Connect with us

International

ഇസ്‌റാഈല്‍ ക്രൂരതകള്‍ക്കെതിരെ ഫലസ്തീന്‍ ഐ സി സിയില്‍ പരാതി നല്‍കി

Published

|

Last Updated

അമേരിക്കന്‍ എംബസി ജറൂസലമിലേക്ക് മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് ഗാസയില്‍ പ്രതിഷേധത്തിലേര്‍പ്പെട്ട ഫലസ്തീനികള്‍ക്ക് നേരെ ഇസ്‌റാഈല്‍ സൈന്യം കണ്ണീര്‍വാതകം പ്രയോഗിക്കുന്നതിന്റെയും പരുക്കേറ്റവരെ സന്നദ്ധ സംഘങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെയും ദൃശ്യങ്ങള്‍

ഗാസ സിറ്റി: അധിനിവിഷ്ട ഫലസ്തീനില്‍ ജൂത സൈനികര്‍ നടത്തുന്ന ക്രൂരതകളെ കുറിച്ച് ഉടന്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. ഇതാദ്യമായാണ് ഫലസ്തീന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് നേരിട്ട് പരാതി നല്‍കുന്നത്. ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര കോടതിയില്‍ ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലികി നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. ചീഫ് പ്രോസിക്യൂട്ടര്‍ ഫറ്റൗ ബെനസൗഡയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വ്യവസ്ഥാപിതമായ രീതിയില്‍ ക്രിമിനല്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്ന ഫലസ്തീനികള്‍ക്ക് വേണ്ടി ചരിത്രത്തിലാദ്യമായി ഫലസ്തീന്‍ സര്‍ക്കാര്‍ സുപ്രധാനമായ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം മാലികി പറഞ്ഞു.

കുടിയേറ്റ കേന്ദ്രങ്ങളുടെ വ്യാപനം, ഭൂമി പിടിച്ചടക്കല്‍, പ്രകൃതിവിഭവങ്ങളുടെ നിയമവിരുദ്ധമായ ചൂഷണം, നിരപരാധികളായ പ്രതിഷേധക്കാര്‍ക്ക് നേരെ അതിക്രൂരമായ രീതിയില്‍ സൈന്യത്തെ ഉപയോഗിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ച മുമ്പ് പ്രതിഷേധത്തിലേര്‍പ്പെട്ട 62 ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം അതിനിഷ്ഠൂരമായി വെടിവെച്ചു കൊന്നിരുന്നു. ഇതിന്റെ പേരില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ കടുത്ത വിമര്‍ശം ഇസ്‌റാഈല്‍ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് സുപ്രധാന നീക്കവുമായി ഫലസ്തീന്‍ രംഗത്തെത്തിയിരിക്കുന്നത്.

Latest