Connect with us

National

ഭാര്യയെ ഉപേക്ഷിച്ച് മുങ്ങുന്നവര്‍ക്കെതിരെ നടപടി

Published

|

Last Updated

ന്യൂഡല്‍ഹി: ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ച് വിദേശത്തേക്ക് കടക്കുന്ന എന്‍ ആര്‍ ഐ പൗരന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇന്ത്യയില്‍ നിന്നും വിവാഹം കഴിക്കുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ നീക്കം. വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട ഉന്നതതല സമിതിയാണ് ഇത് സംബന്ധിച്ച ശിപാര്‍ശ നല്‍കിയത്. പാസ്‌പോര്‍ട്ടും സ്വത്തുവകകളും തടഞ്ഞുവെക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്. കുറ്റവാളികളെ കൈമാറുന്നതിന് മറ്റു രാജ്യങ്ങളുമായുള്ള കരാറില്‍ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തണമെന്നും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ വന്ന് വിവാഹം കഴിക്കുകയും ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടക്കുകയും ചെയ്യുന്ന എന്‍ ആര്‍ ഐ പൗരന്മാരുടെ എണ്ണം വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് നിയമമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇത്തരം ഭര്‍ത്താക്കന്മാര്‍ക്കെതിരെ 2014 മുതല്‍ 346 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പരാതികളില്‍ പ്രതികളാകുന്ന എന്‍ ആര്‍ ഐ പൗരന്‍മാര്‍ക്ക് തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും പ്രതികരിക്കാതിരിക്കുന്നവര്‍ക്കെതിരെയാകും നടപടി. നോട്ടീസ് അയച്ചിട്ടും പ്രതികരിക്കാതിരിക്കുന്നവരുടെ വിവരങ്ങള്‍ വിദേശ കാര്യ മന്ത്രാലയം വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നുണ്ട്.