ഉന്നാവോ ഇരയുടെ പിതാവിനെ കേസില്‍ കുടുക്കിയതില്‍ എം എല്‍ എക്കെതിരെ കേസ്

Posted on: May 22, 2018 6:14 am | Last updated: May 22, 2018 at 12:52 am
കുല്‍ദീപ് സിംഗ്
സെങ്കാര്‍ എം എല്‍ എ

ലക്‌നോ: ഉന്നാവോ ബലാത്സംഗ കേസില്‍ അറസ്റ്റിലായ ബി ജെ പിയുടെ എം എല്‍ എ കുല്‍ദീപ് സിംഗ് സെങ്കാറിനെതിരെ, ഇരയുടെ പിതാവിനെ ആയുധക്കേസില്‍ കുടുക്കിയതിന് സി ബി ഐ കേസെടുത്തു. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് പോലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു. സി ബി ഐ കോടതി കഴിഞ്ഞ ദിവസം എം എല്‍ എയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

വ്യാജ സര്‍ക്കാര്‍ രേഖകള്‍ ചമച്ചാണ് പെണ്‍കുട്ടിയുടെ പിതാവിനെ ആയുധക്കേസില്‍ കുടുക്കിയത്. ആയുധ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് ടിങ്കു സിംഗ് എന്നയാളുടെ പരാതി പ്രകാരം ഏപ്രില്‍ മൂന്നിനാണ് പിതാവിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. മഖി പോലീസ് സ്റ്റേഷനിലെ അശോക് സിംഗ് ബധൗരിയ്യ, എസ് ഐ കംത പ്രസാദ് സിംഗ് എന്നിവരാണ് രേഖ ചമച്ചത്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സി ബി ഐയാണ് ഇവരുടെ പങ്ക് കണ്ടെത്തിയത്.

എം എല്‍ എയുമായി ഇരുവരും നിരന്തരം ബന്ധപ്പെട്ടതായി ഫോണ്‍ റെക്കോര്‍ഡ് പരിശോധച്ചതിലൂടെ വ്യക്തമായി. പരാതിക്കാരന്‍ ടിങ്കു സിംഗും എം എല്‍ എയുമായി ബന്ധപ്പെട്ടിരുന്നു. ഈ മാസം 11ന് സെങ്കാറിനെതിരായ ബലാത്സംഗ കുറ്റം സി ബി ഐ സ്ഥിരീകരിച്ചിരുന്നു.

സെങ്കാറും കൂട്ടാളികളും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൂട്ട ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി വിസമ്മതിച്ചതിനെ തുടര്‍ന്ന് ഔദ്യോഗിക വസതിക്ക് മുമ്പില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
കള്ളക്കേസില്‍ കുടുക്കി അറസ്റ്റിലായ പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.