നിക്ഷേപകര്‍ക്കും വിദഗ്ധര്‍ക്കും 10 വര്‍ഷത്തെ വിസ; മന്ത്രിസഭാ തീരുമാനത്തിന് പരക്കെ കൈയടി

Posted on: May 22, 2018 10:03 pm | Last updated: May 22, 2018 at 10:03 pm

ദുബൈ: നിക്ഷേപകര്‍ക്കും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 10 വര്‍ഷത്തെ താമസ വിസ അനുവദിക്കാനുള്ള യു എ ഇ മന്ത്രിസഭാ തീരുമാനത്തിന് പരക്കെ സ്വീകാര്യത. വാണിജ്യ വ്യവസായ മേഖലയിലുള്ളവര്‍ ആഹ്ലാദം പ്രകടിപ്പിച്ചു.
മന്ത്രിസഭാ തീരുമാനം വാണിജ്യ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുമെന്ന് സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി പറഞ്ഞു. ആഗോള കമ്പനികള്‍ക്ക് നൂറു ശതമാനം ഉടമസ്ഥാവകാശം വലിയൊരു നിക്ഷേപ സാധ്യതയും തൊഴില്‍ സാധ്യതയുമാണ് തുറന്നിടുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം യു എ ഇക്ക് 1,100 കോടി ഡോളറിന്റെ വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. അത് ഇനി ഇരട്ടിയാകും.

മൂന്നു വര്‍ഷമാണ് യു എ ഇയില്‍ പരമാവധി തൊഴില്‍ വീസ കാലാവധി. സ്വതന്ത്ര വ്യാപാര മേഖലയിലാണ് മൂന്നുവര്‍ഷത്തേക്കുള്ള വിസ ലഭിക്കുക. മറ്റു മേഖലകളില്‍ കാലാവധി രണ്ടുവര്‍ഷമാണ്. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വൈദഗ്ധ്യമുള്ളവര്‍ തുടങ്ങിയവര്‍ക്കു പത്തുവര്‍ഷ വിസ നല്‍കുന്നതിലൂടെ മനുഷ്യവിഭവശേഷിയില്‍ വന്‍ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. മെഡിക്കല്‍, എന്‍ജിനീയറിങ്, ശാസ്ത്ര മേഖലകളിലെ ഏറ്റവും മികച്ചവരെ യുഎഇയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തിലൂന്നിയ നടപടിയാണിത്.

യുഎഇയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചുവര്‍ഷ വീസയും മികച്ച വിദ്യാര്‍ഥികള്‍ക്കു പത്തുവര്‍ഷ വിസയും നല്‍കാനാണു പദ്ധതി. നിലവിലുള്ള താമസ വീസ സംവിധാനം പരിഷ്‌കരിക്കും. വിദ്യാര്‍ഥികള്‍ക്കു യു എ ഇയില്‍ സര്‍വകലാശാലാ പഠനത്തിനുശേഷം ജോലി തേടാനുള്ള അവസരവും വിസ നല്‍കുന്നതിലൂടെ ലഭ്യമാകും. മികവുള്ളവര്‍ക്ക് അവസരങ്ങളുടെ വാതില്‍ തുറന്ന് അവരുടെ കഴിവുകള്‍ വികസിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനാണ് യു എ ഇ ശ്രമിക്കുന്നത്.

തീരുമാനം വിപ്ലവകരമാണെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു. 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള തീരുമാനവും വ്യവസായ രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. ദീര്‍ഘവീക്ഷണത്തോടെയുള്ള യു എ ഇ ഭരണാധികാരികളുടെ തീരുമാനങ്ങള്‍ യു എ ഇയിലെ വിദേശ സമൂഹത്തിന് മഹത്തായ അവസരങ്ങളൊരുക്കും. യു എ ഇയില്‍ ബിസിനസ് ചെയ്യുന്ന ഞങ്ങളെ പോലുള്ളവര്‍ക്ക് അഭിമാനിക്കാവുന്ന നിര്‍ണായക തീരുമാനമാണിത്. യുഎഇയിലെ നിക്ഷേപക സൗഹൃദ അന്തരീക്ഷത്തിനും നിക്ഷേപകര്‍ക്കും വലിയ ആത്മവിശ്വാസം ഉണ്ടാക്കുന്നതാണ് തീരുമാനം, അദീബ് പറഞ്ഞു.

മന്ത്രിസഭാ തീരുമാനം വലിയ പ്രതീക്ഷ നല്‍കുന്നുവെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് സി ഇ ഒ പ്രമോദ് മങ്ങാട്ട് പറഞ്ഞു. ധാരാളം കമ്പനികള്‍ യു എ ഇ യില്‍ നിക്ഷേപം നടത്തും. തദ്ദേശീയ തലമുറക്ക് തൊഴില്‍ സാധ്യത വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്കും ഗുണകരമാണെന്ന് പ്രമോദ് പറഞ്ഞു
വിശുദ്ധ റമസാന്‍ മാസത്തില്‍ ശൈഖ് മുഹമ്മദെടുത്ത ഭാവനാത്മകവും പുരോഗമനപരവുമായ തീരുമാനത്തിന് അകമഴിഞ്ഞ നന്ദിയുണ്ടെന്നും രാജ്യത്തിന്റെ സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങളെ സുസ്ഥിരമാക്കാന്‍ ഇത് ഏറെ ഉപകരിക്കുമെന്നും എസ് എഫ് സി ഗ്രൂപ്പ് കെ മുരളീധരന്‍ പറഞ്ഞു.

യു എ ഇയിലേക്ക് കൂടുതല്‍ നിക്ഷേപം ലഭിക്കുന്നതിനും ഏറ്റവും മികച്ച വിദഗ്ധ മനുഷ്യവിഭവശേഷി കൈവരിക്കുന്നതിനും സഹായകമാകും. അതോടൊപ്പം ഭാവിയുടെ വാഗ്ദാനമായ വിദ്യാര്‍ഥി സമൂഹത്തെയും പരിഗണിച്ചത് ദീര്‍ഘദര്‍ശിത്വമാര്‍ന്ന നടപടിയാണ്.
ശൈഖ് മുഹമ്മദിന് നന്ദിയുണ്ടെന്നും നൂറ് ശതമാനം ഉടമസ്ഥാവകാശം വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും പ്യുവര്‍ഗോള്‍ഡ് സ്ഥാപകന്‍ ഫിറോസ് മര്‍ച്ചന്‍ പറഞ്ഞു.