Connect with us

Gulf

റമസാന്‍; ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വത്തിന് കര്‍ശന നടപടി; മാലിന്യനീക്കം ഊര്‍ജിതമാക്കും

Published

|

Last Updated

ദുബൈ: റമസാനില്‍ ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ സുരക്ഷിതത്വത്തിനു കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ദുബൈ നഗരസഭ ഭക്ഷ്യ സുരക്ഷാ വിഭാഗം മേധാവി സുല്‍ത്താന്‍ അല്‍ താഹിര്‍ അറിയിച്ചു. ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വെക്കുമ്പോഴും മാനദണ്ഡങ്ങള്‍ പാലിക്കണം. റമസാനില്‍ വലിയ അളവില്‍ ഭക്ഷണം തയാറാക്കാറുണ്ട്. അതുകൊണ്ടു തന്നെ അപകട സാധ്യത കൂടുതലാണ്. ഉപഭോക്താക്കളുടെ സുരക്ഷ ഏറെ പ്രധാനമാണ്. ഭക്ഷ്യ സുരക്ഷ സംബന്ധിച്ചു ഒരു മാസം മുമ്പ് തന്നെ ബോധവല്‍കരണം തുടങ്ങിയിരുന്നു.

സംഭരണ കേന്ദ്രങ്ങളിലും പരമ്പരാഗത അടുക്കളകളിലും ശുചിത്വ ബോധവല്‍കരണം നടത്തിയിട്ടുണ്ട്. റമസാന്‍ അവസാനിക്കുന്നത് വരെ പരിശോധന തുടര്‍ച്ചയായി നടക്കും. റമസാനില്‍ വ്യാപകമായ, പൊതു അടുക്കളകള്‍ക്കും ഇത് ബാധകമാണ്. പാചകം ചെയ്ത ഭക്ഷണം ചൂടാറാതെ സൂക്ഷിക്കേണ്ടതുണ്ട്. അവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ പ്രത്യേക സൗകര്യം ഉള്ളവയാകണം. ഭക്ഷ്യ സംഭരണ കേന്ദ്രങ്ങള്‍ ഉള്‍പ്പടെ 80 കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിട്ടുണ്ട്. അരി, മൈദ, പാനീയങ്ങള്‍ എന്നിങ്ങനെ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ കൃത്യമായ രീതിയില്‍ സൂക്ഷിക്കണം. വിവിധ ഭാഷകളില്‍ മാനദണ്ഡങ്ങള്‍ വിവരിക്കുന്ന ലഘു ലേഖകള്‍ പുറത്തിറക്കി. ചൂടോടെയുള്ളവ 65 ഡിഗ്രി സെല്‍ഷ്യസില്‍ സംരക്ഷിക്കണം. ഇല്ലെങ്കില്‍ വിഷാംശം കയറും. ഇഫ്താറിന് രണ്ടു മണിക്കൂര്‍ മുമ്പ് മാത്രമേ ഭക്ഷണം പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളൂ. റെഫ്രിജറേറ്ററില്‍ സൂക്ഷിക്കേണ്ടവ പ്രത്യേകമായി കാണണം. ഹോട്ടലുകളിലെ റമസാന്‍ കൂടാരങ്ങളില്‍ പരിശോധന തുടരും. രാത്രിയിലും പരിശോധന ഉണ്ടാകുമെന്നും സുല്‍ത്താന്‍ അറിയിച്ചു.

റമസാന്‍ കാലത്തു മാലിന്യ നീക്കത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദുബൈ മുനിസിപ്പാലിറ്റി വേസ്റ്റ് മാനേജ്‌മെന്റ് വകുപ്പ്. അധികൃതര്‍ അറിയിച്ചു. 2200 തൊഴിലാളികളെയാണ് മാലിന്യനീക്കവുമായി ബന്ധപ്പെട്ടു നിയോഗിച്ചിരിക്കുന്നത്. ശുചീകരണ യന്ത്രങ്ങളും കൂടുതലായി ഉപയോഗിക്കും. മാലിന്യം വര്‍ധിക്കാതിരിക്കാനുള്ള ബോധവല്‍ക്കരണ പരിപാടികളും നടത്തും.

ദേശീയപാതകള്‍, ദുബൈ ക്രീക്ക്, ജദ്ദാഫ് ക്രീക്ക്, ബിസിനസ് ബേ കനാല്‍, ദുബൈ വാട്ടര്‍ കനാല്‍, ദേര ഹാര്‍ബര്‍ കനാല്‍, ചുറ്റുമുള്ള മറ്റു മേഖലകള്‍ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കുന്നതു സംബന്ധിച്ചും നടപടികള്‍ സ്വീകരിക്കും. റമസാന്‍ സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വേസ്റ്റ് മാനേജ്‌മെന്റ് വകുപ്പ് ഡയറക്ടര്‍ അബ്ദുല്‍ മജീദ് സിഫായ് അറിയിച്ചു. അല്‍ ഖിസൈസിലെ മാലിന്യ സംസ്‌കരണ കേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തിക്കും.

കെട്ടിടനിര്‍മാണ മാലിന്യങ്ങള്‍ക്കുള്ള അല്‍ ബയദാ കേന്ദ്രം രാവിലെ അഞ്ചുമുതല്‍ വൈകിട്ട് അഞ്ചുവരെയും രാത്രി ഒന്‍പതുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയും പ്രവര്‍ത്തിക്കും. കൂടുതലായി 242 ഗാര്‍ബേജ് ബാസ്‌കറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 12 സൂപ്പര്‍വൈസറി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള നാല് അടിയന്തരഘട്ട സേവന സംഘത്തെയും രൂപീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി ചേര്‍ന്നു ബോധവല്‍ക്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Latest