Connect with us

Kerala

തുടര്‍ച്ചയായ ഇന്ധന വില വര്‍ധന സമ്പദ് ഘടനയെ ബാധിക്കും

Published

|

Last Updated

തിരുവനന്തപുരം: തുടര്‍ച്ചയായുള്ള ഇന്ധന വിലവര്‍ധന രാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. തുടര്‍ച്ചയായ വിലവര്‍ധന ഇറക്കുമതി ചെലവ് ഉയര്‍ത്തുകയും കറന്റ്അക്കൗണ്ട് കമ്മി വര്‍ധിപ്പിക്കുകയും ചെയ്യുമെന്നതിനാല്‍ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിക്ക് കൂടുതല്‍ ഡോളര്‍ ചെലവിടേണ്ടതുമൂലം രൂപയുടെ മൂല്യത്തിലും വന്‍ ഇടിവുണ്ടാക്കും. ഇന്ന് അനുഭവപ്പെട്ട രൂപയുടെ മൂല്യമിടിവ് ഇത് പ്രകടമാക്കുന്നുണ്ട്.

കഴിഞ്ഞ ഏതാനും നാളുകളായി 67 രൂപക്കും 67.62 നുമിടയില്‍ തുടര്‍ന്നിരുന്ന രൂപയുടെ മൂല്യം ഇന്നലെ 68 കടന്നിരുന്നു. അതേസമയം, അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റത്തിന്റെ പ്രത്യാഘാതം പെട്രോളിയം ഉത്പന്നങ്ങളുടെ വിലയില്‍ പ്രകടമാകുന്നതിനാല്‍ ഇത് രാജ്യത്തെ പൊതുവില്‍ വിലക്കയറ്റത്തിലേക്കും നാണ്യപ്പെരുപ്പത്തിലേക്കും നയിക്കും.

വിലക്കയറ്റത്തിന് ആനുപാതികമായി നാണ്യപ്പെരുപ്പത്തിന്റെ തോത് ഉയരുമ്പോള്‍ റിസര്‍വ് ബേങ്കിന് വായ്പ നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാകും. ഇത് രാജ്യത്തെ ജനജീവിതം ഏറെ ദുരിതമാക്കും. ഇതോടൊപ്പം രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 90 ഡോളറാകുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിക്ക് 10,500 കോടി ഡോളര്‍ മതിയാകുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, നിലവില്‍ അനുഭവപ്പെടുന്ന വിലക്കയറ്റം മൂലം ഇത് 13,000- 15,500 ഡോളറായി ഉയര്‍ന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ ലോകത്ത് ഏറ്റവും കൂടിയ ഇന്ധന വിലയുള്ള രാജ്യമാണ് ഇന്ത്യ.

ഇതിന് പുറമെ വികസ്വര രാജ്യമായ ഇന്ത്യയില്‍ നിരന്തരമായുണ്ടാകുന്ന ഇന്ധന വില വര്‍ധന വാഹന വ്യവസായത്തെയും പ്രതിസന്ധിയിലേക്ക് നയിക്കും. രാജ്യത്തെ വാഹന വ്യവസായം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന സൂചനകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെയോ അനുബന്ധ ഉത്പന്നങ്ങളെയോ ഏറെ ആശ്രയിക്കുന്ന പെയിന്റ്, ടയര്‍, പ്ലാസ്റ്റിക് വ്യവസായങ്ങളും പ്രതിസന്ധിയിലാകും. സമാനമായി വ്യോമഗതാഗത വ്യവസായത്തിലും ഇതിന്റെ ആഘാതം പ്രകടമാകും.

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ എക്‌സൈസ് തീരുവ കുറക്കുന്ന കാര്യം കേന്ദ്ര പെട്രോളിയം മന്ത്രാലയം പരിഗണിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇന്ധന വിലയില്‍ നിന്ന് പരമാവധി നികുതി പിരിക്കുകയെന്ന രീതിയാണ് സ്വീകരിച്ചുവരുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രതിദിന വില നിര്‍ണയം നടപ്പാക്കുന്നതില്‍ നിന്ന് എണ്ണ ക്കമ്പനികളെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിരുന്നു. ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചിട്ടും എണ്ണ കമ്പനികളില്‍ സമ്മര്‍ദം ചെലുത്തി ആഭ്യന്തര വിപണിയില്‍ 19 ദിവസം എണ്ണ വില വര്‍ധിപ്പിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിച്ച് അധിക ലാഭമെടുക്കുകയാണ്.

അതേസമയം, തുടര്‍ച്ചയായ ഒമ്പതാം ദിവസവും എണ്ണ കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിച്ചപ്പോള്‍ റെക്കോര്‍ഡുകള്‍ തിരുത്തി ഇന്ധന വില നിയന്ത്രണാതീതമായി വീണ്ടും കുതിക്കുകയാണ്. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയും വര്‍ധിച്ച ഇന്നലെ തിരുവനന്തപുരത്ത് പെട്രോളിന് 80.73 രൂപയും ഡീസലിന് 73.65 രൂപയുമായി.

കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രം പെട്രോള്‍, ഡീസല്‍ വിലകളില്‍ രണ്ടര രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ കൊച്ചിയില്‍ പെട്രോളിന് 79.29 രൂപ, ഡീസലിന് 72.22 രൂപ. കണ്ണൂരില്‍ പെട്രോളിന് 79.65 രൂപ, ഡീസലിന് 72.65 രൂപ എന്നിങ്ങനെയാണ് ഇന്നലത്തെ വില. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വില കുറിച്ച ശേഷവും ഇന്ധന വില മുന്നോട്ട് തന്നെ കുതിക്കുന്ന കാഴ്ചയാണ് കാണുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest