വില്ലേജ് ഓഫീസുകളുടെ മുഖംമാറുന്നു; 50 വില്ലേജുകള്‍ സ്മാര്‍ട്ട് ആകും

Posted on: May 19, 2018 6:08 am | Last updated: May 18, 2018 at 11:24 pm

തിരുവനന്തപുരം: സംസ്ഥാനത്തെ 50 വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് ആകുന്നു. സേവനങ്ങള്‍ വിരല്‍തുമ്പിലെത്തിക്കുന്നതിനൊപ്പം ഓഫീസ് സംവിധാനം അടിമുടി മാറും വിധമാണ് ക്രമീകരണം. ഒപ്പം നൂറ് വില്ലേജ് ഓഫീസുകളില്‍ ഒരു മുറി അധികം പണിയാനും 80 വില്ലേജ് ഓഫീസുകള്‍ക്ക് ചുറ്റുമതില്‍ പണിയാനും ഭരണാനുമതി നല്‍കി. വില്ലേജുകള്‍ സ്മാര്‍ട്ട് ആക്കുന്നതിന് 44 ലക്ഷം രൂപ വീതവും അഡീഷനല്‍ മുറി പണിയുന്നതിന് പത്ത് ലക്ഷവും ചുറ്റുമതിലും നവീകരണവും നടത്താന്‍ അഞ്ച് ലക്ഷം രൂപ വരെയുമാണ് അനുവദിക്കുക.

സ്മാര്‍ട്ട് വില്ലേജിനായി ആവശ്യമുള്ള സ്ഥലങ്ങളില്‍ പുതിയ കെട്ടിടം നിര്‍മിക്കും. നിലവില്‍ ഭൂമിയുള്ള സ്ഥലങ്ങളില്‍ ഉടന്‍ നിര്‍മാണം ആരംഭിക്കും. മറ്റിടങ്ങളില്‍ റവന്യൂപുറമ്പോക്ക് ഭൂമിയിലാകും നിര്‍മാണം. ഇരിപ്പിടം, ശുദ്ധജലം, ശുചിമുറി തുടങ്ങിയ സംവിധാനങ്ങളെല്ലാം സ്മാര്‍ട്ട് വില്ലേജിലുണ്ടാകും. ബേങ്കുകളുടെ മാതൃകയിലായിരിക്കും പ്രവര്‍ത്തനം. ജീവനക്കാര്‍ക്ക് പ്രത്യേക ക്യാബിന്‍ സംവിധാനത്തിനൊപ്പം സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള ക്രമീകരണവുമൊരുക്കും.

തിരുവനന്തപുരം ജില്ലയിലെ പരശുവയ്ക്കല്‍, കരുപ്പൂര്‍, നേമം, നഗരൂര്‍. കൊല്ലത്ത് നിന്ന് ശൂരനാട് വടക്ക്, ഇടമണ്‍, വെളിയം, വെളിനല്ലൂര്‍, തലവൂര്‍ പത്തനംതിട്ടയിലെ ഇരവിപേരൂര്‍, അയിരൂര്‍, ഏനാത്ത്് എന്നിവയാണ് സ്മാര്‍ട്ട് വില്ലേജിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മറ്റുജില്ലകളില്‍ നിന്ന് സ്മാര്‍ട്ട് ആക്കാന്‍ തിരഞ്ഞെടുത്ത വില്ലേജുകള്‍. കോട്ടയം: വെള്ളൂര്‍, എരുമേലി വടക്ക്്, ഓണംതുരുത്ത്, ഇടുക്കി: ഇരട്ടയാര്‍, കാഞ്ചിയാര്‍, കാരിക്കോട്, എറണാകുളം: കാക്കനാട്, ആലുവ ഈസ്റ്റ്, തോപ്പുംപടി, പോത്താനിക്കാട്. തൃശൂര്‍: പാണഞ്ചേരി, കടങ്ങോട്, മടത്തുംപടി, തളിക്കുളം, ഗുരുവായൂര്‍. പാലക്കാട്: ശ്രീകൃഷ്ണപുരം രണ്ട്, വെള്ളിനേഴി, വിളയൂര്‍. മലപ്പുറം: മലപ്പുറം, വെട്ടം, പുറത്തൂര്‍, വഴിക്കടവ്്. കോഴിക്കോട്: തിക്കൊടി, കട്ടിപ്പാറ, ചങ്ങരോത്ത്്, വയനാട്: മാനന്തവാടി, മുട്ടില്‍ നോര്‍ത്ത്്. കണ്ണൂര്‍:ചെങ്ങളായി, പടുവിലായി, കല്യാശേരി, മക്രേരി. കാസര്‍കോട്: ചിത്താരി, പരപ്പ, ചെറുവത്തൂര്‍, ഹൊസബെട്ടു തുടങ്ങിയവയാണ് സ്മാര്‍ട്ടാകുക. ആലപ്പുഴ ജില്ലയിലെ മൂന്നു സ്മാര്‍ട്ട് വില്ലേജുകള്‍ ഏതൊക്കെയെന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കും.

നേരത്തെ 34 വില്ലേജുകള്‍ സ്മാര്‍ട്ട് ആക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പണം തികയാത്തതിനാല്‍ പ്രവര്‍ത്തനം പൂര്‍ത്തിയായിരുന്നില്ല. ഈ വര്‍ഷത്തെ പദ്ധതി തുകയില്‍ പെടുത്തി 80 വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ നവീകരിച്ച് ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. തീരെ സൗകര്യമില്ലാത്ത 100 വില്ലേജ് ഓഫീസുകളില്‍ കൂടുതല്‍ മുറികള്‍ നിര്‍മിക്കും. ഇതിനായി പത്ത് ലക്ഷം രൂപ വീതം നല്‍കും. ചുറ്റുമതില്‍ ഇല്ലാത്ത വില്ലേജ് ഓഫീസുകള്‍ക്കു മതിലും ഗേറ്റും നിര്‍മിക്കുന്നതിന് അഞ്ച് ലക്ഷം രൂപ വരെ നല്‍കും.

തിരുവനന്തപുരത്ത് ഒന്‍പതും കൊല്ലത്ത് എട്ടും വില്ലേജുകളില്‍ ഒരു മുറി അധികം നിര്‍മ്മിക്കും. പത്തനംതിട്ട-3, ആലപ്പുഴ-5, കോട്ടയം-7, ഇടുക്കി-6, എറണാകുളം-6, തൃശൂര്‍-9, പാലക്കാട്- 9, കോഴിക്കോട്-6, മലപ്പുറം-7, വയനാട്-4, കണ്ണൂര്‍-13, കാസര്‍കോഡ്-8 വില്ലേജുകളിലും അഡീഷനല്‍ മുറി നിര്‍മിക്കും.