Connect with us

National

ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നു പാക് വെടിവെപ്പ് ശക്തം

Published

|

Last Updated

ജമ്മു: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് അതിര്‍ത്തി സംരക്ഷണ സേനയായ പാക്കിസ്ഥാന്‍ റെയ്‌ഞ്ചേഴ്‌സിന്റെ വെടിവെപ്പും മോര്‍ട്ടാര്‍ ആക്രമണവും തുടരുന്നു. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 70കാരി അടക്കം രണ്ട് പേര്‍ക്ക് പരുക്കേറ്റു. പാക് സൈന്യത്തിന്റെ ആക്രമണം പ്രദേശവാസികള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നുണ്ട്. സര്‍ക്കാര്‍ വിവിധയിടങ്ങളില്‍ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

അതിര്‍ത്തിയിലെ അഖ്‌നൂര്‍ മുതല്‍ സാംബ വരെയുള്ള എല്ലാ സെക്ടറുകളിലും പാക് വെടിവെപ്പും ഷെല്ലാക്രമണവും ശക്തമാണെന്ന് ബി എസ് എഫ് ഉദ്യോഗസ്ഥന്‍ പി ടി ഐയോട് പറഞ്ഞു. ബി എസ് എഫ് ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോഴും വെടിവെപ്പ് തുടരുകയാണ്. കൂടുതല്‍ വെടിവെപ്പുണ്ടായ അര്‍ണിയയില്‍ ഒരാള്‍ക്ക് കൂടി പരുക്കേറ്റതായി ജമ്മു ഐ ജി. എസ് ഡി സിംഗ് ജംവാല്‍ പറഞ്ഞു. പുലര്‍ച്ചെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ഷെല്ലിന്റെ ചീളുകള്‍ തറച്ച് പിണ്ടി ചര്‍കാന്‍ ഗ്രാമത്തിലെ മദന്‍ ലാല്‍ ഭഗത് എന്നയാളുടെ വയറിനും കാലിനും പരുക്കേറ്റു. സ്ഥലത്ത് വിന്യസിച്ച പോലീസുകാര്‍ ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിന് സഹായിക്കുന്നുണ്ട്. അതിര്‍ത്തിയിലുടനീളം സുരക്ഷിത സ്ഥലങ്ങളില്‍ പ്രത്യേകിച്ച് ആര്‍ എസ് പുര, അര്‍ണിയ സെക്ടറുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലും സംവിധാനിച്ച ക്യാമ്പുകളിലേക്ക് നൂറുകണക്കിന് ആളുകളെത്തുന്നുണ്ട്. ക്യാമ്പുകളില്‍ മതിയായ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. അതിര്‍ത്തിയിലെ സ്‌കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

സാമ്പ സെക്ടറില്‍ പാക് സഹായത്തോടെയുള്ള രണ്ട് നുഴഞ്ഞുകയറ്റ ശ്രമം ബി എസ് എഫ് പരാജയപ്പെടുത്തിയതോടെയാണ് ഈ മാസം 15 മുതല്‍ പാക് സൈന്യത്തിന്റെ ഷെല്ലിംഗ് ആരംഭിച്ചത്. ഇതുവരെ രണ്ട് ജവാന്മാരും നവജാത ശിശുവും അടക്കം ഏഴ് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് വലിയതോതിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണുണ്ടായത്. ഈ വര്‍ഷം 700 വെടിവെപ്പുകളാണുണ്ടായത്. 18 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 39 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----