പ്രാദേശിക പാര്‍ട്ടികളില്‍ സ്വത്ത് കൂടുതല്‍ സമാജ്‌വാദി പാര്‍ട്ടിക്ക്

Posted on: May 23, 2018 6:14 am | Last updated: May 22, 2018 at 11:49 pm
SHARE

ലക്‌നോ: പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ളത് ഉത്തര്‍ പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി (എസ് പി)ക്ക്. 2016- 17 കാലയളവില്‍ 82.76 കോടിയുടെ വരുമാനമാണ് എസ് പിയുടെത്. ഇക്കാലയളവില്‍ 32 പ്രാദേശിക പാര്‍ട്ടികളുടെ വരുമാനം 321.03 കോടിയാണ്. ഇവ 435.48 കോടി ചെലവഴിച്ചിട്ടുണ്ടെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രസി റിഫോംസി (എ ഡി ആര്‍)ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പതിനേഴ് പാര്‍ട്ടികള്‍ ചെലവഴിക്കാത്ത വരുമാനമായി 114.45 കോടി കാണിച്ചിട്ടുണ്ട്. സമ്പന്ന പാര്‍ട്ടികളില്‍ രണ്ടാം സ്ഥാനത്ത് ടി ഡി പിയാണ്. എ ഐ എ ഡി എം കെ മൂന്നാമതുണ്ട്. ആദ്യ മൂന്ന് പാര്‍ട്ടികളുടെയും മൊത്തം വരുമാനം 204.56 കോടി വരും. മൊത്തം പാര്‍ട്ടികളുടെ 63.72 ശതമാനം വരുമിത്.