Connect with us

Kerala

നിപ്പാ വൈറസ്: പനി ബാധിച്ചവരെ പരിചരിച്ച നഴ്‌സും മരിച്ചു

Published

|

Last Updated

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് കോഴിക്കോട്ട് ഒരാള്‍ കൂടി മരിച്ചു. പനി ബാധിച്ചവരെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയാണ് മരിച്ചത്. കോഴിക്കോട് ചെമ്പനോട സ്വദേശിനിയാണ് ഇവര്‍. ഇതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം പത്തായി.
മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാതെ ആരോഗ്യവകുപ്പ് സംസ്‌കരിച്ചു. പനി പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമാണ് നടപടി. ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കട ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പനി ബാധിച്ച് മരിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ്.

പനി മരണങ്ങള്‍ക്ക് കാരണം നിപ്പാ വൈറസാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച പൂനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് സ്ഥിരീകരണം. അതേസമയം, സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര്‍ കൂടി ഇന്നലെ മരിച്ചിരുന്നു. കൂട്ടാലിട സ്വദേശി ഇസ്മാഈല്‍, കുളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. തലച്ചോറില്‍ അണുബാധ വര്‍ധിച്ചതാണ് മരണകാരണമെന്നാണ് വിവരം.
ആദ്യ മരണങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ നിന്ന് വളരെ ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇവര്‍.

വവ്വാലുകളില്‍ നിന്നാണ് രോഗം പകരുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഏത് തരം വൈറസാണെന്ന് ഇതുവരെയും സ്ഥിരീകരിച്ചിരുന്നില്ല. ഇന്നലെ പ്രദേശത്ത് പരിശോധന നടത്തിയ വിദഗ്ധ സംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വവ്വാലുകളില്‍ നിന്നാണ് വൈറസ് പകരുന്നതെന്ന് സൂചന ലഭിച്ച സാഹചര്യത്തില്‍ ചങ്ങരോത്ത് പ്രദേശത്ത് കള്ളുചെത്ത് നിരോധിച്ചു. പനി ബാധിച്ച് കൂടുതല്‍ പേര്‍ മരിച്ച സാഹചര്യത്തില്‍ ആരോഗ്യ വിദഗ്ധരുടെ സംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അഭ്യര്‍ഥന പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയാണ് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. ഇവര്‍ ഇന്ന് കോഴിക്കോട് എത്തും.

Latest