നാണംകെട്ട് പുറത്ത്; യെദ്യൂരപ്പ രാജിവെച്ചു

Posted on: May 19, 2018 9:34 am | Last updated: May 19, 2018 at 7:30 pm

ബെംഗളൂരു: വിശ്വാസവോട്ടെടുപ്പ് വേണ്ടിവന്നില്ല. കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിനുള്ള ബിജെപി സര്‍ക്കാര്‍ രാജിവെച്ചു. വെറും 55 മണിക്കൂര്‍ മാത്രം നീണ്ട ഭരണത്തിന് ശേഷമാണ് യെദ്യൂരപ്പ നാണം കെട്ട് രാജിവെച്ചത്. വിധാന്‍ സൗധയില്‍
വികാര നിര്‍ഭരമായ പ്രസംഗത്തിനൊടുവിലായിരുന്നു രാജി പ്രഖ്യാപനം.

അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞാണ് യെദ്യൂരപ്പ പ്രസംഗം തുടങ്ങിയത്. ആറരക്കോടി ജനങ്ങള്‍ ബിജെപിക്കൊപ്പമാണെ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനേയും ജെഡിഎസിനേയും ജനങ്ങള്‍ തള്ളിക്കളഞ്ഞു. ഇരുകൂട്ടര്‍ക്കും ജനാധിപത്യത്തില്‍ വിശ്വാസമില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചത്. മറ്റ് സംസ്ഥാനങ്ങളെ രീതി തന്നെയാണ് ഇവിടേയും പിന്തുടര്‍ന്നത്. കോണ്‍ഗ്രസിന് ശേഷം ഇരു കൂട്ടരും അവിശുദ്ധകൂട്ടുകെട്ടുണ്ടാക്കിയെന്നും രാജിക്ക് മുമ്പ് യെദ്യൂരപ്പ സഭയില്‍ പറഞ്ഞു.

കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ അവസാന നിമിഷം വരെ ബിജെപി ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗിനേയും പ്രതാപ് ഗൗഡ പാട്ടീലിനേയും കോണ്‍ഗ്രസ് ബെംഗളൂരുവിലെ ഹോട്ടലില്‍ കണ്ടെത്തിയതോടെ ബിജെപിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. എല്ലാ എംഎല്‍എമാരേയും സഭയില്‍ ഹാജരാക്കാന്‍ കോണ്‍ഗ്രസിനും ജെഡിഎസിനും കഴിഞ്ഞു.