ഇന്ത്യക്കാരിയായ ഫാര്‍മസിസ്റ്റ് ലണ്ടനില്‍ കൊല്ലപ്പെട്ടു

Posted on: May 18, 2018 12:27 am | Last updated: May 18, 2018 at 12:27 am

ലണ്ടന്‍: ഇന്ത്യക്കാരിയായ ഫാര്‍മസിസ്റ്റിനെ വടക്കന്‍ ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജെസീക്ക പട്ടേല്‍ എന്ന 34 കാരിയാണ് കൊല്ലപ്പെട്ടത്.

കൊലപാതകിയെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ലിന്തോര്‍പ് സബര്‍ബിലെ വസതിയിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘം വീട്ടിലെത്തി പരിശോധന നടത്തി. വീടിനോട് ചേര്‍ന്ന് ഭര്‍ത്താവ് മിതേഷുമൊത്ത് മൂന്ന് വര്‍ഷമായി ഫാര്‍മസി നടത്തി വരികയായിരുന്നു ജെസീക്ക പട്ടേല്‍.

ദമ്പതികള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. കൊലപാതകിയെ കണ്ടെത്തുന്നതിന് സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് പോലീസ്.