യു എസിനും ഗ്വാട്ടിമാലക്കും പിറകെ പരാഗ്വേയും ജറുസലേമില്‍ എംബസി തുറന്നു

Posted on: May 21, 2018 5:28 pm | Last updated: May 21, 2018 at 7:45 pm

ജറുസലേം: അമേരിക്കക്കും ഗ്വാട്ടിമാലക്കും പിറകെ പരാഗ്വേയും ജറുസലേമില്‍ തങ്ങളുടെ എംബസി തുറന്നു. അമേരിക്കയുടേയും ഗ്വാട്ടിമാലയുടേയും എംബസി തുറക്കല്‍ ഏറെ വിവാദമായതിന് പിറകെയാണ് ഗ്വാട്ടിമാലയും സമാനമായ നീക്കം നടത്തിയിരിക്കുന്നത്. പരാഗ്വന്‍ പ്രസിഡന്റ് ഹോരാഷ്യോ കാര്‍ടസാണ് പരാഗ്വേയുടെ എംബസി ഉദ്ഘാടനം ചെയ്തത്. ജറുസലേം ഓഫീസ് പാര്‍ക്കിലെ പുതിയ എംബസിയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പങ്കെടുത്തിരുന്നു.

ചരിത്ര സംഭവമെന്നാണ് എംബസി ഉദ്ഘാടനത്തെ കാര്‍ടസ് വിശേഷിപ്പിച്ചത്. എംബസി തുറക്കലിലൂടെ പരാഗ്വേക്ക് ഇസ്‌റാഈലിനോടുള്ള ആത്മാര്‍ഥമായ സൗഹ്യദവും ഐക്യവും പ്രകടിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്യഷി, സുരക്ഷ, സാങ്കേതികത എന്നീ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മഹത്തരമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത നെതന്യാഹു പറഞ്ഞു.

ഡിസംബറിലാണ് ഇസ്‌റാഈല്‍ ജറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിന് പിറകെ ഈ മാസം 14ന് ടെല്‍ അവീവിലുള്ള യു എസ് എംബസി അമേരിക്ക ജറുസലേമിലേക്ക് മാറ്റിയിരുന്നു. തൊട്ടുപിറകെ ഗ്വാട്ടിമാലയും ഇങ്ങോട്ട് എംബസി മാറ്റി. ഇതിനെതിരെ ഫലസ്തീനികള്‍ അതിര്‍ത്തിയില്‍ നടത്തിയ പ്രതിഷേധ റാലിക്കു നേരെ ഇസ്‌റാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ 62 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ജറുസലേം നഗരം മുഴുവന്‍ തങ്ങളുടെ തലസ്ഥാനമാണെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നത്. എന്നാല്‍ കിഴക്കന്‍ ജറുസലേം തങ്ങളുടെ ഭാവി രാഷ്ട്രത്തിന്റെ തലസ്ഥാനമാണെന്ന് ഫലസ്തീനികളും അവകാശപ്പെട്ടുവരികയാണ്. 1967ലാണ് ഇസ്‌റാഈല്‍ കിഴക്കന്‍ ജറുസലേം കൈവശപ്പെടുത്തിയത്.