Connect with us

Kerala

മാനെ ഉള്‍പ്പടെ ഏഴ് പ്രീമിയര്‍ ലീഗ് താരങ്ങള്‍; ഇംഗ്ലീഷ് കരുത്തോടെ സെനഗല്‍

Published

|

Last Updated

 

സാദിയോ മാനെ

ധക്കര്‍: ലിവര്‍പൂളിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ സാദിയോ മാനെ ഉള്‍പ്പടെ ഏഴ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങളെ ടീമിലുള്‍പ്പെടുത്തിക്കൊണ്ട് ലോകകപ്പിനുള്ള 23 അംഗ സ്‌ക്വാഡിനെ സെനഗല്‍ പ്രഖ്യാപിച്ചു.

കാല്‍മുട്ടിനേറ്റ പരുക്കില്‍ നിന്നും മുക്തനായി വരുന്ന ഡിഫന്‍ഡര്‍ കാര എംബോജിയും സ്‌ക്വാഡിലുണ്ട്. ഇരുപത്തെട്ടുകാരനായ സെന്റര്‍ ബാക്ക് ബെല്‍ജിയം ക്ലബ്ബ് ആന്‍ഡര്‍ലെറ്റിനായി അവസാനം കളിച്ചത് ഡിസംബറിലാണ്. എന്നാല്‍, റിസര്‍വ് താരങ്ങളെ പരിഗണിക്കുന്നതിനുള്ള അവസാന ദിവസത്തിന് മുമ്പ് കാര പൂര്‍ണ ആരോഗ്യവാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോച്ച് അലിയൂ സിസെ. പതിനാറ് വര്‍ഷം മുമ്പ് സെനഗലിനെ ലോകകപ്പില്‍ നയിച്ച താരമാണ് പരിശീല റോളിലുള്ള സിസെ. പരിചയ സമ്പന്നനായ വെറ്ററന്‍ സ്‌ട്രൈക്കര്‍ മൂസ സോവിന് അവസരം നല്‍കിയ സിസെ ക്രിസ്റ്റല്‍പാലസിന്റെ ഫുള്‍ബാക്ക് പാപെ സോറെയെ ഒഴിവാക്കി. മാര്‍ച്ചില്‍ നടന്ന കാറപകടത്തില്‍ പരുക്കേറ്റ പാപെക്ക് ഇനി പഴയ ഫോമില്‍ തിരിച്ചെത്താന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് ഒഴിവാക്കിയത്.

എവര്‍ട്ടന്‍ സ്‌ട്രൈക്കര്‍ ഉമര്‍ നിയാസെക്ക് അന്തിമ സ്‌ക്വാഡില്‍ ഇടം നേടാനായില്ല. ഗ്രൂപ്പ് എച്ചില്‍ പോളണ്ട്, ജപ്പാന്‍, കൊളംബിയ ടീമുകള്‍ക്കൊപ്പമാണ് സെനഗല്‍. ജൂണ്‍ 19ന് പോളണ്ടുമായാണ് ആദ്യ മത്സരം.

സെനഗല്‍ സ്‌ക്വാഡ്:

ഗോള്‍കീപ്പര്‍മാര്‍ – അബ്ദുല ഡിയലോ, ആല്‍ഫ്രഡ് ഗോമിസ്, ഖാദിം ദിയെ.
ഡിഫന്‍ഡര്‍മാര്‍ – ലാമിന്‍ ഗസാമ, സലിയോ സി, കാലിദു കോലിബാലി, കാര എംബോഡി, യൂസഫ് സബാലി, സാലിഫ് സാനെ, മൂസ വോ.
മിഡ്ഫീല്‍ഡര്‍മാര്‍ – ഇഡ്രിസ ഗുയെ, ചികോ കുയറ്റെ, ആല്‍ഫ്രഡ് ദിയെ, ബാദോദിയ, ചീക് എന്‍ഡോയെ, ഇസ്‌മെയ്‌ല സര്‍.
ഫോര്‍വേഡ്‌സ് – കീറ്റ ബാല്‍ഡെ, മാമെ ബിറാം ദിയൂഫ്, മൂസ കോനാറ്റെ, സാദിയോ മാനെ, എംബായെ നിയാംഗ്, ദിയാഫ്ര സഖോ, മൂസ സോ.