National
തൂത്തുക്കുടിയില്‍ സ്റ്റര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ പോലീസ് വെടിവെപ്പ്; മരണം പത്തായി

തൂത്തുക്കുടി/ ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വേദാന്തയുടെ സ്റ്റെര്‍ലെറ്റ് കോപ്പര്‍ പ്ലാന്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ പത്ത് പേര്‍ മരിച്ചു. പോലീസ് നടത്തിയ വെടിവെപ്പിലും ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടും. പാരിസ്ഥിതിക മലിനീകരണം ചൂണ്ടിക്കാട്ടി തുറമുഖ നഗരമായ തൂത്തുക്കുടിയിലുള്ള കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്റ്റെര്‍ലെറ്റ് പ്ലാന്റിലേക്ക് നടത്തിയ സമരമാണ് അക്രമാസക്തമായത്. സംഘര്‍ഷത്തിനിടെ കലക്ടറേറ്റിന് നേരെയും അക്രമങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. ഒമ്പത് പേര്‍ മരിച്ചതായി മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി സ്ഥിരീകരിച്ചു.
കോപ്പര്‍ പ്ലാന്റിനെതിരെയുള്ള സമരം നിരോധനാജ്ഞ ലംഘിച്ച് നൂറാം ദിവസവും തുടരുകയായിരുന്നു. സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും സമരക്കാര്‍ പിന്‍വാങ്ങിയില്ല. കലക്ടറേറ്റ് പരിസരം യുദ്ധഭൂമിക്ക് സമാനമായി. പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനത്തിനുള്‍പ്പെടെ സമരക്കാര്‍ തീയിട്ടു. പ്രദേശത്ത് നിന്ന് തീയും പുകയും ഉയര്‍ന്നു. പോലീസുകാര്‍ക്ക് നേരെ കല്ലേറുണ്ടായി. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാതിരുന്നതോടെ പോലീസ് വെടിവെക്കുകയായിരുന്നു. ഇരുപതിനായിരത്തോളം പേര്‍ സമരത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. സാമൂഹിക പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളായി.
പോലീസുകാര്‍ ഉള്‍പ്പെടെ അറുപത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ച സെല്‍വരാജ്, ഗ്ലാഡ്‌സണ്‍, ജയറാം, മണിരാജ്, തമിഴരശന്‍, ശംഖുമുഖന്‍, വെനിസ്റ്റ, ആന്റണി എന്നിവരെ തിരിച്ചറിഞ്ഞു. മധുര, വിരുതുനഗര്‍ എന്നീ അയല്‍ ജില്ലകളില്‍ നിന്ന് പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. പ്രകോപനമില്ലാതെയാണ് പോലീസ് നടപടിയെടുത്തതെന്നാണ് സമരക്കാര്‍ പറയുന്നത്. അക്രമ സംഭവങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
തൂത്തുക്കുടിയിലെ രണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഡി ജി പി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനമായി. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെ ഏകാംഗ കമ്മീഷനായി നിയമിക്കും.
ജനങ്ങളുടെ താത്പര്യം മാനിക്കുന്നുവെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പോലീസുകാരെ ആക്രമിക്കുകയും പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും അക്രമം കലക്ടറേറ്റിലേക്ക് വ്യാപിക്കുകയും ചെയ്തതോടെ സ്ഥിതി നിയന്ത്രിക്കാനായില്ലെന്നും പോലീസ് നടപടി എടുക്കയായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ജനങ്ങള്‍ ശാന്തരാകണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
മരിച്ചവരുടെ അടുത്ത ബന്ധുവിന് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷവും നിസാര പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നഷ്ടപരിഹാരമായി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗത്തിന് അവരുടെ യോഗ്യതയനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി.
വെടിവെപ്പില്‍ പത്ത് പേര്‍ മരിച്ചതോടെ സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രാജിവെക്കണമെന്ന് മുഖ്യപ്രതിപക്ഷമായ ഡി എം കെ ഉള്‍പ്പെടെയുള്ള കക്ഷികള്‍ ആവശ്യപ്പെട്ടു. സംഭവത്തെ ഡി എം കെ വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ അപലപിച്ചു. സമരക്കാര്‍ക്ക് കമല്‍ഹാസനും രജനികാന്തും പിന്തുണ പ്രഖ്യാപിച്ചു.
പ്രക്ഷോഭം എന്തിന്?
1996ലാണ് വേദാന്ത കമ്പനി തൂത്തൂക്കുടിയില്‍ പ്ലാന്റ് ആരംഭിച്ചത്. ചെമ്പ് ശുദ്ധീകരിച്ച് ഇലക്‌ട്രോണിക് സര്‍ക്യൂട്ടുകള്‍ ഇലക്ട്രിക് വയറുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ചെമ്പ് നാരുകള്‍, ചെമ്പ് ഘടകങ്ങള്‍ നിര്‍മിക്കുകയാണ് കമ്പനി പ്രധാനമായും ചെയ്യുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ താത്കാലികമായി പലതവണ പ്ലാന്റ് അടച്ചുപൂട്ടിയിട്ടുണ്ട്. നിര്‍ബന്ധമായി ഉണ്ടാകേണ്ട ലൈസന്‍സ് ഇല്ലാതെയും കമ്പനി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്ലാന്റില്‍ നിന്ന് ഉയരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും അര്‍ബുദം ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാംഘട്ട വികസനത്തിനെതിരെയാണ് ജനകീയ പ്രക്ഷോഭം തുടങ്ങിയത്.