മഅ്ദിന്‍ അക്കാദമിയില്‍ നിപാ വൈറസ് ബോധവത്കരണം നടത്തി

Posted on: May 22, 2018 8:19 pm | Last updated: May 22, 2018 at 9:12 pm
മലപ്പുറം സ്വലാത്ത് നഗറില്‍ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച നിപാ വൈറസ് ബോധവത്കരണ പരിപാടിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഇ എന്‍ അബ്ദുല്‍ ലത്വീഫ് ക്ലാസെടുക്കുന്നു

മലപ്പുറം: ജനങ്ങളെ ഭീതിയിലാഴ്ത്തി സംസ്ഥാനത്ത് നിപാ വൈറസ് ബാധ സ്ഥിരീകരിക്കുകയും മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ക്കിടയില്‍ അവബോധം നല്‍കുന്നതിനായി മലപ്പുറം മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ബോധവത്കണം സംഘടിപ്പിച്ചു.

സ്വലാത്ത് നഗറില്‍ നടന്ന ബോധവത്കരണ പരിപാടിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഇ എന്‍ അബ്ദുല്‍ ലത്വീഫ് ക്ലാസ്സിന് നേതൃത്വം നല്‍കി. നിപാ വൈറസ് മാരകമാണെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. ജനങ്ങള്‍ ആശങ്കപ്പെടുന്നതിന് പകരം കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും ആവശ്യമായ മുന്‍കരുതലെടുക്കുകയുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തി ശുചിത്വവും വീട്, പരിസരം തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കലുമാണ് പകര്‍ച്ചവ്യാധികള്‍ തടയാന്‍ നാം പ്രധാനമായും ചെയ്യേണ്ടത്. നിപാ വൈറസുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാര്‍ത്തകളില്‍ പലതും അടിസ്ഥാന രഹിതമാണെന്നും പൊതുസമൂഹത്തെ ഭീതിയിലാഴ്ത്തുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംശയ നിവാരണത്തിനും അദ്ദേഹം നേതൃത്വം നല്‍കി. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട്, അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ദുല്‍ഫുഖാറലി സഖാഫി, ബശീര്‍ സഅ്ദി വയനാട്, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, മഅ്ദിന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസര്‍ ടി എ അബ്ദുല്‍ വഹാബ് എരഞ്ഞിമാവ്, സ്വാലിഹ് ഹാജി ചെമ്മങ്കടവ് സംബന്ധിച്ചു.