സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും മുഖ്യമന്ത്രി പദം തുലാസില്‍; ബിജെപി ക്യാമ്പ് ആശങ്കയില്‍

Posted on: May 17, 2018 10:36 am | Last updated: May 17, 2018 at 1:17 pm

ബെംഗളൂരു: കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും യഥാര്‍ത്ഥ വെല്ലുവിളിയെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് ബിജെപി ക്യാമ്പ്. കോണ്‍ഗ്രസ് നല്‍കിയ ഹരജി നാളെ 10.30ന് വീണ്ടും പരിഗണിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണക്കത്തിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശമാണ് ബിജെപിയുടെ നെഞ്ചിടിപ്പേറ്റുന്നത്. പിന്തുണക്കത്തില്‍ വേണ്ടത്ര ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പക്ക് സാധിച്ചില്ലെങ്കില്‍ ഒരു ദിവസം കൊണ്ട് അദ്ദേഹത്തിന് മുഖ്യമന്ത്രി പദം നഷ്ടപെടാനുള്ള സാഹചര്യമൊരുങ്ങാനും സാധ്യതയുണ്ട്. ഹരജി നാളെ പരിഗണനക്ക് വരുന്നു എന്നതുകൊണ്ട് യെദ്യൂരപ്പ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എ മാരെ നാളെക്കുള്ളില്‍ സ്വന്തം പാളയത്തില്‍ എത്തിക്കാം എന്നതിനെ ആശ്രയിച്ചിരിക്കും ബിജെപി സര്‍ക്കാറിന്റെ ഭാവി. ഒരു എംഎല്‍എ പോലും മറുകണ്ടം ചാടില്ലെന്ന ഉറച്ച ആത്മവിശ്വസത്തിലാണ് കോണ്‍ഗ്രസ്- ജെഡിഎസ് പക്ഷം. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസും ജെഡിഎസും നയിക്കുന്നത്. തങ്ങളുടെ 117 എംഎല്‍എമാരും സമരത്തില്‍ പങ്കെടുക്കുന്നതായി കോണ്‍ഗ്രസ്- ജെഡിഎസ് നേതാക്കള്‍ അവകാശപ്പെടുന്നു. അങ്ങനെയെങ്കില്‍ എംഎല്‍എമാരുടെ പിന്തുണക്കത്ത് ഹാജരാക്കുന്നതില്‍ ബിജെപിക്ക് എളുപ്പമാകില്ല.