Ongoing News
ആവേശപ്പോരിനൊടുവില്‍ ഹൈദരാബാദ് കീഴടങ്ങി; ചെന്നൈ ഫൈനലില്‍

മുംബൈ: അവസാന നിമിഷം വരെ ആവേശം വിതറിയ ഐപിഎല്‍ ആദ്യ ക്വാളിഫെയര്‍ മത്സരത്തില്‍ സണ്‍റൈസ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍. അര്‍ധ സെഞ്ചുറി നേടി പുറത്താകാതെ(42 പന്തില്‍ 67) നിന്ന ഫാഫ് ഡു പ്ലെസിസിന്റെ ഒറ്റയാള്‍ പ്രകടനമാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സിന് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് വിജയം സ്വന്തമാക്കിയത്.
സ്‌കോര്‍: ഹൈദരാബാദ്: 139/7, ചെന്നൈ: 19.1 ഓവറില്‍ 140/8
സണ്‍റൈസ് ഹൈദരാബാദ് മുന്നോട്ട് വെച്ച താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് മിന്നും താരം ഷെയ്ന്‍ വാട്‌സന്‍ മടങ്ങി. റെയ്‌ന (13 പന്തില്‍ 22), റായ്ഡു (ഒരു പന്തില്‍ 0), എംഎസ് ധോനി (18 പന്തില്‍ 9), ബ്രാവോ (11 പന്തില്‍ ഏഴ് ) എന്നിവര്‍ കാര്യമായ സംഭാവനയൊന്നും നല്‍കാതെ കൂടാരം കയറി. ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയില്‍ തോല്‍വി ഉറപ്പിച്ച ചെന്നൈയെ ഡു പ്ലെസിസ് ഒറ്റയ്ക്ക് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അവസാന നിമിഷം അഞ്ച് പന്തില്‍ 15 റണ്‍സ് നേടിയ താക്കൂറും വിജയത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 29 പന്തില്‍ 43 റണ്‍സെടുത്ത ബ്രാത്ത്വെയ്ത്താണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ ഇന്‍ഫോം ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ ക്ലീന്‍ ബൗള്‍ഡായി. ചഹാറിന്റെ പന്തിലായിരുന്നു ശിഖര്‍ ധവാന്റെ മടക്കം. രണ്ടാം വിക്കറ്റില്‍ 34 റണ്‍സ് ചേര്‍ത്ത് ഗോസ്വാമി വില്യംസന്‍ സഖ്യം തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഗോസ്വാമിയെ സ്വന്തം ബോളിംഗില്‍ പിടികൂടി ലുങ്കി എന്‍ഗിഡി ചെന്നൈയ്ക്ക് ആശ്വാസം സമ്മാനിച്ചു. ഒന്‍പതു പന്തില്‍ രണ്ടു ബൗണ്ടറികളോടെ 12 റണ്‍സെടുത്താണ് ഗോസ്വാമി മടങ്ങിയത്. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ വില്യംസനും പുറത്തായി. 15 പന്തില്‍ നാലു ബൗണ്ടറികളോടെ 24 റണ്‍സെടുത്ത വില്യംസനെ താക്കൂര്‍ ധോണിയുടെ കൈകളിലെത്തിച്ചു. തുടര്‍ന്നു വന്നവര്‍ക്കാര്‍ക്കും വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ സാധിക്കാതെ പോയതോടെയാണ് സണ്‍റൈസേഴ്‌സ് താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുങ്ങിയത്. മനീഷ് പാണ്ഡെ (16 പന്തില്‍ എട്ട്), ഷാക്കിബ് അല്‍ ഹസന്‍ (10 പന്തില്‍ 12), യൂസഫ് പത്താന്‍ (29 പന്തില്‍ 24)
എന്നിവരെല്ലാം പെട്ടെന്ന് മടങ്ങി
ഒരു ഘട്ടത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ് എന്ന നിലയില്‍ പരുങ്ങിയ ഹൈദരാബാദിനെ ഏഴാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനെ കൂട്ടുപിടിച്ചാണ് ബ്രാത്ത്വെയ്ത്ത് 139 റണ്‍സിലെത്തിച്ചത്. ഹൈദരാബാദിനായി സന്തീപ് ശര്‍മ്മ സിദ്ധാര്‍ഥ് കൗള്‍, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സണ്‍റൈസേഴ്‌സ് ഇന്നിംഗ്‌സില്‍ പിറന്ന നാലു സിക്‌സുകളും സ്വന്തം പേരിലെഴുതിയ വെസ്റ്റ് ഇന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്‌വയ്റ്റാണ് സണ്‍റൈസിന്റെ ടോപ് സ്‌കോറര്‍. ബ്രാത്‌വയ്റ്റ് 29 പന്തില്‍ ഒരു ബൗണ്ടറിയും നാലു സിക്‌സും ഉള്‍പ്പെടെ 43 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ചെന്നൈ നിരയില്‍ ഡ്വെയിന്‍ ബ്രാവോ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
പിന്നീടെത്തിയ ബ്രാത്‌വയ്റ്റിന്റെ ഒറ്റയാള്‍ പ്രകടനമാണ് ഒരുഘട്ടത്തില്‍ 100 പോലും തികയ്ക്കില്ലെന്നു തോന്നിയ സണ്‍റൈസേഴ്‌സിനെ 130 കടത്തിയത്. 29 പന്തുകള്‍ നേരിട്ട ബ്രാത്‌വയ്റ്റ് ഷാര്‍ദുല്‍ താക്കൂറിനെതിരെ നേടിയ നാലു സിക്‌സുകള്‍ ഉള്‍പ്പെടെ 43 റണ്‍സെടുത്തു പുറത്താകാതെ നിന്നു. 11 പന്തില്‍ ഏഴു റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാര്‍ അവസാന പന്തില്‍ റണ്ണൗട്ടായി.
ചെന്നൈ നിരയില്‍ ഹര്‍ഭജന്‍ സിംഗ്, ഷെയ്ന്‍ വാട്‌സന്‍ എന്നിവര്‍ ബോള്‍ ചെയ്തില്ല. അതേസമയം, നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഡ്വെയിന്‍ ബ്രാവോയുടേതാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ജഡേജ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയും ലുങ്കി എന്‍ഗിഡി നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. അതേസമയം, ഷാര്‍ദുല്‍ താക്കൂര്‍ നാല് ഓവറില്‍ 50 റണ്‍സ് വഴങ്ങി.