ഋഷഭ് പന്തും സാംസണും ഇന്ത്യന്‍ ക്രിക്കറ്റിലെ രാജാക്കന്‍മാരാകും: സയിദ് കിര്‍മാനി

Posted on: May 23, 2018 6:03 am | Last updated: May 23, 2018 at 12:24 am

മുംബൈ: കുറച്ച് കാലം കഴിയുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഭരിക്കേണ്ടവരാണ് ഋഷഭ് പന്തും സഞ്ജു വി സാംസണുമെന്ന് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ സയിദ് കിര്‍മാനി. ഇരുവരുടേയും ഐപിഎല്‍ പ്രകടനത്തില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും സയിദ് കിര്‍മാനി പറഞ്ഞു.

പ്രതിനിധീകരിക്കുന്ന ടീമിന് വേണ്ടി മികച്ച പ്രകടനമാണ് രണ്ടുപേരും നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇനിയും ഒരുപാട് മേഖലകളില്‍ പുരോഗതി നേടേണ്ടതുണ്ട്. പരിചയ സമ്പത്തിലൂടെ മാത്രമേ അത് സാധിക്കുകയുള്ളൂ. ഇരുവരും മികച്ച സ്പിന്നര്‍മാര്‍ക്കെതിരേ വിക്കറ്റിന് പിന്നില്‍ നില്‍ക്കണം. അതും വ്യത്യസ്ത സാഹചര്യങ്ങളിലും പിച്ചുകളിലും.

ഐപിഎല്ലില്‍ മാത്രമല്ല പ്രാദേശിക ക്രിക്കറ്റിലും താരങ്ങള്‍ കഴിവ് തെളിയിക്കണം. അവിടെ സ്ഥിരത പുലര്‍ത്തിയാല്‍ അവരുടെ കഴിവ് ടീമിന് ബോധ്യപ്പെടും. മാത്രമല്ല, ഒരു സീസണിലെ പ്രകടനം കൊണ്ട് മാത്രം ഇരുവരേയും വിലയിരുത്തുന്നത് ശരിയല്ലെന്നും കിര്‍മാനി കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ കളിച്ച ഓരോ ഷോട്ടും മനോഹരമായിരുന്നു. എന്നാല്‍ ഒരിക്കലും ഇത്തരം ഷോട്ടുകള്‍ ടെസ്റ്റിലോ ഏകദിനത്തിലോ കളിക്കാന്‍ അയാള്‍ക്ക് കഴിയില്ലെന്നും കിര്‍മാനി പറഞ്ഞു