കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

Posted on: May 18, 2018 11:55 am | Last updated: May 18, 2018 at 2:22 pm

കോട്ടയം: കടപ്ലാമറ്റം വയല കൊശപ്പള്ളിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേ കൂടല്ലൂര്‍ പുലിക്കുന്ന് മുകളേല്‍ സിനോജ്(42) , ഭാര്യ നിഷ(35) ,മക്കളായ സൂര്യതേജസ്(12), ശിവതേജസ്(ഏഴ്) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം സിനോജ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

സിനോജിന്റെ സുഹ്യത്ത് പലതവണ ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടര്‍ന്ന് ഇയാള്‍ വീട്ടിലേക്ക് നേരിട്ടെത്തിയപ്പോഴാണ സംഭവം പുറംലോകമറിയുന്നത്. മൂത്തമകന്‍ സൂര്യ തേജസിന്റെ മ്യതദേഹം കുളിമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലും നിഷയുടേയും ശിവതേജസിന്റേയും മ്യതദേഹങ്ങള്‍ കട്ടിലിലുമാണ് കണ്ടത്.

സംഭവം നടക്കുമ്പോള്‍ ഇവരുടെ ബന്ധുവും ഭിന്നശേഷിക്കാരനുമായ ഒരു കുട്ടി വീട്ടിലുണ്ടായിരുന്നുവെങ്കിലും രാത്രി നടന്ന സംഭവങ്ങള്‍ അറിഞ്ഞിരുന്നില്ല. ഉന്നത പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സിനോജിനെ ക്യത്യത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് അറിവായിട്ടില്ല.