Connect with us

National

ഹോട്ടല്‍ മുറിയെടുത്തത് കല്യാണ പാര്‍ട്ടിക്കെന്ന പേരില്‍

Published

|

Last Updated

കോണ്‍ഗ്രസ്, ജെ ഡി എസ്. എം എല്‍ എമാര്‍ ഹൈദരാബാദിലെ ഹോട്ടലിന് മുന്നില്‍

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിന്നുള്ള എം എല്‍ എമാര്‍ക്ക് ഹൈദരാബാദില്‍ മുറി ബുക്ക് ചെയ്തത് കല്യാണ പാര്‍ട്ടിക്കെന്ന് കാണിച്ച്. ബി ജെ പിയുടെ കുതിരക്കച്ചവടം ചെറുക്കാന്‍ എം എല്‍ എമാരെ കേരളത്തിലേക്ക് മാറ്റാനാണ് കോണ്‍ഗ്രസ് നേതൃത്വം ആദ്യം പദ്ധതി തയ്യാറാക്കിയത്. അത് നടക്കാതെ വന്നതോടെ ഹൈദരാബാദായി ലക്ഷ്യം. അതോടെ ഇതിനായുള്ള നടപടികള്‍ തുടങ്ങാന്‍ തെലങ്കാനാ പി സി സി നേതൃത്വത്തിന് പാര്‍ട്ടി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കുകയായിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ കരുക്കള്‍ നീക്കിയ സംസ്ഥാന നേതൃത്വം 10 ദിവസത്തെ താമസത്തിനാണ് സൗകര്യമൊരുക്കിയത്. എന്നാല്‍ സുപ്രീം കോടതി വിധി വന്നതോടെ ആശ്വാസമായെന്ന് ടി പി സി സി നേതാക്കള്‍ പറയുന്നു.

അങ്ങേയറ്റം ശ്രദ്ധയോടെ വേണമായിരുന്നു താമസസ്ഥലം തിരഞ്ഞെടുക്കാനും അവിടെയുള്ള സുരക്ഷ ഒരുക്കാനും. ടി പി സി സി അധ്യക്ഷന്‍ എന്‍ ഉത്തം കുമാറിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുത്ത നേതാക്കളെ മാത്രമേ വിശദാംശങ്ങള്‍ അറിയിച്ചിരുന്നുള്ളൂ. നൂറിലധികം എം എല്‍ എമാര്‍ വരുന്നു, എത്രയും വേഗം ആവശ്യമായ ഒരുക്കങ്ങള്‍ നടത്തുകയെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡില്‍ നിന്ന് ലഭിച്ചത്. ഹൈദരാബാദില്‍ നിന്ന് 300 കീലോമീറ്റര്‍ അകലെയുള്ള മാഞ്ചീരിയയില്‍ യോഗം ചേര്‍ന്ന് ഉടന്‍ നേതാക്കള്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

100 മുറികളും അനുബന്ധ സൗകര്യങ്ങളും അര്‍ധരാത്രി തന്നെ കണ്ടെത്തുക എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് നേതാക്കള്‍ പറഞ്ഞു. പരിസരത്തുള്ള പല റിസോര്‍ട്ടുകളും പരിഗണിച്ചു. പക്ഷേ അവിടെയൊന്നും ഇത്രയും മുറികള്‍ ഒഴിവുണ്ടായിരുന്നില്ല. തുടര്‍ന്നാണ് താജ് കൃഷ്ണ ഹോട്ടലിലേക്ക് മുതിര്‍ന്ന നേതാവിനെ അയച്ചത്. വിവാഹ പാര്‍ട്ടിക്കെന്ന് പറഞ്ഞ് മുറി ബുക്ക് ചെയ്തു. 12 ലക്ഷം രൂപ അഡ്വാന്‍സ് അടക്കുകയും ചെയ്തു- പേര് വെളിപ്പെടുത്താത്ത കോണ്‍ഗ്രസ് നേതാവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. താമസ സൗകര്യം ഉറപ്പ് വരുത്തിയതോടെ, മുതിര്‍ന്ന നേതാക്കളായ എ മഹേശ്വര്‍ റെഡ്ഢി, ടി ജയപ്രകാശ് റെഡ്ഢി എന്നിവര്‍ കര്‍ണാടകയില്‍ നിന്നുള്ള എം എല്‍ എമാരെ സ്വീകരിക്കാന്‍ ജാഡ്‌ചെര്‍ലയിലേക്ക് പോയി. നാല് ബസുകളിലാണ് എം എല്‍ എമാര്‍ എത്തിയത്. ബസുകള്‍ എത്തിയതോടെ താജ് കൃഷ്ണയില്‍ ഹോട്ടല്‍ മാനേജര്‍മാര്‍ പരിഭ്രാന്തരായെന്ന് മറ്റൊരു നേതാവ് പറഞ്ഞു. കല്യാണ പാര്‍ട്ടിയല്ല വി വി ഐ പി കളാണ് അതിഥികളെന്ന് അപ്പോഴാണ് അവര്‍ അറിയുന്നത്. എം എല്‍ എമാര്‍ക്കും നേതാക്കള്‍ക്കും സുരക്ഷയൊരുക്കാന്‍ സാധിക്കുമോയെന്നായിരുന്നു ഹോട്ടലുടമയുടെ ആധി. എല്ലാം ഞങ്ങളേറ്റുവെന്ന് നേതാക്കള്‍ ഉറപ്പ് പറഞ്ഞതോടെയാണത്രേ ഹോട്ടലുടമ വഴങ്ങിയത്.