ഗോവയില്‍ വന്‍ രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്; സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു

Posted on: May 18, 2018 1:57 pm | Last updated: May 18, 2018 at 3:13 pm

ന്യൂഡല്‍ഹി: കര്‍ണാടയിലെ സംഭവവികാസങ്ങളുടെ ചുവടുപിടിച്ച് ഗോവയിലും വന്‍ രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ മൃദുല സിന്‍ഹക്ക് നിവേദനം നല്‍കി. ഗവര്‍ണറുടെ നിലപാട് ഉച്ചക്ക് ശേഷം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗോവയിലും മണിപ്പൂരിലും മേഘാലയയിലും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവകാശം നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എം എല്‍ എമാരോട് ഗവര്‍ണറെ കാണാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടത്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സ തേടി പോയതിനാല്‍ ബി ജെ പിയിലെ നേതൃത്വ പ്രതിസന്ധികൂടി കണക്കിലെടുത്താണ് പുതിയ നീക്കം.

ഗോവ, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍, വലിയ കക്ഷിയെ തഴഞ്ഞ് ബി ജെ പിയെയാണ് ഗവര്‍ണര്‍മാര്‍ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചത്. ഗോവയില്‍ കോണ്‍ഗ്രസിന് 17 അംഗങ്ങളാണുള്ളത്.