Connect with us

Kerala

കഴുത്തില്‍ കത്തിവെച്ച് നാലര ലക്ഷം രൂപയും എട്ടര പവന്‍ സ്വര്‍ണവും തട്ടിയെടുത്തു

Published

|

Last Updated

ചാവക്കാട്: പണയ സ്വര്‍ണം എടുത്തു നല്‍കാമെന്ന പത്ര പരസ്യം കണ്ട് ജ്വല്ലറി ഉടമയെ വിളിച്ചു വരുത്തിയ അഞ്ചംഗ സംഘം കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നാലര ലക്ഷം രൂപയും എട്ടര പവന്‍ സ്വര്‍ണവും തട്ടിയെടുത്തു.

ആലപ്പുഴ ചേര്‍ത്തല ഏഴുപുന്ന ഐശ്വര്യ ജ്വല്ലറി ഉടമ പ്രേംജി, ഗോള്‍ഡ് അപ്രൈസര്‍ ബാബു, കാര്‍ ഡ്രൈവര്‍ ബിബിന്‍ എന്നിവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം പണവും സ്വര്‍ണവും കവര്‍ന്നത്. പണയ സ്വര്‍ണം എടുക്കുന്നതിനായി കരുതിയ നാലര ലക്ഷം രൂപയും കാറിലുണ്ടായിരുന്ന സ്വര്‍ണവും ഉള്‍പ്പെടെ സംഘം തട്ടിയെടുത്തു.

ഇവരുടെ കൈയ്യിലുണ്ടായിരുന്ന മോതിരങ്ങളും സംഘം ഊരിയെടുത്തു. ഇന്നലെ വൈകീട്ട് 6.30ഓടെ ചാവക്കാട് ചക്കംക്കണ്ടം റോഡിലെ ആളൊഴിഞ്ഞ ഭാഗത്തു വെച്ചാണ് സംഭവം. പണയത്തിലിരിക്കുന്ന സ്വര്‍ണം എടുത്തു നല്‍കുമെന്ന് പറഞ്ഞ് പ്രേംജി പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഇതിലുണ്ടായിരുന്ന നമ്പറില്‍ ബന്ധപ്പെട്ട സംഘമാണ് ആദ്യം പാവറട്ടിയിലേക്കും പിന്നീട് പഞ്ചാരമുക്കിലേക്കും ഇവരെ വിളിച്ചു വരുത്തിയത്. എന്നാല്‍, പണ്ടം പണയ സ്ഥാപനം വൈകുന്നേരം അടച്ചുവെന്നും സ്ഥാപന ഉടമയുടെ വീട്ടില്‍ പോയാല്‍ സ്വര്‍ണം ലഭിക്കുമെന്നും സംഘം ഇവരോട് പറഞ്ഞു.

ഇതനുസരിച്ച് പ്രേംജിയും സംഘവും തട്ടിപ്പു സംഘമെത്തിയ കാറിനു പിന്നാലെ യാത്ര തിരിച്ചു. ചക്കംക്കണ്ടം ഭാഗത്തെത്തിയപ്പോള്‍ ആളൊഴിഞ്ഞ ഭാഗത്ത് കാര്‍ നിര്‍ത്തി. പിന്നീട് സംഘം പ്രേംജിയുടെയും സംഘത്തിന്റേയും കഴുത്തില്‍ കത്തി വെച്ച് പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു. പ്രേംജി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ ജി സുരേഷ്, എസ് ഐ. കെ ലാല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.