നല്ല മനുഷ്യനാകാം

നബി(സ) തങ്ങളോടൊരിക്കല്‍ ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, ഞാന്‍ സത്യം വിശ്വസിക്കുകയും സകാത്ത് നല്‍കുകയും റമസാനില്‍ നോമ്പനുഷ്ഠിക്കുകയും റമസാനിലെ നിസ്‌കാരം നിര്‍വഹിക്കുകയും ചെയ്താല്‍ ഞാന്‍ ആരില്‍പ്പെട്ടവനാണാവുക? അവിടുന്ന് മറുപടി പറഞ്ഞു: സിദ്ദീഖീങ്ങളിലും ശുഹദാക്കളിലും. സിദ്ദീഖീങ്ങളിലും ശുഹദാക്കളിലും പെടുക എന്നത് എളുപ്പമല്ല. കാരണം അല്ലാഹുവിന്റെ സാമീപ്യം അത്രമേല്‍ കരസ്ഥമാക്കിയവരാണവര്‍. എന്നാല്‍ റമസാന്‍ അതു നമുക്ക് എളുപ്പമാക്കും.
Posted on: May 19, 2018 6:01 am | Last updated: May 19, 2018 at 8:27 pm

വര്‍ഷത്തിലെ പന്ത്രണ്ടു മാസങ്ങളില്‍ നിന്നുള്ള ഒരു മാസമാണ് റമസാനെങ്കിലും വ്യാപ്തിയും വണ്ണവും അനിര്‍വചനീയമാണ്. റമസാനിനു പ്രാധാന്യം കിട്ടാനുള്ള കാരണങ്ങള്‍ പലതാണ്. ഖുര്‍ആനിന്റെ അവതരണം റമസാനിന് പവിത്രത ലഭിക്കാനുള്ള കാരണങ്ങളിലൊന്നാണ്. വിശ്വാസികള്‍ക്ക് അനിവാര്യമായ കര്‍മമാണ് വ്രതം. എന്നാല്‍ നോമ്പിന്റെ സമയം നിശ്ചയിച്ചപ്പോള്‍ അതിന്റെ കാരണം കൂടി അല്ലാഹു പറയുന്നു: ‘ജനങ്ങള്‍ക്ക് മാര്‍ഗ ദര്‍ശനമായും സന്മാര്‍ഗത്തിനും സത്യാസത്യ വിവേചനത്തിനുമുള്ള തെളിവുകളായും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റമസാന്‍. അതിനാല്‍ അതില്‍ സാന്നിധ്യമുള്ളവര്‍ നോമ്പനുഷ്ഠിക്കട്ടെ’ (അല്‍ബഖറ/185).

ഖുര്‍ആനിന്റെ അവതരണം മനുഷ്യന് സത്യാസത്യങ്ങളെ വേര്‍തിരിച്ചു നല്‍കാനാണ്. ഋജുവായ മാര്‍ഗത്തെ മനുഷ്യ കുലത്തിന് വേര്‍തിരിച്ചു നല്‍കാനിറങ്ങിയ ഖുര്‍ആനിനെ അല്ലാഹു അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്ത മാസം റമസാനും. അല്ലാഹുവിന്റെ വിശുദ്ധ കലാമായ ഖുര്‍ആനിനെ ഏറ്റെടുത്ത മാസമായ റമസാനിന് അല്ലാഹു നല്‍കിയ അംഗീകാരത്തിന്റെ കീരീട ധാരണമാണ് നോമ്പ്. റമസാനിനു ലഭിച്ച അംഗീകാരത്തിന്റെ ഗുണഭോക്താക്കള്‍ വിശ്വാസി ലോകമാണ്. റമസാനിനെത്രമാത്രം പവിത്രതയുണ്ടോ അതിനനുസരിച്ച് വിശ്വാസി ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ മൂല്യവും വര്‍ധിച്ചുകൊണ്ടിരിക്കും. കഅ്ബ്(റ) പറയുന്നു: ”അല്ലാഹു ദിനരാത്രങ്ങളില്‍ നിന്ന് പ്രത്യേക സമയങ്ങളെ പവിത്രമാക്കിയിട്ടുണ്ട്. അവയിലാണവന്‍ നിസ്‌കാരത്തെ നിശ്ചയിച്ചിട്ടുള്ളത്, ദിവസങ്ങളില്‍ നിന്ന് പവിത്രമായ ദിവസം വെള്ളിയാഴ്ചയായി അവന്‍ നിശ്ചയിച്ചു. ഇതുപോലെ മാസങ്ങളില്‍ നിന്ന് അല്ലാഹു തിരഞ്ഞെടുത്ത മാസമാണ് റമസാന്‍. അതില്‍ ഏറ്റവും പവിത്രമായ രാത്രിയാണ് ലൈലത്തുല്‍ ഖദ്ര്‍”.

അഞ്ച് നേരത്തെ നിസ്‌കാരം മുറതെറ്റാതെ നിസ്‌കരിച്ച് ദിവസങ്ങളിലെ ഏറ്റവും പവിത്രമായ സമയങ്ങളെ നമ്മള്‍ മുതലെടുക്കുന്നു. പെരുന്നാള്‍ പോലെ വെള്ളിയാഴ്ചയെ നാം ധന്യമാക്കുന്നു. ഇപ്പോഴിതാ വിശുദ്ധ റമസാന്‍ നമ്മിലേക്ക് സമാഗതമായിരിക്കുന്നു. ഓരോ മൈക്രോ സെക്കന്റുകള്‍ക്കും വിലനിശ്ചയിക്കാന്‍ സാധിക്കാത്തത്ര മൂല്യമുണ്ട് റമസാനില്‍. നൂറ്റാണ്ടുകളോളം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിച്ച മുന്‍ഗാമികളോട് ഞങ്ങള്‍ക്കെങ്ങനെ അല്ലാഹുവിന്റെ മുമ്പില്‍ പ്രതിഫലത്തിന്റെ വിഷയത്തില്‍ സമന്മാരാകാന്‍ സാധിക്കുമെന്ന അനുചരന്മാരുടെ ചോദ്യത്തിന് അശ്‌റഫുല്‍ അല്‍ഖ് ഉത്തരം നല്‍കിയത് ‘റമളാനി’ലൂടെ എന്നായിരുന്നു.

എങ്ങെനെയാണ് റമസാനിനെ ഉപയോഗപ്പെടുത്തേണ്ടത്? പലര്‍ക്കുമത് ഒരുമാസക്കാലം പകല്‍ സമയത്തെ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കലാണ്. സ്ഥിരം ഭക്ഷണം കഴിക്കുന്ന ശരീരത്തിന് ഒരു വിശ്രമം നല്ലതാണ് എന്ന് പഥ്യം പറഞ്ഞ വൈദ്യന്റെ ചികിത്സയാണ് റമസാനിലൂടെ പയറ്റുന്നതെന്ന് തോന്നിപോകും. ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിച്ചു എന്നതിലുപരി റമസാനിന്റെ പവിത്രതയെ മാനിച്ചുകൊണ്ട് പതിവിനു വിപരീതമായി ഇവരെന്തങ്കിലും ചെയ്തു എന്ന് പറയാനാവില്ല. അന്യന്റെ തൊലിയുരിഞ്ഞും ഏഷണി പറഞ്ഞ് ബന്ധങ്ങള്‍ തകര്‍ത്തും അസൂയ മൂത്ത് ജീവിതം തുലച്ചും മുമ്പ് എന്തെല്ലാം ചെയ്‌തോ അതെല്ലാം റമസാനിലും ചെയ്യുന്നു. നിങ്ങളുടെ ഈ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കല്‍ അല്ലാഹുവിന് വേണ്ടാ എന്ന് തിരുനബി പറഞ്ഞു വെച്ചിട്ടുണ്ട്. ജീവിതവിശുദ്ധിയിലൂടെയും ഹൃദയ ശുദ്ധിയിലൂടെയുമാണ് റമസാന്‍ സമ്പന്നമാക്കേണ്ടത്.
ഉയര്‍ച്ചയുടെ പടവുകള്‍ അതിശീഘ്രം ചവിട്ടി കയറാന്‍ അല്ലാഹു സംവിധാനിച്ച വഴിയാണ് റമസാന്‍. വിജയത്തിന് കുറുക്കുവഴിയില്ല എന്നതാണ് തത്വം. പക്ഷെ, റമസാനിനെ ഉപയോഗപ്പെടുത്തുക എന്നത് ആത്യന്തിക വിജയത്തിനുള്ള കുറുക്കുവഴിയാണ്. സിദ്ദീഖീങ്ങളിലും ശുഹദാക്കളിലും പെടുക എന്നത് എളുപ്പമല്ല. കാരണം അല്ലാഹുവിന്റെ സാമീപ്യം അത്രമേല്‍ കരസ്ഥമാക്കിയവരാണവര്‍. എന്നാല്‍ റമസാന്‍ അതു നമുക്ക് എളുപ്പമാക്കും. സിദ്ദീഖീങ്ങളോടും ശുഹദാക്കളോടും ഒപ്പമെത്താന്‍ റമസാനിലെ രാത്രി നിസ്‌കാരങ്ങള്‍ കാരണമാകുന്നു. അശ്‌റഫുല്‍ ഹല്‍ഖ് നബി(സ) തങ്ങളോടൊരിക്കല്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, ഞാന്‍ സത്യം വിശ്വസിക്കുകയും സകാത്ത് നല്‍കുകയും റമസാനില്‍ നോമ്പനുഷ്ഠിക്കുകയും റമസാനിലെ നിസ്‌കാരം നിര്‍വഹിക്കുകയും ചെയ്താല്‍ ഞാന്‍ ആരില്‍പ്പെട്ടവനാണാവുക? അവിടുന്ന് മറുപടി പറഞ്ഞു: സിദ്ദീഖീങ്ങളിലും ശുഹദാക്കളിലും.

അനന്ത പ്രതിഫലത്തിന്റെ ദിനരാത്രങ്ങളാണ് നമുക്ക് മുമ്പിലുള്ളത്. വേണ്ട വിധത്തില്‍ ആദരിക്കണം. വിശ്വാസികളുടെ ജീവിതം പ്രതീക്ഷകളുടെയും ഭയത്തിന്റെയും സമന്വയമാണ്. പ്രതീക്ഷയാണ് ജീവിതത്തിന് തുടര്‍ച്ച നിശ്ചയിക്കുന്നത്. ഒന്നിനെയും പ്രതീക്ഷിക്കാതെയുള്ള ജീവിതം എത്ര നിരര്‍ഥകമായിരിക്കും. റമസാന്‍ വിശ്വാസികള്‍ വര്‍ഷം തോറും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിരുന്നു കാരനാണ്. വിരുന്നുകാരനെ ആദരിക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണ്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ അതിഥികളെ ആദരിച്ചുകൊള്ളട്ടെയെന്ന് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിശ്വാസികള്‍ അവരുടെ ഇഹലോക ജീവിതത്തില്‍ കാത്തിരിക്കുന്ന ഏറ്റവും വലിയ അതിഥിയാണ് റമസാന്‍.

സ്വര്‍ഗ പ്രവേശവും നരക മോചനവുമാണല്ലോ ജീവിത ലക്ഷ്യങ്ങളില്‍ അത്യന്താപേക്ഷിതമായി നമ്മള്‍ അല്ലാഹുവിനോട് അപേക്ഷിക്കാറുള്ളത്. എങ്കിലിതാ. കത്തിയാളുന്ന നരകം തന്റെ രോക്ഷം കടിച്ചമര്‍ത്തുന്ന, സ്വര്‍ഗം സര്‍വവിഭൂഷിതയായി തുറന്നു വെക്കുന്ന സുവര്‍ണ കാലം. അബൂ ഹുറൈറ(റ)യില്‍ നിന്ന് നിവേദനം: തിരുനബി(സ) പറഞ്ഞു: റമസാന്‍ ആഗതമായാല്‍ സ്വര്‍ഗ കവാടങ്ങള്‍ തുറക്കപെടുകയും നരക വാതിലുകള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെടുകയും ചെയ്യും (ബുഖാരി, മുസ്‌ലിം). സ്വര്‍ഗം എന്ന ജീവിതലക്ഷ്യം വളരെ സുഗമമായി കരഗതമാക്കാന്‍ ഒരുമാസം നമ്മിലേക്ക് ആഗതമാകുമ്പോള്‍ അര്‍ഹമായ സ്വീകരണം നല്‍കുന്നില്ലെങ്കില്‍, നമ്മളുദ്ദേശിച്ച ഫലം ലഭിച്ചെന്ന് വരില്ല.

പൂര്‍വികര്‍ വര്‍ഷം മുഴുവന്‍ റമസാനും അനുബന്ധ പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞ് കൂടുമായിരുന്നു. വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ അവരുടെ പ്രാര്‍ഥന ‘അല്ലാഹുവേ, ഞങ്ങളെ നീ റമസാനിലേക്കെത്തിക്കേണമേ’ എന്നായിരുന്നു, റമസാനായാല്‍ അവര്‍ ആരാധനകളിലും സദ്പ്രവര്‍ത്തനങ്ങളിലും മുഴുകുകയും ചെയ്യും. അത് വിടപറഞ്ഞാല്‍ ആറു മാസം റമസാനില്‍ ചെയ്ത അമലുകളെ സ്വീകരിക്കാനുള്ള പ്രാര്‍ഥനകളിലുമായിരുന്നു അവര്‍.

കുട്ടിക്കാലത്തെ റമസാന്‍ ഓര്‍മകള്‍ ഇപ്പോഴും മനസ്സിലുണ്ട്. ഞങ്ങളുടെ കുടുംബത്തില്‍ പാരമ്പര്യമായി തന്നെ എല്ലാ സ്ത്രീകളും വീട്ടില്‍ അടങ്ങി ഒതുങ്ങി കൂടുന്ന ശീലമുള്ളവരാണ്. അതുകൊണ്ട് തന്നെ ഉമ്മയെ കാണാന്‍ ധാരാളം സന്ദര്‍ശകര്‍ വരാറുണ്ട്. റജബ് പിറന്നാല്‍ ഉമ്മ റമസാനിലേക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. സന്ദര്‍ശകരോട് പറയും ”റമസാന്‍ എത്താറായി, പൊരുത്തപെടണം, സ്വീകരിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കണം. കഴിഞ്ഞ റമസാനില്‍ ജീവിച്ചിരുന്ന പലരും നമ്മില്‍ നിന്ന് വിടപറഞ്ഞു അല്ലാഹു അവര്‍ക്ക് സന്തോഷം നല്‍കട്ടെ”. മരിച്ചവര്‍ക്ക് പൊറുത്തുകൊടുക്കാനും ജീവിച്ചിരിക്കുന്നവര്‍ക്ക് ദീര്‍ഘായുസ്സിനും പ്രാര്‍ഥിക്കും. എല്ലാ വിധത്തിലുമുള്ള ബാധ്യതകളും തീര്‍ക്കും. എന്റെ കുട്ടിക്കാല റമസാന്‍ ഓര്‍മയിലെ ചില മധുരിക്കുന്ന സംഭവങ്ങളാണിത്. ഉമ്മ ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്, കാരണം അവരുടെയെല്ലാം മനസ്സിലെ റമസാന്‍ നമുക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നതിനുമപ്പുറമാണ്.

ഹൃദയ വിശുദ്ധി റമസാനില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത കാര്യമാണ്. അഹങ്കാരം, ഉള്‍നാട്യം, പരദൂഷണം ഇങ്ങനെ തുടങ്ങി ഹൃദയത്തെ കാര്‍ന്നു തിന്നുന്ന എല്ലാ തരം രോഗങ്ങളില്‍ നിന്നും പൂര്‍ണമായും അറുതിയായാലേ റമസാനിനെ അതിന്റെ പൂര്‍ണതയോടെ നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കൂ. കാരണം ഹൃദയമാണ് ശരീരത്തിന്റെ ശുദ്ധീകരണ ഫാക്ടറി. ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഒരു തിരുവചനം ഇങ്ങനെയാണ്: ശരീരത്തില്‍ ഒരു മാംസ പിണ്ഡമുണ്ട് അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് നശിച്ചാല്‍ ശരീരം മുഴുവന്‍ നശിച്ചു. അറിയണം അതാണ് ഹൃദയം. എത്രമാത്രം അര്‍ഥപൂര്‍ണമാണ് ഈ പ്രവാചക വചനം. ലോകത്ത് സംഭവിച്ച പല യുദ്ധങ്ങളുടെയും അടിസ്ഥാന കാരണങ്ങള്‍ വളരെ നിസാരമായ കാര്യങ്ങളായിരിക്കും. ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്ന കുടുംബ കലഹങ്ങളുടെയും വിവാഹ മോചനങ്ങളുടെയും അടിസ്ഥാന കാരണങ്ങള്‍ ഹൃദയ വിശാലത ഇല്ലാത്തതാണ്. കാരണം ഹൃദയ വിശാലതയുള്ളവര്‍ക്ക് ജീവിതത്തില്‍ അഡ്ജസ്റ്റു ചെയ്യാന്‍ പ്രയാസമുണ്ടായിരിക്കില്ല. ഇബ്‌നു റജബ് എന്ന പണ്ഡിതന്‍ പറയുന്നു: ശാരീരികമായി ചെയ്യുന്ന സത്കര്‍മങ്ങള്‍ക്കല്ല അല്ലാഹുവിന്റെ അടുക്കല്‍ ശ്രേഷ്ഠത കൂടുതലുള്ളത്. മറിച്ച് ആത്മാര്‍ഥമായി ഹൃദയമറിഞ്ഞ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ്. വിശ്വാസികളുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും പവര്‍‌സ്റ്റേഷന്‍ ഹൃദയമാണ്. ബാഹ്യമായി വിശ്വാസികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലേക്കൊന്നും അല്ലാഹുവിന്റെ നോട്ടമുണ്ടാവുകയില്ല. മറിച്ച് അവന്റെ നോട്ടം ഹൃദയങ്ങളിലേക്കാണ്. മറ്റുള്ളവര്‍ കാണാന്‍ വേണ്ടിയാണ് കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ അതിന് ആത്മാര്‍ഥതയുണ്ടാകില്ല. അല്ലാഹുവിനോട് പാരത്രിക ലോകത്ത് നമ്മള്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ പ്രതിഫലം ആവശ്യപ്പെടുമ്പോള്‍ അവിടെ നിന്ന് മറുപടി വരും നീ ആരു കാണാന്‍ വേണ്ടിയാണോ ചെയ്തത് അവരോട് പോയി ചോദിക്കണം. സംശുദ്ധമായ ഹൃദയമാണ് നല്ല മനുഷ്യനെ രൂപപ്പെടുത്തുന്നത്. ഈ റമസാനിലൂടെ ഒരു നല്ല മനുഷ്യനായി തീരാന്‍ നമുക്ക് സാധിക്കണം. വളരെ നിസാരമായി നമ്മള്‍ തള്ളിക്കളയുന്ന പല കാരണങ്ങള്‍ കൊണ്ടുമായിരിക്കും നമ്മുടെ റമസാന്‍ നമുക്ക് നഷ്ടമാവുക. കൃത്യമായി റമസാനിനെ ഉള്‍കൊള്ളാനും വേണ്ട പരിഗണന നല്‍കി തിരിച്ചയക്കാനും നമുക്ക് സാധിക്കണം.