15-ാം ധനകാര്യ കമ്മിഷന്‍ പരിഗണനാ വിഷയങ്ങളിലെ ഭേദഗതി: ധനമന്ത്രിമാര്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കി

Posted on: May 18, 2018 6:05 am | Last updated: May 17, 2018 at 11:39 pm

ന്യൂഡല്‍ഹി: 15-ാം ധനകാര്യ കമ്മിഷന്‍ പരിഗണനാവിഷയങ്ങളില്‍ ഭേദഗതി വേണമെന്നാവശ്യപ്പെട്ട് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഉള്‍പ്പെടെ ആറ് സംസ്ഥാന ധനമന്ത്രിമാര്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് മെമ്മോറാണ്ടം നല്‍കി.

പരിഗണനാ വിഷയങ്ങളിലെ മൂന്ന് പ്രധാന വിഷയങ്ങള്‍ ഭേദഗതി ചെയ്യണമെന്നാണ് മെമ്മോറാണ്ടത്തിലെ ആവശ്യം. സംസ്ഥാനങ്ങളുടെ ധനവിഹിതം കുറക്കുന്നതിന് പ്രേരിപ്പിക്കുന്ന ചില ക്ലോസുകള്‍ ഭേദഗതി ചെയ്യുക, റവന്യൂ കമ്മി നികത്തുന്നതിനുള്ള പ്രത്യേക ഗ്രാന്റ് നിര്‍ത്തലാക്കണമെന്ന നിര്‍ദേശം ഭേദഗതി ചെയ്യുക, വായ്പയെടുക്കുന്നതിനുമേല്‍ എന്തെല്ലാം നിബന്ധനകള്‍ വെക്കാമെന്ന ക്ലോസ് ഭേഗദതി ചെയ്യുക എന്നിവയാണ് ഈ മൂന്ന് വിഷയങ്ങളെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ജനസംഖ്യാ ആനുപാതികമായുള്ള വെയിറ്റേജ് 1970ലെ രീതിയില്‍ തുടരണമെന്നും മന്ത്രിമാരുടെ സംഘം ആവശ്യപ്പെട്ടു. മെമ്മോറാണ്ടത്തിന്മേല്‍ രാഷ്ട്രപതി ഗൗരവത്തിലുള്ള സമീപനമാണ് കൈക്കൊണ്ടതെന്നും ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധനകാര്യ കമ്മിഷനെക്കൊണ്ട് പരിഗണനാ വിഷയങ്ങളില്‍ തിരുത്തലുകള്‍ വരുത്താനുള്ള പൊതുജനാഭിപ്രായം രൂപപ്പെടുത്തിയെടുക്കുന്നതിനായി ആറ് സംസ്ഥാനങ്ങളും ഒന്നിച്ചു ചേര്‍ന്ന് മുന്‍കൈയെടുക്കാന്‍ തീരുമാനിച്ചു.

മറ്റു രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ചചെയ്ത് അടുത്ത മാസം ഡല്‍ഹിയില്‍ വിപുലമായി ദേശീയ സമ്മേളനം വിളിച്ച് ചേര്‍ക്കും. ഡല്‍ഹി സര്‍ക്കാര്‍ ഇതിന് നേതൃത്വം നല്‍കും. മറ്റു സംസ്ഥാന ഭരണാധികാരികളെയും പണ്ഡിതന്മാരെയും രാഷ്ട്രീയ കക്ഷി നേതാക്കളെയും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കും.

നിലവിലെ പരിഗണനാ വിഷയങ്ങള്‍ അതേപടി നടപ്പായാല്‍ സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ അത് ഗുരുതരമായി ബാധിക്കും. ധനകാര്യ കമ്മിഷനും ഇതു സംബന്ധിച്ച് ചില വീണ്ടുവിചാരങ്ങള്‍ വന്നിട്ടുണ്ട്. ധനകാര്യ കമ്മിഷന്‍ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് ഉപദേശം നല്‍കുന്നതിനായി അഡൈ്വസറി കമ്മിറ്റിയെ നിയോഗിച്ചതുതന്നെ ഇക്കാര്യങ്ങളിലെ അവ്യക്തതയാണ് കാണിക്കുന്നതെന്നും ഡോ. തോമസ് ഐസക് പറഞ്ഞു. കേരളത്തിന് പുറമേ പുതുച്ചേരി, ആന്ധ്ര, പശ്ചിമബംഗാള്‍, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലെ ധനമന്ത്രിമാരാണ് സംഘത്തിലുണ്ടായിരുന്നത്.