Connect with us

Gulf

വിജന സ്ഥലങ്ങളിലെ അനധികൃത ഫാമുകള്‍ ഇടിച്ചുനിരത്തി

Published

|

Last Updated

റാസ് അല്‍ ഖൈമയില്‍ അനധികൃത ഫാം പൊളിച്ചുനീക്കുന്നു

റാസ് അല്‍ ഖൈമ: ആള്‍പാര്‍പ്പില്ലാത്തതും ഉപേക്ഷിക്കപ്പെട്ടതുമായ 65 ഫാമുകള്‍ റാസ് അല്‍ ഖൈമ നഗരസഭ ഉദ്യോഗസ്ഥരും പോലീസും പിടിച്ചെടുത്ത് ഇടിച്ചു നിരത്തി. എമിറേറ്റിലെ ഇത്തരത്തിലുള്ള 400ഓളം ഫാമുകളും കെട്ടിടങ്ങളും അധികൃതര്‍ കണ്ടുകെട്ടും. അല്‍ മാമുറ, ജുള്‍ഫാര്‍, ദഹന്‍, അല്‍ റിഫ, അല്‍ ജസിറാത് അല്‍ ഹംറ, അവാഫി എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള കൂടുതല്‍ കെട്ടിടങ്ങളും.

റാക് പോലീസുമായി നഗരസഭാ അധികൃതര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അടുത്തിടെ അനധികൃതമായി നിര്‍മിച്ച ഇത്തരം നിരവധി കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയിരുന്നു. ഇതുപോലോത്ത നാനൂറോളം കെട്ടിടങ്ങളാണ് ഇപ്പോള്‍ അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം എമിറേറ്റിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് നടപടി. ആദ്യഘട്ട പരിശോധനയില്‍ 64 ഡെസേര്‍ട് ഫാമുകളും വീടുകളുമാണ് തകര്‍ത്തത്.

എമിറേറ്റില്‍ 620 അനധികൃത കെട്ടിടങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതില്‍ 400 കെട്ടിടങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളതെന്നും റാസ് അല്‍ ഖൈമ നഗരസഭ കെട്ടിട വിഭാഗം എന്‍ജിനിയര്‍ ആഇശ ദര്‍വീശ് പറഞ്ഞു.

വിജന സ്ഥലങ്ങളിലുള്ള ഈ കെട്ടിടങ്ങള്‍ കുറ്റവാളികള്‍ക്ക് ഒളിക്കാനും മയക്കുമരുന്ന് കൈമാറ്റങ്ങളും അടക്കമുള്ള കാര്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തിയേക്കാനും സാധ്യതയുണ്ട്. കൂടാതെ അപകടകാരികളായ ഉരഗ വര്‍ഗത്തില്‍ പെട്ട ജീവികളും മറ്റും ഉണ്ടാകാന്‍ സാധ്യതയുമേറെയാണെന്ന് ആഇശ ദര്‍വീശ് വ്യക്തമാക്കി.

പൊളിച്ച 65 കെട്ടിടങ്ങളിലും റെഡ്‌ലൈന്‍ രേഖപ്പെടുത്തിയതായി റാസ് അല്‍ ഖൈമ കമ്മ്യൂണിറ്റി പോലീസ് ഡയറര്ടര്‍ കേണല്‍ അഹ്മദ് ബിന്‍ ജുമ അറിയിച്ചു.