സലാഹിന്റെ ഫോമില്‍ ഈജിപ്ഷ്യന്‍ പടയൊരുക്കം

Posted on: May 16, 2018 6:03 am | Last updated: May 16, 2018 at 12:05 am

കെയ്‌റോ: ലിവര്‍പൂളിന് വേണ്ടി ഈ സീസണില്‍ മുഹമ്മദ് സലാഹ് പുറത്തെടുത്ത കളിമിടുക്ക് റഷ്യന്‍ ലോകകപ്പിലും അദ്ദേഹം തുടരുമെന്ന് ഈജിപ്ത് കോച്ച് ഹെക്ടര്‍ കൂപ്പറിന്റെ ശുഭപ്രതീക്ഷ.

ഈ സീസണിലെ പ്രീമിയര്‍ ലീഗ്, അഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദ ഇയറാണ് ലിവര്‍പൂളിന്റെ സുവര്‍ണ താരമായ സലാഹ്. 28 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഈജിപ്ത് ഇത്തവണ ലോകകപ്പിന് യോഗ്യത നേടിയിട്ടുള്ളത്. ഈ അവസരം സലാഹിന്റെ മികച്ച ഫോമിന്റെ പിന്‍ബലത്തില്‍ അവിസ്മരണീയമാക്കാമെന്നാണ് കൂപ്പര്‍ കണക്കുകൂട്ടുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരമായ ഗോള്‍ഡന്‍ ബൂട്ട് ലിവര്‍പൂള്‍ സ്‌ട്രൈക്കറായ സലാഹ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. ഈജിപ്ത് ദേശീയ താരമായ സലാഹ് സീസണിലെ 38 മത്സരങ്ങളില്‍ നിന്ന് 32 ഗോളുകള്‍ നേടിയാണ് ഈ ബഹുമതിക്ക് അര്‍ഹനായത്. ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിക്കുന്നതിലും സലാഹ് നിര്‍ണായക പങ്ക് വഹിച്ചു.

ഗോള്‍ഡന്‍ ബൂട്ടിന് പുറമെ ഫുട്‌ബോള്‍ റൈറ്റേഴ്‌സ് പുരസ്‌കാരം, പ്രൊഫഷനല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്‍ (പിഎഫ്എ) പ്ലെയര്‍ ഓഫ് ദ ഇയര്‍, കഴിഞ്ഞ വര്‍ഷത്തെ മികച്ച ആഫ്രിക്കന്‍ ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം എന്നിവയും സലാഹിനെ തേടിയെത്തിയിട്ടുണ്ട്. പ്രീമിയര്‍ ലീഗ് പ്രയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ലിവര്‍പൂള്‍ താരമാണ് സലാഹ്.