Connect with us

Ongoing News

കോണ്‍ഗ്രസിന്റെ ഇടര്‍ച്ചകള്‍

Published

|

Last Updated

തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെങ്കിലും കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബി ജെ പി. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ഇനി ഏറെ ദൂരമില്ലെന്നിരിക്കെ വലിയ ഒറ്റക്കക്ഷിയായി ഭൂരിപക്ഷത്തോടടുത്തു എന്നത് അവര്‍ക്ക് വലിയ നേട്ടം തന്നെയാണ്. കര്‍ണാടകയില്‍ മേധാവിത്വം നേടിയെടുത്തത് അടുത്ത് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്ക് അവര്‍ക്ക് ഊര്‍ജമായിരിക്കുന്നു.

ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ കര്‍ണാടകയില്‍ 10 വര്‍ഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ ബി ജെ പി ശക്തമായ പോരാട്ടമാണ് നടത്തിയത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെയും അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും ഈ ഫലം ബാധിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു.

ഹിമാചല്‍പ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, അരുണാചല്‍പ്രദേശ്, ഗോവ, മഹാരാഷ്ട്ര, അസം, മണിപ്പൂര്‍, ത്രിപുര എന്നിവയാണ് ബി ജെ പി ഇപ്പോള്‍ ഒറ്റക്ക് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. എന്‍ ഡി എ ഭരണത്തിലിരിക്കുന്നത് മേഘാലയ, ജമ്മു കാശ്മീര്‍, സിക്കിം, നാഗാലാന്‍ഡ്, ബിഹാര്‍ എന്നിവിടങ്ങളിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ഇനി അധികം ദൂരമില്ല. പഞ്ചാബ്, മിസോറാം, പുതുച്ചേരി എന്നിവിടങ്ങളില്‍ മാത്രമായി കോണ്‍ഗ്രസ് ഭരണം ചുരുങ്ങി.

വടക്കന്‍ കര്‍ണാടകയില്‍ സ്വാധീനമുണ്ടായിരുന്ന ബി ജെ പി തെക്കന്‍ കര്‍ണാടകയും പിടിച്ചെടുക്കുകയായിരുന്നു. നിലവില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ഏറ്റവും വലിയ സംസ്ഥാനമായിരുന്നു കര്‍ണാടക. കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നടപടികളോ പെട്രോള്‍ വിലവര്‍ധനയോ നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതമോ വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. വര്‍ഗീയ ധ്രുവീകരണത്തിലൂടെയും ചരിത്ര വസ്തുതകളുടെ തമസ്‌കരണത്തിലൂടെയും പ്രചാരണ രംഗത്ത് ഓളമുണ്ടാക്കിയ മോദി ഇത്തരം കാര്യങ്ങളെല്ലാം മുറിച്ചുകടക്കുകയായിരുന്നു. കാര്യമായ ഭരണ വിരുദ്ധ വികാരം ഇല്ലാതിരുന്നിട്ടും കോണ്‍ഗ്രസിന് അധികാരത്തുടര്‍ച്ച നേടാന്‍ കഴിയാത്തത് ബി ജെ പിയുടെ കൗശലമാണ് തെളിയിക്കുന്നത്. മോദിയുടെയും അമിത്ഷായുടെയും സാന്നിധ്യത്തിന് പുറമെ യെദ്യൂരപ്പയുടെയും ശ്രീരാമുലുവിന്റെയും വിവധ തരം സ്വാധീനവും കൂടിയാണ് ബി ജെ പിയെ മുന്നോട്ട് നയിച്ചത്.

കര്‍ണാടകയിലെ ആറ് മേഖലകളില്‍ അഞ്ചെണ്ണത്തിലും വ്യക്തമായ മേധാവിത്വമുണ്ടാക്കാന്‍ ബി ജെ പിക്ക് സാധിച്ചു. പരമ്പരാഗത ശക്തി കേന്ദ്രങ്ങളായ മേഖലകളില്‍ പോലും കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാനായില്ല. ജനതാദള്‍- എസിന് മേധാവിത്വമുള്ള പഴയ മൈസൂരു മേഖലയിലും ബി ജെ പി മുന്നേറി. കഴിഞ്ഞ തവണ അഞ്ച് സീറ്റുകള്‍ നേടിയ ബി ജെ പി ഇക്കുറി 18 സീറ്റുകളിലാണ് വിജയിച്ചത്. തീരദേശ മേഖലയിലും ബി ജെ പിക്കാണ് ആധിപത്യം. മുംബൈ- കര്‍ണാടക മേഖലയിലും കോണ്‍ഗ്രസിന് അടിപതറി. 30 സീറ്റുകള്‍ നേടിയാണ് ബി ജെ പി ഇവിടെ കാവിക്കൊടി പാറിച്ചത്. കഴിഞ്ഞ തവണ 16 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഈ മേഖലയിലും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ബെംഗളൂരൂ നഗര മേഖലയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. ഹൈദരാബാദ്- കര്‍ണാടക മേഖലയിലും അവര്‍ക്ക് സ്വാധീനം നിലനിര്‍ത്താന്‍ കഴിഞ്ഞു.

വലിയ പ്രതീക്ഷ വെച്ചിരുന്ന ലിംഗായത്ത് മേഖലയിലും കോണ്‍ഗ്രസിന് സ്വാധീനം നഷ്ടമായി. ലിംഗായത്തുകള്‍ ഒന്നടങ്കം യെദ്യൂരപ്പക്ക് പിന്നാലെ അണിനിരന്നപ്പോള്‍ റെഡ്ഢി സഹോദരന്മാരുടെ സാന്നിധ്യം ബെല്ലാരി മേഖലക്ക് പുറത്തും ബി ജെ പിക്ക് ഗുണം ചെയ്തു. ലിംഗായത്ത് മേഖലയിലെ 36 സീറ്റുകളില്‍ 20 സീറ്റുകളിലും ജയിച്ചു കയറി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ലിംഗായത്ത് നേതാവ് ബി എസ് യെദ്യൂരപ്പയെ തന്നെ ഉയര്‍ത്തിക്കാട്ടിയതാണ് ഇവരുടെ പിന്തുണ നേടാന്‍ ബി ജെ പിക്ക് സാധിച്ചത്. അഴിമതി കേസില്‍ പെട്ട യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ചത് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തിരിച്ചടി സൃഷ്ടിക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. റെഡ്ഢി സഹോദരന്മാര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയതും ഈ നിലയില്‍ കണ്ടിരുന്നു. ലിംഗായത്ത് നേതാവ് യെദ്യൂരപ്പയുടെയും ഗോത്രവിഭാഗം നേതാവ് ബി ശ്രീരാമുലുവിന്റെയും തിരിച്ചുവരവ് എടുത്തുപറയേണ്ടതാണ്. 2012ല്‍ ബി ജെ പി യില്‍ നിന്നും ശ്രീരാമുലു പുറത്ത് പോയതിന് പിന്നാലെ 2013 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് ബി ജെ പി നേരിട്ടത്. അധികാരത്തില്‍ നിന്നും പുറത്താകുകയും ചെയ്തു. ലിംഗായത്തുകള്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ള യെദ്യൂരപ്പ 2013ലെ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളാണ് ബി ജെ പിയെ വെല്ലുവിളിച്ച് നേടിയത്. വടക്കന്‍ കര്‍ണാടക യെദ്യൂരപ്പക്കും ശ്രീരാമുലുവിനും കനത്ത സ്വാധീനമുള്ള മേഖലകളാണ്.

ബി ജെ പിയുടെ വര്‍ഗീയധ്രുവീകരണത്തെയും ഫാസിസ്റ്റ് സമീപനത്തെയും ജാതി സമവാക്യങ്ങളിലൂടെയും കന്നഡ വികാരത്തിലൂടെയും പ്രതിരോധിക്കാന്‍ കഴിയുമെന്ന സിദ്ധരാമയ്യയുടെ ആഗ്രഹം ഫലവത്തായില്ല. സര്‍ക്കാറിന്റെ ജനക്ഷേമപദ്ധതികള്‍ വോട്ടാക്കി മാറ്റാനും കഴിയാതെ പോയി. സിദ്ധരാമയ്യ താരമായി മാറുന്നതാണ് പ്രചാരണത്തിലുടനീളം കണ്ടതെങ്കിലും ഫലത്തില്‍ ഇത് പ്രതിഫലിച്ചില്ല. ന്യൂനപക്ഷങ്ങള്‍, പിന്നാക്ക വിഭാഗക്കാര്‍, ദളിതുകള്‍ ഇതായിരുന്നു കുറുബ സമുദായംഗമായ സിദ്ധരാമയ്യയുടെ വോട്ടുബേങ്ക്. വ്യക്തിപരമായി അദ്ദേഹത്തിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉണ്ടായിരുന്നുമില്ല. മറുവശത്ത് യെദ്യൂരപ്പക്കെതിരെ അഴിമതി കേസുകള്‍ നിലനില്‍ക്കുന്നുമുണ്ട്. ഓരോ ഘട്ടത്തിലും ഓരോ വിഷയവും ഉയര്‍ത്തി കൃത്യമായി അജന്‍ഡ നിശ്ചയിച്ചത് സിദ്ധരാമയ്യയായിരുന്നു. പ്രതികൂല ഘടകങ്ങളെല്ലാം അതിജീവിച്ച് ഭരണം നിലനിര്‍ത്തേണ്ടത് മുഖ്യമന്ത്രി സിദ്ധരാമയ്യയേക്കാളും കോണ്‍ഗ്രസ് നേതൃത്വത്തിനും രാഹുലിനും അനിവാര്യമായിരുന്നു. തീവ്രഹിന്ദുത്വത്തെ നേരിടാന്‍ മൃദുഹിന്ദുത്വമാണ് കോണ്‍ഗ്രസ് തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ പടിക്ക് പുറത്ത് നിര്‍ത്തിയിരുന്ന ബെല്ലാരിയിലെ റെഡ്ഢി സഹോദരന്മാരുമായുള്ള ബി ജെ പിയുടെ ബാന്ധവവും പാര്‍ട്ടിക്ക് കാര്യമായ പോറലേല്‍പ്പിച്ചില്ലയെന്നതാണ് വാസ്തവം. റെഡ്ഢി സഹോദരന്മാരും അനുയായികളുമായ മൂന്ന് പേര്‍ ഈ തിരഞ്ഞെടുപ്പില്‍ ജയിച്ചുകയറുകയും ചെയ്തു.കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ ദളിത് വിരുദ്ധ പരാമര്‍ശങ്ങളും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ പ്രചാരണവും ബി ജെ പിക്ക് തിരിച്ചടിയാവുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. സിദ്ധരാമയ്യയുടെ നീക്കത്തില്‍ ബി ജെ പിക്ക് നല്ല ഭയമുണ്ടായിരുന്നു. അതുകൊണ്ടാണ് ദളിത് കാര്‍ഡുമായി മോദി തന്നെ രംഗത്തെത്തിയത്.

Latest