സ്വന്തം ആവശ്യത്തിനുള്ള 25 കിലോമീറ്റര്‍ പരിധിയിലെ ചരക്ക് നീക്കത്തിന് ഇ- വേ ബില്‍ വേണ്ട

ധന വകുപ്പ് ഉത്തരവിറക്കി
Posted on: May 17, 2018 6:06 am | Last updated: May 17, 2018 at 12:10 am

തിരുവനന്തപുരം: സംസ്ഥാനത്തിനകത്തെ ചരക്ക് നീക്കത്തിനുള്ള ഇ- വേ ബില്‍ നിബന്ധനകളില്‍ വ്യക്തത വരുത്തി ചരക്ക് സേവന നികുതി വകുപ്പിന്റെ പുതിയ ഉത്തരവ്. ഇതനുസരിച്ച് സംസ്ഥാനത്തിനകത്ത് സ്വന്തം ആവശ്യത്തിന് അംഗീകൃത വ്യാപാരിയില്‍ നിന്ന് വാങ്ങുന്ന ചരക്കുകള്‍ 25 കിലോമീറ്റര്‍ പരിധിയിലേക്ക് കൊണ്ടുപോകുന്നതിന് ഇ- വേ ബില്‍ ആവശ്യമില്ല. ഇതിന് ജി എസ് ടി നിയമം വകുപ്പ് 31 പ്രകാരം വ്യാപാരി നല്‍കുന്ന ഇന്‍വോയ്‌സ് മാത്രം മതിയാകും. എന്നാല്‍, കച്ചവട ആവശ്യത്തിനുള്ള ചരക്ക് നീക്കത്തിന് ഇളവ് ബാധകമല്ല. കൂടാതെ അമ്പതിനായിരം രൂപയില്‍ അധികം മൂല്യമുള്ള ചരക്ക് നീക്കമാണെങ്കില്‍ സ്വന്തം ആവശ്യത്തിനാണെങ്കിലും ഇ- വേ ബില്‍ നിര്‍ബന്ധമാണ്.

സംസ്ഥാനത്തിനകത്തെ കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്ന റബ്ബര്‍ ലാറ്റക്‌സ്, റബ്ബര്‍ ഷീറ്റ്, റബ്ബര്‍ സ്‌ക്രാപ്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയും ഇ- വേ ബില്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് കേരള ജി എസ് ടി നിയമം 55 പ്രകാരമൂള്ള ഡെലിവറി ചലാനോ ഇന്‍വോയിസോ ഉപയോഗിക്കാം. സംസ്ഥാനത്തിനകത്ത് വാന്‍ സെയില്‍സ് നടത്തുന്ന രജിസ്റ്റേര്‍ഡ് വ്യാപാരികളെയും ഇ- വേ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജി എസ് ടി റൂള്‍ 56 (18) പ്രകാരമുള്ള രേഖകള്‍ വാനില്‍ സൂക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ സര്‍ക്കുലര്‍ നമ്പര്‍ 3/2018 ല്‍ ലഭ്യമാണ്.