Connect with us

International

2016ലെ പട്ടാള അട്ടിമറി ശ്രമം: തുര്‍ക്കിയില്‍ 33 വ്യോമസേന ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍

Published

|

Last Updated

ഇസ്താംബൂള്‍: പരാജയപ്പെട്ട സൈനിക അട്ടിമറി ശ്രമത്തില്‍ യു എസ് സ്വദേശിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തുര്‍ക്കി അധികൃതര്‍ വ്യോമസേനയിലെ 33 പേരെ കസ്റ്റഡിയില്‍ എടുത്തു. രാജ്യത്തിന്റെ കോസ്‌മോപൊളിറ്റന്‍ തലസ്ഥാനമായ അങ്കാറ ഉള്‍പ്പെടെ 21 പ്രവിശ്യകളില്‍ നടന്നുവരുന്ന അന്വേഷണങ്ങളുടെ ഭാഗമാണ് കസ്റ്റഡി. 2016 ജൂലൈയില്‍ നടന്ന സൈനിക അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിക്കപ്പെട്ടിട്ടുള്ള 101 വ്യോമസേന ഉദ്യോഗസ്ഥരില്‍ 33 പേരാണ് ഇന്നലെ കസ്റ്റഡിയിലായത്. ഒരു ബ്രിഗേഡിയര്‍ ജനറലും അഞ്ച് കേണല്‍മാരും കസ്റ്റഡിയിലായവരില്‍ ഉള്‍പ്പെടുമെന്ന് ഹുര്‍റിയത്ത് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

പെന്‍സില്‍വാനിയയില്‍ താമസമാക്കിയ തുര്‍ക്കി സ്വദേശി ഫെത്തുല്ല ഗുലാന്‍ ആണ് അട്ടിമറിക്ക് നേതൃത്വം നല്‍കിയിരുന്നത്. ഈ നീക്കത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 1.6 ലക്ഷം പേരെയാണ് ഇതുവരെയായി തുര്‍ക്കി അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. അത്രത്തോളം ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. അര ലക്ഷത്തോളം പേര്‍ കുറ്റം ചുമത്തപ്പെട്ട് വിചാരണാ തടവുകാരായി കഴിയുകയാണ്.