Connect with us

Kerala

അപൂര്‍വ വൈറസ്: കോഴിക്കോട് ഇന്ന് രണ്ട് പേര്‍ കൂടി മരിച്ചു

Published

|

Last Updated

കോഴിക്കോട്: അപൂര്‍വ്വ വൈറസ് പനിബാധമൂലം പനി പിടിച്ച് കോഴിക്കോട് രണ്ട് പേര്‍ കൂടി ഇന്ന് മരിച്ചു. കൊളത്തൂര്‍ സ്വദേി വേലായുധനും കൂട്ടാലിട സ്വദേശി ഇസ്മാഈലുമാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഇതോടെ അപൂര്‍വ്വ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.

വൈറസ് ബാധമൂലം മരണപ്പെട്ടവരിലുള്ള അതേ ലക്ഷണവുമായി കഴിഞ്ഞ പത്ത് ദിവസമായി ഇസ്മാഈല്‍ ചികിത്സക്കെത്തിയിട്ട്. ഒരാഴ്ച മുമ്പാണ് ഇതേ ലക്ഷണങ്ങളുമായി വേലായുധന്‍ ചികിത്സ തേടിയത്. തലച്ചോറില്‍ അണുബാധ മൂര്‍ച്ഛിച്ചതാണ് മരണകാരണം. അതേസമയം വൈറസ് ഏതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. വിദഗ്ധ പരിശോധനക്കായി മണിപ്പാലിലേക്കയച്ച രക്തസാമ്പിളിന്റെ പരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമേ വൈറസ് ഏതാണെന്നും എങ്ങനെയാണ് പടരുന്നതെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ.

അതേസമയം, പേരാമ്പ്രയിലെ പനി മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഐഎംഎ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ചികിത്സാ പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കാനും നിര്‍ദേശമുണ്ട്.

ഞായറാഴ്ച കാലത്ത് മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറസ് സ്റ്റഡീസില്‍നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഏത് തരം വൈറസാണ് മരണത്തിന് കാരണമാക്കിയതെന്ന് തിരിച്ചറിയാനായിട്ടില്ലെന്ന് വിദഗ്ധ സംഘം പറഞ്ഞു. സ്ഥലത്തുനിന്നും ശേഖരിച്ച സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനക്ക് അയക്കുമെന്നും സംഘം പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം പ്രദേശത്തില്ലെന്ന് മെഡിക്കല്‍ സംഘത്തലവന്‍ ഡോ.അരുണ്‍കുമാര്‍ പറഞ്ഞു.

അപൂര്‍വ്വ വൈറസ് പനിബാധമൂലം ചികിത്സയില്‍ കഴിയുന്ന ആറ് പേരുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരാണിവര്‍. 25 പേര്‍ നിരീക്ഷണത്തിലാണ്.

വൈറസ് പനിയെ നേരിടുന്നതിന് ജില്ലയില്‍ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിട്ടുണ്ട് . ജില്ലാ കലക്ടറുടെ നേത്യത്വത്തിലാണ് ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തിക്കുക.

---- facebook comment plugin here -----

Latest