ബൈക്ക് മാറ്റാന്‍ വൈകി; പെട്രോള്‍ പമ്പില്‍ യുവാവിനെ തീ കൊളുത്തികൊല്ലാന്‍ ശ്രമം

Posted on: May 19, 2018 6:51 pm | Last updated: May 19, 2018 at 8:30 pm

തൃശൂര്‍: പെട്രോള്‍ പമ്പില്‍ യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. പൊള്ളലേറ്റ മുപ്ലിയം മാളൂക്കാടന്‍ ദിലീപിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒട്ടേറെ കേസുകളില്‍ പ്രതിയായ ഒന്‍പതിങ്ങല്‍ വട്ടപ്പറമ്പില്‍ വിനീത് എന്ന കരിമണി വിനീത് ആണ് ദിലീപിനെ ആക്രമിച്ചത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങി.

പെട്രോള്‍ അടിച്ച ശേഷം ബൈക്ക് മാറ്റാന്‍ വൈകിയതാണ് വാക് തര്‍ക്കത്തിലും യുവാവിനെ കൊലപ്പെടുത്താനുമുള്ള ശ്രമ്ത്തിലും കലാശിച്ചത്. കൊടകരക്കടുത്ത് കോടാലി ശ്രീദുര്‍ഗ പെട്രോള്‍ പമ്പിലാണ് സംഭവം. പെട്രോളടിക്കാനെത്തിയ ദിലീപിന് രണ്ടായിരം രൂപയുടെ ബാക്കി പത്ത് രൂപാ നോട്ടുകളായാണ് ലഭിച്ചത്. ഇത് എണ്ണിത്തിട്ടപ്പെടുത്താന്‍ സമയമെടുത്തപ്പോള്‍ പിന്നില്‍ ക്യൂ നിന്നിരുന്ന വിനീതുമായി തര്‍ക്കമുണ്ടായി. വിനീത് ഇതിനിടെ കുപ്പിയില്‍ പെട്രോള്‍ വാങ്ങി ദിലീപിന്റെ ദേഹത്തേക്ക് ഒഴിച്ചു ലൈറ്റര്‍ ഉപയോഗിച്ചു കത്തിക്കുകയായിരുന്നു. ബൈക്ക് പൂര്‍ണമായി കത്തിനശിച്ചു.

ബൈക്ക് കത്തുന്നതിനിടെയും ദിലീപിന് നേരെ ആക്രമണമുണ്ടായി. 20 ശതമാനത്തോളം പൊള്ളലേറ്റ ദിലീപ് ഷര്‍ട്ട് വലിച്ചൂരുകയും തൊട്ടടുത്ത തോട്ടിലേക്ക് എടുത്തുചാടുകയുമായിരുന്നു. പെട്രോള്‍ പമ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കത്തുന്ന ബൈക്കില്‍ നിന്ന് പെട്രോള്‍ പമ്പിലേക്കോ മറ്റോ തീ പടര്‍ന്നിരുന്നുവെങ്കില്‍ പെട്രോള്‍ പമ്പ് മുഴുവന്‍ കത്തിയമരുമായിരുന്നു. കരിമണി വിനീതിനെ തേടി പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്തനായില്ല. മുറിവുകളുമായി എത്തിയ ദീലിപ് വസ്ത്രങ്ങളെടുത്ത് പുറത്തേക്ക് പോയതായി മാതാവ് പറഞ്ഞു.