‘അച്ഛാദിന്‍’ ആനേ വാലേ ഹേ….. ഇന്ധനവില ഇന്നും കൂട്ടി

Posted on: May 21, 2018 9:16 am | Last updated: May 21, 2018 at 12:02 pm
SHARE

തിരുവനന്തപുരം: ഇന്ധന വില കടിഞ്ഞാണില്ലാതെ കുതിക്കുന്നു. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 80.73 രൂപയും ഡീസലിന് 73.65 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 79.29 ഉം ഡീസലിന് 72. 22 രൂപയുമായി.
കോഴിക്കോട് പെട്രോളിന് 79.66 രൂപയും ഡീസലിന് 72.55 രൂപയിലുമെത്തി. തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്.
വരും ദിവസങ്ങളിലും വില കൂടിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

നിലവില്‍ ലിറ്റര്‍ പെട്രോളില്‍ നിന്ന് നികുതിയായി കേന്ദ്ര സര്‍ക്കാര്‍ 19.48 രൂപയും സംസ്ഥാന സര്‍ക്കാര്‍ 19.89 രൂപയുമാണ് ഈടാക്കുന്നത്. ഡീസലില്‍ ഇത് യഥാക്രമം 15.33 രൂപയും 14.58 രൂപയുമാണ്. ഇന്ധന വില ചരിത്രം കുറിച്ച സാഹചര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ ഉയരുന്ന ജനരോഷം തണുപ്പിക്കാന്‍ എക്‌സൈസ് തീരുവ കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കുമെന്നാണറിയുന്നത്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രാലയവും പെട്രോളിയം മന്ത്രാലയവും കൂടിയാലോചിച്ച ശേഷം ഇത് നടപ്പാക്കാനാണ് തീരുമാനം.

എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു നികുതിയായി ഈടാക്കിയിരുന്നത്. നാല് വര്‍ഷത്തിനിടെ പതിമൂന്ന് തവണയാണ് ഇന്ധന വിലയുടെ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ വിലയുടെ 24.23 ശതമാനവും ഡീസല്‍ വിലയുടെ 20.89 ശതമാനവും നികുതിയായി പിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 23.49 ശതമാനവും ഡീസലിന് 19.81 ശതമാനവുമാണ് നികുതിയിനത്തില്‍ ഈടാക്കുന്നത്.

നിലവില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ പകുതിയോളം കേന്ദ്ര, സസ്ഥാന സര്‍ക്കാറുകളുടെ നികുതികളാണ്. അതേസമയം, ഇറാനുമായുള്ള ആണവക്കരാറില്‍ നിന്ന് അമേരിക്ക പിന്തിരിഞ്ഞത് രാജ്യാന്തര എണ്ണ വിപണിയില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നതിനാല്‍ എണ്ണ ഉത്പാദനം വളരെ കുറഞ്ഞ ഇന്ത്യ ഉള്‍പ്പെടെയുള്ള ഉപഭോക്തൃ രാജ്യങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here