുടെ തീരുമാനം.

മുസ്‌ലിം ലീഗ് ആണ് ഇപ്പോള്‍ മാണിയെ അനുനയിപ്പിക്കാന്‍ മുന്‍കൈയെടുത്തത്. പി കെ കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുത്താണ് കഴിഞ്ഞദിവസം പാലയില്‍ കൂടിക്കാഴ്ച്ചക്ക് അരങ്ങൊരുക്കിയത്. നേരത്തേ ഉപതിരഞ്ഞെടുപ്പു നടന്ന മലപ്പുറത്തും വേങ്ങരയിലും മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ മാണി പിന്തുണച്ചിരുന്നു. അന്ന് യു ഡി എഫിനല്ല പിന്തുണ നല്‍കുന്നതെന്നും മുസ്‌ലിംലീഗിനെ യാണ് പിന്തുണക്കുന്നതെന്നും മാണി വ്യക്തമാക്കിയിരുന്നു. യു ഡി എഫിന്റെ ഭാഗമായുള്ള പ്രചാരണപരിപാടികളില്‍ അന്ന് പങ്കെടുത്തിരുന്നില്ല.

ചെങ്ങന്നൂരില്‍ യു ഡി എഫ് പ്രചാരണ യോഗങ്ങളില്‍ തന്നെ മാണി പങ്കെടുക്കും. 2016 ആഗസ്റ്റിലാണ് യു ഡി എഫ് നേതൃത്വത്തോട് ഇടഞ്ഞു മാണി മുന്നണി വിട്ടത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ ലംഘിച്ച് കേരളാകോണ്‍ഗ്രസ് എല്‍ ഡി എഫിനെ അധികാരത്തിലേറ്റി. ഇതോടെ ബന്ധം വഷളാകുകയും മാണിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവരികയും ചെയ്തു.

മാണി നിലപാട് പ്രഖ്യാപിച്ചതോടെ സി പി എം കേന്ദ്രങ്ങളില്‍ നിരാശ പ്രകടമാണ്. ഉപതിരഞ്ഞെടുപ്പില്‍ ഓരോ വോട്ടും നിര്‍ണായകമാണെന്നിരിക്കെ മാണി മനസ്സാക്ഷി വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുമെന്ന പ്രതീക്ഷയാണ് സി പി എമ്മിനുണ്ടായിരുന്നത്. അതേസമയം, മാണിയെ ശക്തമായി എതിര്‍ത്തിരുന്ന സി പി ഐ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ലെങ്കിലും ഉള്ളില്‍ ചിരിക്കുകയാണ്.

Latest