Connect with us

Articles

കൊമേഴ്‌സിന്റെ വഴിയില്‍ കാലത്തിനൊപ്പം നടക്കാം

Published

|

Last Updated

പ്ലസ്ടുവിന് ശേഷം എന്‍ജിനീയറിംഗ്, അല്ലെങ്കില്‍ മെഡിസിന്‍ എന്നതു മാത്രമായിരുന്നു കുറച്ചു കാലം മുമ്പു വരെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സ്വപ്‌നം. സാങ്കേതിക മേഖലയുടെ വ്യതിയാനവും വാണിജ്യ മേഖലയിലെ കുതിച്ചുചാട്ടവും കൊമേഴ്‌സ് വിദ്യാഭ്യാസത്തിന് പുതിയ മാനം നല്‍കിയിരിക്കുന്നു. കഴിവും പ്രാപ്തിയുമുള്ള വാണിജ്യ ബിരുദധാരികളെ മാര്‍ക്കറ്റ് അന്വേഷിച്ചു നടക്കുന്നു. ഫിനാന്‍സ് മേഖലയില്‍ അനുദിനമല്ല, ഓരോ മണിക്കൂറിലും വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. സാമ്പത്തിക മേഖലയിലെ ഈ കയറ്റിറക്കങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് പ്രാപ്തരായവര്‍ക്ക് നല്ല ശമ്പളവും ഏറെ അവസരങ്ങളുമാണ് കൊമേഴ്‌സ് വിദ്യാഭ്യാസം വഴി ഒരുങ്ങുന്നത്.

കൊമേഴ്‌സ് എന്നാല്‍ ബേങ്കിംഗ് ആയിരുന്നു ഏതൊരാളുടെയും മുന്നില്‍ പ്രഥമമായി തെളിയുന്നത്. എന്നാല്‍, സാങ്കേതിക വിദ്യകള്‍ കൂടുതല്‍ പ്രയോഗത്തിലായതോടെ മെഡിക്കല്‍, ബിസിനസ്, നിയമം, കോര്‍പറേറ്റ് ഉത്പാദന- നിര്‍മാണ- വിതരണ മേഖലകളിലും കൊമേഴ്‌സ് ബിരുദധാരികള്‍ക്ക് ഏറെ പ്രാധാന്യവും അവസരങ്ങളുമാണ് ഉണ്ടായത്. വ്യവസായ രംഗത്തും കച്ചവട മേഖലകളിലും ഇതിനുള്ള പ്രാധാന്യം ഏടുത്തുപറയേണ്ടതില്ല.

കൊമേഴ്‌സ് ഉപരിപഠനത്തിനെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്ന കാഴ്ചയാണ് മുന്നിലുള്ളത്. ഈ പഠനത്തോടൊപ്പം ഐ ടി രംഗത്തെ പുത്തന്‍ പ്രവണതകള്‍ കൂടി സ്വായത്തമാക്കിയാല്‍ അമ്പരപ്പിക്കുന്ന ശമ്പളപാക്കേജാകും ലഭിക്കുക. സ്വന്തമായി ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കമിടാനും ഇക്കൂട്ടര്‍ക്ക് ഏറെ എളുപ്പമാകും. പ്ലസ്ടു പഠനത്തിന് ശേഷം ഭൂരിഭാഗം പേരും തിരഞ്ഞെടുക്കുന്ന കൊമേഴ്‌സ് കോഴ്‌സാണ് ബി കോം. ഇത് കൂടാതെ ബി ബി എ, ബി ബി എം, കമ്പനി സെക്രട്ടറി, ചാര്‍ട്ടേഡ് അക്കൗണ്ടിംഗ്, സി എഫ് എ എന്നീ കോഴ്‌സുകള്‍ക്കും വലിയ പ്രാധാന്യമുണ്ട്.

ബേങ്കിംഗും കച്ചവട സ്ഥാപനങ്ങളും

കൊമേഴ്‌സ് പഠനത്തിന്റെ ഭൂരിഭാഗവും ബേങ്കിംഗ് രംഗവും സാമ്പത്തിക കൈകാര്യവുമാണ് പഠിപ്പിക്കുന്നത്. ബേങ്കിംഗ് രംഗത്തെ ജോലികള്‍ക്ക് കൊമേഴ്‌സ് ബിരുദധാരികള്‍ക്ക് പരിഗണന ലഭിക്കുന്നത് ഇതിനാലാണ്. ന്യൂജന്‍ ബേങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ധാരാളമായുള്ള ഇന്ത്യയില്‍ ഏറെ തൊഴിലവസരങ്ങളാണ് മുന്നിലുള്ളത്. നിക്ഷേപ രംഗവും വാണിജ്യ ബേങ്കിംഗും വളരെ വേഗം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്നു. ഇന്‍ഷ്വറന്‍സ് മേഖലയിലെ സ്വകാര്യവത്കരണം, വര്‍ധിച്ചുവരുന്ന വിദേശ നിക്ഷേപങ്ങള്‍, കോര്‍പറേറ്റ്‌വത്കരണം ഇവയിലെല്ലാം കൊമേഴ്‌സ് ബിരുദധാരികള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. അതിനാല്‍ തന്നെ എന്‍ജിനീയറിംഗ് മെഡിക്കല്‍ ബിരുദധാരികള്‍ പോലും ഈ മേഖലയിലേക്ക് ചുവട് മാറുന്ന കാഴ്ചയാണുള്ളത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ബേങ്ക് ശാഖകള്‍ ഉള്ള നാടാണ് ഇന്ത്യ. 1.3 ലക്ഷത്തിലധികം ബേങ്കിംഗ് ശാഖകള്‍. ഇതില്‍ പതിനായിരത്തോളം പൊതുമേഖലയിലാണ്.

ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി(സി എ)

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എന്ന സ്ഥാപനം ആണ് ഈ കോഴ്‌സ് നടത്തുന്നത്. ഈ കോഴ്‌സ് പഠിക്കാന്‍ ഏതെങ്കിലും കോളജില്‍ ചേരണമെന്നില്ല. ഇന്റര്‍മീഡിയറ്റ് ആന്‍ഡ് ഫൈനല്‍ എന്നീ രണ്ട് ഭാഗങ്ങളിലായാണ് ഇത് നടത്തുന്നത്. പ്ലസ്ടു കഴിഞ്ഞ് ഐ സി എ ഐ നടത്തുന്ന കോമണ്‍ പ്രൊഫിഷ്യന്‍സി പരീക്ഷ പാസാകുന്നവര്‍ക്ക് ഇതിന് എന്റോള്‍ ചെയ്യാം. ഇതോടൊപ്പം കൊമേഴ്‌സ് ബിരുദത്തിനും പഠിക്കാവുന്നതാണ്. വാണിജ്യ മേഖലയില്‍ സി എക്കാര്‍ക്ക് പ്രസക്തിയാണുള്ളത്.

കമ്പനി സെക്രട്ടറി

ഐ സി എസ് ഐ(ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ) ആണ് ഈ കോഴ്‌സ് നിയന്ത്രിക്കുന്നത്. പ്ലസ്ടുവിന് ശേഷം ഫൗണ്ടേഷന്‍, എക്‌സിക്യൂട്ടീവ്, പ്രൊഫഷന്‍ എന്നീ മൂന്ന് ഘട്ടങ്ങളിലായി കമ്പനി സെക്രട്ടറിയാകാം. ബിരുദക്കാര്‍ക്ക് എക്‌സിക്യൂട്ടീവ്, പ്രൊഫഷനല്‍ എന്നീ രണ്ട് ഘട്ടങ്ങളിലായി ഇത് കരസ്ഥമാക്കാം. കമ്പനീസ് ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് കമ്പനി സെക്രട്ടറി നിര്‍ബന്ധമാണ്. അതിനാല്‍ ധാരാളം തൊഴിലവസരങ്ങള്‍ മുന്നിലുണ്ട്.

കോസ്റ്റ് അക്കൗണ്ടന്‍സി

ഇത് സി എ പോലുള്ള മറ്റൊരു കോഴ്‌സാണ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയാണ് ഈ കോഴ്‌സ് നടത്തുന്നത്. ഓഡിറ്റിംഗ്, ടാക്‌സ്, അക്കൗണ്ടിംഗ് എന്നിവയെക്കുറിച്ചുള്ള പഠനമാണ് സി എ. എങ്കില്‍ കോസ്റ്റ് അക്കൗണ്ടന്‍സി ധനസമാഹരണം, വിതരണം ഏതൊക്കെ വഴിയില്‍ എന്നിവയും ഏങ്ങനെ സ്ഥാപനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യണമെന്നും നിഷ്‌കര്‍ഷിക്കുന്നു. വലിയ കമ്പനികളില്‍ കോസ്റ്റ് അക്കൗണ്ടന്റ് സേവനം അനിവാര്യമാണ്.

ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സി എഫ് എ)

അമേരിക്കയിലുള്ള സി എഫ് എ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്ന അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ട്ടിഫിക്കേഷനാണിത്. ആഗോള തലത്തില്‍ തന്നെ മൂല്യമുള്ള ഈ കോഴ്‌സ് നിക്ഷേപ സാധ്യതകളും പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റിലും ആണ് ശ്രദ്ധയൂന്നുന്നത്. സി എഫ് എ സര്‍ട്ടിഫിക്കേഷനുള്ള സൗകര്യം ഇന്ന് നമ്മുടെ നാട്ടില്‍ കുറവാണ്.

തൊഴില്‍ സാധ്യതകള്‍ നിരവധി

ബേങ്കിംഗ് മേഖല പോലെ സ്റ്റോക്ക് ബ്രോക്കിംഗിലും ഓഡിറ്റിംഗിലും ബിസിനസ് കണ്‍സള്‍ട്ടന്‍സിയിലും ഇന്ന് കൊമേഴ്‌സ് ബിരുദധാരികള്‍ക്ക് വലിയ ഡിമാന്റുണ്ട്. ഇവരുടെ സഹായവും ഗൈഡന്‍സും കൂടിയേ തീരൂ എന്ന സ്ഥിതി വന്നിരിക്കുന്നു. വന്‍കിട ബിസിനസ് സ്ഥാപനങ്ങളിലും ബേങ്കിംഗ് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിലും സൊസൈറ്റീസ് ആക്ട്, ട്രസ്റ്റ് എന്നിവയനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും ഓഡിറ്റിംഗ് നിര്‍ബന്ധമാണ്. ഇന്‍കംടാക്‌സിന്റെ നൂലാമാലകളില്‍ വ്യക്ത വരുത്തുന്നതിനും സി എക്കാര്‍ അനിവാര്യമായി. സ്റ്റോക് എക്‌സ്‌ചേഞ്ച് രംഗത്തെ തൊഴില്‍ സാധ്യതകളും വലുത് തന്നെയാണ്. ഇവ കൂടാതെ ടാക്‌സ്, വാറ്റ്, സര്‍വീസ് ടാക്‌സ് തുടങ്ങി സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമനങ്ങളിലും കണ്‍സള്‍ട്ടന്‍സി ഇനത്തിലും തൊഴില്‍ സാധ്യത ഇരട്ടിച്ചിട്ടുണ്ട്. ജി എസ് ടി ഏര്‍പ്പെടുത്തിയതോടെ കഴിവുള്ള കൊമേഴ്‌സ് ബിരുദധാരികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്.

കൊമേഴ്‌സ് രംഗത്തും ന്യൂജന്‍

പഴയ കണക്കപ്പിള്ളയുടെ മുഖമല്ല കൊമേഴ്‌സ് മേഖലയിലിന്ന്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കുതിച്ചുചാട്ടം വാണിജ്യ മേഖലയിലുണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങള്‍ കൊമേഴ്‌സ് വിദ്യാഭ്യാസത്തെ പുതിയ തലത്തിലേക്ക് നയിച്ചിട്ടുണ്ട്. നമുക്ക് ചിരപരിചിതമായ ബികോം ബിരുദവുമായി ബന്ധപ്പെട്ട് നൂതന ശാഖകളും രൂപപ്പെട്ടുവന്നിരിക്കുന്നു. ലോജസ്റ്റിക് മാനേജ്‌മെന്റ്, അനലിറ്റിക്‌സ്, ബിസിനസ് ഐ ടി, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി, ഇന്റര്‍നാഷനല്‍ ബിസിനസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഗ്ലോബല്‍ അക്കൗണ്ടിംഗ്, റിസ്‌ക് മാനേജ്‌മെന്റ് തുടങ്ങി വിവിധ സ്‌പെഷ്യലൈസേഷനുകള്‍ ഇന്ന് ലഭ്യമാണ്. കാലത്തോടൊപ്പം നടന്നാല്‍ മാത്രമേ മാറിയ ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ നമ്മുടെ യുവസമൂഹത്തിനാകൂ.
(കേരള സാങ്കേതിക ശാസ്ത്ര സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലറാണ് ലേഖകന്‍)

---- facebook comment plugin here -----

Latest