അലിവിന്റെ പാഠങ്ങള്‍

'അര്‍റഹ്മാന്‍' എന്ന പദത്തിന്റെ അര്‍ഥമെന്താണ്? ലോകാധിപതിയായ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിച്ച മതാനുസാരിക്കും, അവിശ്വാസിയുള്‍പ്പെടെയുള്ള മറ്റെല്ലാവര്‍ക്കും കാരുണ്യത്തിന്റെയും നന്മയുടെയും കവാടങ്ങള്‍ തുറന്നുകൊടുക്കുന്നവന്‍. അല്ലാഹുവിന്റെ അടിമ മാത്രമായി, അതും അവന്റെ ഔദാര്യങ്ങള്‍ പറ്റി ജീവിക്കുന്ന വിശ്വാസിക്ക് എങ്ങനെയാണ് അലിവിന്റെ സ്വഭാവം തിരസ്‌ക രിക്കാനാവുക?
Posted on: May 21, 2018 6:00 am | Last updated: May 21, 2018 at 12:30 am
SHARE

‘റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തില്‍’- മുസ്‌ലിംകള്‍ നല്ല കാര്യങ്ങള്‍ തുടങ്ങുമ്പോള്‍ ഉച്ചരിക്കുന്നത് ഈ ആശയം വരുന്ന ഐശ്വര്യത്തിന്റെ ഖുര്‍ആന്‍ വചനമാണ്. ആ ആയത്തില്‍ ‘അര്‍റഹ്മാന്‍’ എന്ന പദത്തിന്റെ അര്‍ഥമെന്താണ്? ലോകാധിപതിയായ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിച്ച മതാനുസാരിക്കും, അവിശ്വാസിയുള്‍പ്പെടെയുള്ള മറ്റെല്ലാവര്‍ക്കും കാരുണ്യത്തിന്റെയും നന്മയുടെയും കവാടങ്ങള്‍ തുറന്നുകൊടുക്കുന്നവന്‍.

അവന്റെ അടിമ മാത്രമായി, അതും അവന്റെ ഔദാര്യങ്ങള്‍ പറ്റി ജീവിക്കുന്ന വിശ്വാസിക്ക് എങ്ങനെയാണ് അലിവിന്റെ സ്വഭാവം തിരസ്‌കരിക്കാനാവുക? ആര്‍ദ്രതയുടെ സമീപനങ്ങളെ മറ്റുള്ളവര്‍ക്ക് ഏത് ന്യായത്താലാണ് പകര്‍ന്നു കൊടുക്കാതിരിക്കാനാവുക? അല്ലാഹുവിന്റെ ദൂതര്‍ നബി (സ) കാരുണ്യത്തിന്റെ പ്രകാശമാണ് കര്‍മമണ്ഡലത്തിലും വചനങ്ങളിലും അനുയായി ലോകത്തിന് കൈമാറിയത്. അപ്പോള്‍, വര്‍ഗീകരണത്തിന്റെയും ദേശ- ഭാഷാ വൈജാത്യങ്ങളുടെയും അടിസ്ഥാനത്തില്‍ കരുണയില്ലാത്ത സമീപനം വിശ്വാസിയില്‍ നിന്ന് ദര്‍ശിക്കപ്പെടാവുന്നതല്ല. കാരണം അനുകമ്പാരഹിതമായ ജീവിത പെരുമാറ്റങ്ങള്‍ക്ക് വിരുദ്ധമായ ഒരു സംസ്‌കാരവും തിരുനബി(സ) പകര്‍ന്നു തന്നിട്ടില്ല. വിശുദ്ധഖുര്‍ആന്‍ തന്നെ ആ പവിത്ര വ്യക്തിത്വത്തെ പ്രഖ്യാപിക്കുന്നത് ‘ലോകര്‍ക്ക് മുഴുവന്‍ കാരുണ്യമായല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല’ എന്നാണല്ലോ. അതായത് നബി(സ)യുടെ കര്‍മവും ചിന്തയും സമ്മാനിക്കുന്ന ഒരു ലോകക്രമം കാരുണ്യത്തിന്റെ സമര്‍പ്പണമാണ്.

കാരുണ്യപ്രകാശമായ തിരുനബി(സ)യുടെ ആഹ്വാനമെടുക്കുക. ”കാരുണ്യത്തെ പ്രദാനം ചെയ്യുന്നവര്‍ക്കാണ് അല്ലാഹു കരുണ ചെയ്യുക. നിങ്ങളും (ഭൂമിയിലുള്ളവര്‍ക്ക്) കരുണ ചെയ്യുവിന്‍. എന്നാല്‍ ആകാശാധിപന്‍ നിങ്ങള്‍ക്ക് കരുണ ഒഴുക്കും”. മറ്റൊരു നബി വചനം കൂടി: ”മനുഷ്യരോട് കരുണ ചെയ്യാത്തവന് അല്ലാഹു കരുണ ചെയ്യില്ല” പ്രസ്തുത പ്രമേയത്തെ ഒന്നുകൂടെ സ്ഥിരപ്പെടുത്തുകയാണ് തിരുനബി(സ). ”അല്ലാഹു അവന്റെ അടിമകളില്‍ നിന്ന് കരുണ ചെയ്യുക കാരുണ്യവാന്മാര്‍ക്ക് മാത്രം”. ചുരുക്കത്തില്‍ മതാശയങ്ങളുടെ ഉറവിടങ്ങളായ ഖുര്‍ആനും തിരുസുന്നത്തുമടങ്ങുന്ന ഇസ്‌ലാമിക പ്രമാണങ്ങളെല്ലാം അനുകമ്പയുടെ വലിയ പാഠങ്ങളാണ് പഠിപ്പിക്കുന്നത്.

ഇസ്‌ലാമിന്റെ മുഖമറിയാന്‍ കൃത്യവും അംഗീകൃതവുമായ പ്രമാണങ്ങള്‍ക്കധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പണ്ഡിതരെയും സംഘടനകളെയും സ്ഥാപനങ്ങളെയും അവരുടെ സേവനങ്ങളെയുമാണ് എടുക്കേണ്ടത്. അല്ലാതെ, ആര്‍ദ്രപൂര്‍ണമായ ഇടപെടലുകളിലൂടെ ലോകം ആദരിച്ച സൂഫി പാരമ്പര്യത്തെയും പാരമ്പര്യ പണ്ഡിതരുടെ പ്രബോധന വഴികളെയും വകഞ്ഞുതള്ളി ഉയര്‍ന്നു വന്ന് ഇസ്‌ലാമിക വിലാസത്തില്‍ പ്രവര്‍ത്തിക്കുന്ന പുകപടലങ്ങളെയല്ല. അല്ലാഹു അല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ് നബി(സ) അവിടുത്തെ ദൂതരാണെന്നും വിശ്വസിച്ച് ജീവിക്കുന്നവനാണ് മുസ്‌ലിം. എന്നാല്‍ അവന്‍ വിശ്വസിക്കുന്ന അല്ലാഹു മേല്‍പ്രസ്താവിച്ച വിധം വിശാല കാരുണ്യവാനാണെന്നും അവന്റെ ദൂതന്‍ പ്രപഞ്ചസാകല്യത്തിന് കാരുണ്യമായി നിയോഗിതരായവരാണെന്നും ഗ്രഹിക്കുന്നവര്‍ക്ക് പിന്നെ ദുരാരോപണങ്ങളെ കെട്ടിപ്പിടിച്ചിരിക്കാനാകില്ല.

കാരുണ്യത്തിന്റെ പ്രകാശ ബിന്ദുക്കളായ പണ്ഡിതരായിരുന്നു ഓരോ കാലഘട്ടങ്ങളിലും ഇസ്‌ലാമിക പ്രബോധന വഴികളില്‍ ജീവന്‍ പകര്‍ന്നത്. അത്തരം സേവനങ്ങളുടെയും കാരുണ്യ പ്രവര്‍ത്തനങ്ങളുടെയും കാലോചിതമായ തുടര്‍ച്ചകളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. കാലങ്ങള്‍ മാറി വരുമ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ അളവിലും രീതിയിലും മാറ്റമുണ്ടാകും. അപ്പോള്‍ അതിനനുസൃതമായ വേഗത്തിലും ഔചിത്യത്തിലുമാണ് പരിഹാരവും സേവനവും അര്‍പ്പിക്കപ്പെടുക.

ലോകത്ത് ഇസ്‌ലാമിനെ ആശ്ലേഷിച്ചവരെല്ലാം അതിന്റെ ദാര്‍ശനികമായ സൗന്ദര്യ പ്രമാണമായ ഖുര്‍ആനിലെയും തിരുസുന്നത്തിലെയും തദനുസാരമായി ജീവിച്ച മഹത് വൃക്തികളിലെയും ശാന്തപൂര്‍ണവുമായ സ്പര്‍ശമറിഞ്ഞെത്തിയവരാണ്. അതുകൊണ്ട് ഇസ്‌ലാമിക പ്രബോധകരുടെ കര്‍മശേഷിയും പ്രവര്‍ത്തന ദിശയും വഴിമാറ്റിയൊഴുക്കാനും ഇസ്‌ലാമിന്റെ സൗന്ദര്യത്തെ അന്വേഷിച്ചെത്തുന്നവര്‍ക്ക് മുന്നില്‍ ഭയത്തിന്റെയും ആശങ്കകളുടെയും ഒരു സാങ്കല്‍പിക ഭിത്തി കെട്ടിപ്പൊക്കുക വഴി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിരോധത്തിലാക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നത്.

‘ജനങ്ങളോട് നീ നല്ല സ്വഭാവത്തില്‍ വര്‍ത്തിക്കുക’ ഇതാണ് വിശ്വാസിയുടെ സാമൂഹികമായ ഇടപെടലുകളുടെ പ്രമാണം. ജനങ്ങളോടുള്ള ഇടപഴക്കം സാധ്യമാകണമെങ്കില്‍ അത് കച്ചവട സ്ഥലത്തോ ചടങ്ങുകളിലോ വാഹനമോടിക്കുമ്പോഴോ കലാലയങ്ങളിലോ മറ്റോ ആയിരിക്കും. ജനങ്ങള്‍ എവിടെയുണ്ടോ എപ്പോഴൊക്കെ അവരോട് ഇടപെടുന്നുണ്ടോ അപ്പോഴെല്ലാം നബി(സ്വ)യുടെ കര്‍ശന നിര്‍ദ്ദേശമിതാണ്. ”ജനങ്ങളോട് സല്‍സ്വഭാവത്തില്‍ പെരുമാറുക”.ഇസ്‌ലാമില്‍ മതം പറയാന്‍ തിരുനബി(സ)ക്കപ്പുറം ആര്‍ക്കാണ് അവകാശവും അര്‍ഹതയും ഉത്തരവാദിത്വവുമുള്ളത്? ഒരു മതപ്രബോധകന് അനിഷേധ്യമായ ആ നേതൃത്വത്തിന്റെ ഉപദേശം ജനങ്ങളോട് നല്ല രീതിയില്‍ ഇടപഴകണമെന്നാണ്. ജനങ്ങള്‍ക്കിഷ്ടമല്ലാത്ത വഴിവിട്ട സ്വഭാവവും സമീപനങ്ങളും പാടില്ലെന്നാണ്. വാക്കു കൊണ്ടും കര്‍മ്മം കൊണ്ടും സമൂഹത്തിന് അസ്വസ്ഥത സമ്മാനിക്കരുതെന്നാണ്.

ചുരുക്കത്തില്‍ മുഴുവന്‍ സാമൂഹിക പ്രശ്‌നങ്ങള്‍ക്കും ഉത്തരവും പരിഹാരവും ഉള്‍വഹിക്കുന്നതാണ് ഇസ്‌ലാം. അത്തരത്തിലുള്ള സൈദ്ധാന്തിക ഭദ്രതയുടെയും ജീവിതയോഗ്യമായ അടിത്തറയുടെയും മാനവിക സുരക്ഷിതത്തിന്റെയും പിന്‍ബലത്തിലാണ് ഇസ്‌ലാം മനുഷ്യനെ അതിന്റെ സ്‌നേഹ ചിറകിന് താഴേക്ക് കീഴൊതുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here