വ്രത വിശുദ്ധിയില്‍ വിശ്വാസികള്‍; കമ്പോളങ്ങളില്‍ കനത്ത തിരക്ക്

Posted on: May 17, 2018 10:53 pm | Last updated: May 19, 2018 at 8:57 pm
SHARE

ദുബൈ: വിശുദ്ധ റമസാന് മുന്നോടിയായി ഇന്നലെ രാജ്യത്തെ കമ്പോളങ്ങളില്‍ കനത്ത തിരക്ക്. ഇഫ്താറിനുള്ള പഴങ്ങളും പച്ചക്കറികളും മത്സ്യ-മാംസങ്ങളും വാങ്ങാന്‍ നിരവധി പേരാണ് ഇന്നലെ ദുബൈ വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റിലെത്തിയത്. ഈത്തപ്പഴ വിപണിയിലും കനത്ത തിരക്കനുഭവപ്പെട്ടു. ജലാംശം കൂടുതലുള്ള പഴങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്ന് മാര്‍ക്കറ്റിലെ കച്ചവടക്കാരനായ തൃശൂര്‍ ചാമക്കാല സ്വദേശി മജീദ് പറഞ്ഞു. തണ്ണിമത്തന്‍, ഓറഞ്ച്, മുസംബി, ഫിലിപ്പൈന്‍സ് വാഴപ്പഴം, ശമാം, മുന്തിരി തുടങ്ങിയവയാണ് ഇഫ്താറിനായി കൂടുതലും ആളുകള്‍ വാങ്ങുന്നത്. മാമ്പഴത്തില്‍ യമനി, ഇന്ത്യന്‍ അല്‍ഫോണ്‍സ ഇനങ്ങള്‍ക്കാണ് പ്രിയം. 30-35 ദിര്‍ഹം വരെയാണ് പെട്ടിക്ക് വില. ഒരു കിലോക്ക് 15 ദിര്‍ഹം വരെയാണ് മാങ്ങയുടെ വില. നേന്ത്രപ്പഴം-10, മുന്തിരി-15, മുസംബി- 3.50-4, ശമാം- ആറ് ദിര്‍ഹം വരെയാണ് കിലോ വില. ആപ്പിള്‍ കിലോക്ക് എട്ടും ശമാമിന് നാല് ദിര്‍ഹമുമാണ് മാര്‍ക്കറ്റിലെ വില. വില കുറവുള്ളത് തണ്ണിമത്തനാണ്. കിലോക്ക് 2.50 ദിര്‍ഹം. ഓരോന്നായി വില്‍ക്കുന്ന പൈനാപ്പിളിനും ആവശ്യക്കാരേറെയാണ്. ഒരെണ്ണത്തിന് ഏഴ് ദിര്‍ഹമാണ് ഈടാക്കുന്നത്. ഒരു കിലോ മാതളവും ഒരു പാക്കറ്റ് ചെറിയും 15 ദിര്‍ഹമിനാണ് വില്‍ക്കുന്നത്. ചെറുനാരങ്ങയുടെ വില കിലോ ഏഴ് ദിര്‍ഹമാണ്. ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പഴങ്ങളും എത്തുന്നത്. ഇഫ്താറിനായി സ്‌പെയിനില്‍ നിന്ന് വരുന്ന കാക്കപ്പഴവും സ്വദേശികളടക്കമുള്ളവര്‍ വാങ്ങുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. 90 ദിര്‍ഹമാണ് കിലോ വില.

വെള്ളം, മോര് എന്നിവ വാങ്ങാനെത്തിയവരെകൊണ്ട് രാവിലെ മുതല്‍ വിപണിയില്‍ തിരക്കനുഭവപ്പെട്ടു. ഇഫ്താര്‍ ടെന്റുകളിലേക്കും മസ്ജിദുകളിലെ നോമ്പു തുറകളിലേക്കുമാണ് ഇവ കൂടുതലായി കൊണ്ടുപോകുന്നത്. പഴം പച്ചക്കറി, അരി, പയറുവര്‍ഗങ്ങള്‍, മത്സ്യ മാംസാദികള്‍, പാലുല്‍പന്നങ്ങള്‍ എന്നിവയാണ് റമസാനില്‍ കൂടുതല്‍ വിറ്റുപോകുന്നത്. സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ അവശ്യ സാധനങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കുറവേര്‍പെടുത്തിയിട്ടുണ്ട്.

പ്രമുഖ വ്യാപാര കേന്ദ്രങ്ങളായ യൂണിയന്‍ കോപ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫാത്തിമ ഹൈപ്പര്‍ മാര്‍ക്കറ്റ്, കാരിഫോര്‍, ഷാര്‍ജ കോ-ഓപറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളില്‍ നിരവധി പേരാണ് ഇന്നലെ പലവ്യഞ്ജനങ്ങളും മറ്റും വാങ്ങാനെത്തിയത്. കാരിഫോറില്‍ നിന്ന് ഭക്ഷ്യോത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 70 ശതമാനം വരെ വില ലാഭിക്കാം. സ്‌പെഷ്യല്‍ ഫാമിലി പാക്കുകളും ഉത്പന്നങ്ങള്‍ക്ക് പ്രമോഷനുകളും വെച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് രണ്ട് തരത്തിലുള്ള റമസാന്‍ ബാസ്‌ക്കറ്റും കാരിഫോര്‍ ഒരുക്കിയിട്ടുണ്ട്. 100, 200 ദിര്‍ഹമാണ് ഇവയുടെ വില. അരി, ധാന്യങ്ങള്‍, പാചക എണ്ണ, പാസ്ത തുടങ്ങിയവയാണ് നൂറ് ദിര്‍ഹമിന്റെ ബാസ്‌ക്കറ്റില്‍. 200 ദിര്‍ഹമിന്റേതില്‍ ഇവക്ക് പുറമെ പഴം, ജ്യൂസ്, പയറു വര്‍ഗങ്ങളുമുണ്ട്. ലുലുവും 70 ശതമാനം വരെ വിലക്കിഴിവ് ഏര്‍പെടുത്തിയിട്ടുണ്ട്. യൂണിയന്‍ കോ ഓപിലൂടെ 15,000ത്തിലധികം ഉത്പന്നങ്ങള്‍ 75 ശതമാനം വരെ വിലക്കിഴില്‍ ലഭ്യമാകും.

റമസാനില്‍ വിലക്കയറ്റം ഒഴിവാക്കാന്‍ യു എ ഇ ഭരണകൂടം ആഴ്ചകള്‍ക്ക് മുമ്പേ നടപടി തുടങ്ങിയിരുന്നു. അമിത വില ഈടാക്കുന്നുണ്ടോയെന്നും മികച്ച ഉത്പന്നങ്ങളാണോ വില്‍ക്കുന്നതെന്നും അറിയാന്‍ ഇടക്കിടെ പരിശോധനയുമുണ്ടാകും. കമ്പോളത്തില്‍ അധികൃതരുടെ നിരന്തര ഇടപെടല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്.

പകല്‍ 15 മണിക്കൂറോളമാണ് യു എ ഇയില്‍ വ്രതാനുഷ്ഠാനം. ഇന്നലെ രാത്രി വിവിധ മസ്ജിദുകള്‍ തറാവീഹ് നിസ്‌കാരങ്ങള്‍ക്കെത്തിയ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. മലയാളി സംഘടനകളടക്കമുള്ളവയുടെ ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ വ്യാപക ഇഫ്താര്‍ വിരുന്നുകളുമുണ്ടാകും. ഐ സി എഫ്-ആര്‍ എസ് സിയുടെ ആഭിമുഖ്യത്തില്‍ വിവിധയിടങ്ങളില്‍ ഇഫ്താറിനുള്ള സൗകര്യമേര്‍പെടുത്തിയിട്ടുണ്ട്. ദുബൈ മര്‍കസില്‍ എല്ലാ ദിവസവും ഇഫ്താര്‍ സൗകര്യമുണ്ട്. ദിനേന ആയിരത്തോളമാളുകള്‍ക്കുള്ള ഇഫ്താര്‍ സൗകര്യമാണ് ഒരുക്കുന്നത്.

പലയിടത്തും ഇഫ്താര്‍ കൂടാരങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ചൂട് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇഫ്താര്‍ കൂടാരങ്ങളില്‍ ശീതീകരണ യന്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here