Connect with us

Sports

വിറപ്പിച്ച് കീഴടങ്ങി

Published

|

Last Updated

മലാഹൈഡ്: സ്വന്തം മണ്ണില്‍ ചരിത്രമെഴുതാനുള്ള സുവര്‍ണാവസരം ക്രിക്കറ്റിലെ ശിശുവായ അയര്‍ലാന്‍ഡ് നഷ്ടപ്പെടുത്തി. പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ അതിഥികളെ ശരിക്കും വിറപ്പിക്കുകയായിരുന്നു അയര്‍ലാന്‍ഡ്. 160 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാനെ അവസന നിമിഷം വരെ അവര്‍ മുള്‍മുനയില്‍ നിര്‍ത്തി.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ പാക്കിസ്ഥാനെ നാലാം വിക്കറ്റില്‍ ഇമാം ഉള്‍ ഹക്ക്- ബാബര്‍ അസം കൂട്ടുകെട്ട് കരകയറ്റിയില്ലായിരുന്നെങ്കില്‍ അയര്‍ലാന്‍ഡ് ചരിത്രത്തില്‍ ഇടം നേടുമായിരുന്നു. നാലാം വിക്കറ്റില്‍ 126 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിചേര്‍ത്തത്. വിജയം 20 റണ്‍സ് അടുത്ത് എത്തിച്ച ശേഷമാണ് ബാബര്‍ അസം (59) പുറത്താകുന്നത്. ഇമാം ഉള്‍ ഹക്ക് 74 റണ്‍സ് നേടി പുറത്താകാതെ നിന്നു. അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് ദുര്‍ബലരായ അയര്‍ലാന്‍ഡിനെതിരെ പാക്കിസ്ഥാന്‍ വിജയം രുചിച്ചത്. അയര്‍ലാന്‍ഡിന് വേണ്ടി ടിം മുര്‍ട്ഗ രണ്ടും ബോയഡ് റാങ്കിന്‍, സ്റ്റുവര്‍ട് തോംസണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ 319/7 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച അയര്‍ലാന്‍ഡ് 20 റണ്‍സ് കൂടി നേടിയ ശേഷം 339 റണ്‍സിന് ആള്‍ഔട്ട് ആകുകയായിരുന്നു. മുഹമ്മദ് അബ്ബാസ് അഞ്ച് വിക്കറ്റ് നേടി പാക്കിസ്ഥാന്‍ ബൗളര്‍മാരില്‍ തിളങ്ങി. മത്സരത്തില്‍ ഒമ്പത് വിക്കറ്റാണ് അബ്ബാസ് നേടിയത്.

Latest