Connect with us

National

കര്‍ണാടകയില്‍ സത്യപ്രതിജ്ഞക്കായി വിപുലമായ സജ്ജീകരണം: ചടങ്ങ് പ്രതിപക്ഷ സംഗമ വേദിയാകും

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സത്യപ്രതിജ്ഞാ വേദി രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ സംഗമവേദിയാകും. ബി ജെ പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് നാന്ദി കുറിച്ച കര്‍ണാടകയിലെ പുതിയ സര്‍ക്കാറിന് അഭിവാദ്യം അര്‍പ്പിക്കാന്‍ നിരവധി പ്രമുഖര്‍ ബെംഗളൂരുവിലെ വിധാന്‍സൗധയിലെത്തും. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി ഡോ. ജി പരമേശ്വരയുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.

സത്യപ്രതിജ്ഞക്കായി ബി ജെ പി ഇതര അഞ്ച് മുഖ്യമന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയ നേതാക്കളും പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ചന്ദ്രബാബു നായിഡു (ആന്ധ്രാപ്രദേശ്), മമതാ ബാനര്‍ജി (പശ്ചിമബംഗാള്‍), കെ ചന്ദ്രശേഖരറാവു(തെലങ്കാന), അരവിന്ദ് കെജ്‌രിവാള്‍(ഡല്‍ഹി) എന്നിവരാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന മുഖ്യമന്ത്രിമാര്‍.

ഇവരെ കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു പി എ അധ്യക്ഷ സോണിയാ ഗാന്ധി, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബി എസ് പി നേതാവ് മായാവതി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, നടന്‍ കമലഹാസന്‍, ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍, ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്, രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിംഗ്, മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി തുടങ്ങിയവരും സംബന്ധിക്കും.

കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങ് കര്‍ണാടകയില്‍ പ്രതിപക്ഷകക്ഷികളുടെ സംഗമ വേദി കൂടിയാക്കി മാറ്റാന്‍ കോണ്‍ഗ്രസ് തുടക്കം മുതലെ ശ്രമം നടത്തിയിരുന്നു. ഡല്‍ഹിയിലെത്തിയ കുമാരസ്വാമിയോട് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രതിപക്ഷ നേതാക്കളെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ബി ജെ പിക്കെതിരെ രൂപവത്ക്കരിക്കുന്ന വിശാല സഖ്യത്തിന്റെ ശക്തിതെളിയിക്കുന്നതായിരിക്കും ഈ സംഗമം. കര്‍ണാടകയില്‍ സര്‍ക്കാറുണ്ടാക്കാന്‍ ജെ ഡി എസിന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്.
ബി ജെ പിക്കും മോദി സര്‍ക്കാറിനുമെതിരെ ശക്തമായ പ്രതിപക്ഷ ഐക്യം ഉയര്‍ത്തിക്കാട്ടുകയെന്നത് കൂടിയാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ വഴി പ്രതിപക്ഷ നേതാക്കള്‍ ലക്ഷ്യമിടുന്നത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി എസ് യെദ്യൂരപ്പ രാജിവെച്ചതോടെയാണ് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഗവര്‍ണര്‍ കുമാരസ്വാമിയെ ക്ഷണിച്ചത്. 38 സീറ്റുകള്‍ നേടിയ കുമാരസ്വാമിയുടെ ജെ ഡി എസ് 78 സീറ്റുകളുള്ള കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപവത്കരിക്കുന്നത്.

കോണ്‍ഗ്രസിലെ കെ ആര്‍ രമേശ്കുമാര്‍ ആയിരിക്കും നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുക. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ ഡി എസിന് നല്‍കും. കോണ്‍ഗ്രസില്‍ നിന്ന് 22 ഉം ജെ ഡി എസില്‍ നിന്ന് 12 ഉം മന്ത്രിമാരുണ്ടാകും.

ബി ജെ പിയുമായി ചേര്‍ന്ന്
അബദ്ധം ആവര്‍ത്തിക്കാനില്ല: ദേവെഗൗഡ

ബെംഗളൂരു: ബി ജെ പിയുമായി ചേര്‍ന്ന് വീണ്ടും അബദ്ധം ആവര്‍ത്തിക്കാന്‍ പാര്‍ട്ടി തയ്യാറല്ലെന്നും മുമ്പുണ്ടായ തെറ്റുകള്‍ തിരിച്ചറിഞ്ഞാണ് പാര്‍ട്ടി വീണ്ടും ഉയര്‍ത്തെഴുന്നേറ്റതെന്നും ജെ ഡി എസ് ദേശീയ അധ്യക്ഷനും മുന്‍പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവെഗൗഡ എം പി. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി ജെ ഡി എസ് സഖ്യമുണ്ടാക്കിയത് തന്റെ മകനായ കുമാരസ്വാമിയുടെ തീരുമാന പ്രകാരമാണെന്നും അദ്ദേഹത്തിന്റെ തീരുമാനത്തില്‍ താന്‍ പൂര്‍ണ സന്തോഷവാനാണെന്നും ദേവെഗൗഡ കൂട്ടിച്ചേര്‍ത്തു.

മകന്‍ വ്യക്തിപരമായി എടുത്തതാണ് സഖ്യ തീരുമാനം. ഉപമുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിലും മന്ത്രിസഭ രൂപവത്കരണത്തിലും താന്‍ യാതൊരുവിധ ഇടപെടലും നടത്തിയിട്ടില്ലെന്നും മകന്‍ രണ്ടാം തവണ മുഖ്യമന്ത്രിയാവുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ദേവെഗൗഡ പറഞ്ഞു.