Connect with us

Kerala

കസ്റ്റഡി മരണമെന്ന് ബന്ധുക്കള്‍; ഉനൈസിന്റെ വീട്ടില്‍ മനുഷ്യാവകാശ കമ്മീഷന്റെ മിന്നല്‍ സന്ദര്‍ശനം

Published

|

Last Updated

തലശ്ശേരി : പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റതിന്‌ശേഷം മരിച്ചതെന്ന് ആരോപിക്കപ്പെടുന്ന ഓട്ടോ ഡ്രൈവര്‍ അരേ ചെങ്കല്‍ ഉനൈസിന്റെ എടക്കാട് ബൈപാസിലുള്ള വീട്ടില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ മിന്നല്‍ സന്ദര്‍ശനം.

ഇന്നലെ വൈകീട്ട് നാലോടെയാണ് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റ്റിസ് പി മോഹനദാസ് വീട്ടിലെത്തിയത്. ഉനൈസിന്റെ മാതാവ് സക്കീനയോടും സഹോദരന്‍ നവാസിനോടും അദ്ദേഹം വിവരങ്ങള്‍ തിരക്കി. ഉനൈസിന്റെത് കസ്റ്റഡി മരണം തന്നെയെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാവിലെ വീട്ടില്‍ നിന്നും മുഖം പോലും കഴുകാന്‍ അനുവദിക്കാതെ പോലീസുകാര്‍ പിടിച്ചു കൊണ്ടുപോകുകയായിരുന്നുവെന്ന് സഹോദരന്‍ നവാസ് അറിയിച്ചു. മൂത്രം ഒഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അത് സ്റ്റേഷനില്‍ ചെന്നിട്ടാവാമെന്നായിരുന്നു പോലീസിന്റെ പ്രതികരണമത്രെ.

തുടര്‍ന്ന് അവശനിലയില്‍ നടക്കാന്‍ പ്രയാസപ്പെട്ട അവസ്ഥയിലായിരുന്നു ഉനൈസ് വീട്ടിലെത്തിയതെന്ന് നവാസ് പറഞ്ഞു. തുടര്‍ന്ന് ശാരീരിക അസ്വാസ്ഥ്യം കൂടിയതിനാല്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പത്തിക പ്രയാസം കാരണം കുറച്ച് ദിവസം കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ നവാസ് മൊഴി നല്‍കി.

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മരണം സംബന്ധിച്ച് സ്വമേധയാ കേസെടുത്തതായി കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റ്റിസ് പി മോഹനദാസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, ഉനൈസ് മരിച്ചുകിടന്ന മുറിയില്‍ നിന്നും മയക്കുമരുന്ന് കുത്തിവെക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ച് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. രാവിലെ മുറിയില്‍ കയറിയ ഉനൈസ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്ന് മാതാവ് അന്വേഷിച്ച് ചെന്നപ്പോഴാണ് അടിവസ്ത്രം മാത്രം ധരിച്ച് കട്ടിലിന് താഴെ ഇരുന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് മയക്ക് മരുന്ന് കുത്തിവെക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചും കണ്ടെത്തിയതായാണ് പോലീസ് പറയുന്നത്.

അമിത ലഹരി ഉപയോഗത്തെത്തുടര്‍ന്നാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയത ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ച പ്രാഥമിക വിവരമെന്നും തിരുവനന്തപുരത്തെ രാസ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ യഥാര്‍ഥ റിപ്പോര്‍ട്ട് കൈയ്യില്‍ കിട്ടുകയുള്ളൂവെന്നാണ് പോലീസ് ഭാഷ്യം. കൂടാതെ, ഉനൈസ് മരിച്ച ദിവസം രാവിലെ 11ഓടെ തലശ്ശേരി സ്വദേശിയായ ഒരാള്‍ വീട്ടുകാരോട് സമ്മതം ചോദിച്ച് ഉനൈസിന്റെ മുറിയിലേക്ക് കയറിപ്പോയിരുന്നുവത്രെ. കുറച്ചു സമയം കഴിഞ്ഞ് അയാള്‍ തിരിച്ചുപോകുകയും ചെയ്തു. ഇതു കഴിഞ്ഞ് ഏറെ സമയമായിട്ടും ഉനൈസ് മുറിയില്‍ നിന്ന് പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് മാതാവ് മുറിയിലേക്ക് കയറി നോക്കിയപ്പോഴാണ് ഉനൈസ് മരിച്ചുകിടക്കുന്നതായി കണ്ടതെന്നും പോലീസ് പറയുന്നുണ്ട്. ഉനൈസിന്റെ മുറിയിലേക്ക് കയറിയത് ആരാണെന്നത് സംബന്ധിച്ച് പോലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.

അതെ സമയം, രണ്ട് മാസം മുമ്പ് പോലീസ് കസ്റ്റഡിയില്‍ ഏറ്റ ക്രൂര മര്‍ദനമാണ് ഉനൈസിന്റെ മരണ കാരണമെന്ന് ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. ഭാര്യവീട്ടില്‍ അക്രമം നടത്തിയതിന് കഴിഞ്ഞ ഫെബ്രവരി 21 ന് എടക്കാട് പോലീസ് ഉനൈസിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. ഇതില്‍ പിന്നിട് രണ്ട് ദിവസത്തിന് ശേഷം ഭാര്യാ പിതാവിന്റെ സ്‌കൂട്ടര്‍ തകര്‍ത്തുവെന്ന പരാതിയില്‍ ഇയാളെ സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയും ചെയ്തു.

ഈ സമയം കസ്റ്റഡിയില്‍ മര്‍ദിച്ചുവെന്നും കാലിനടിയില്‍ തല്ലിയത് കാരണം നടക്കാന്‍ സാധിച്ചില്ലെന്നും അടിയും ചവിട്ടുമേറ്റ് മൂത്രതടസ്സം അനുഭവപ്പെടുന്നുവെന്നും ഉനൈസ് ജില്ലാ പോലീസ് മേധാവിക്ക് എഴുതിവെച്ച കത്ത് കണ്ടെടുത്തിട്ടുണ്ടെന്നാണ് സതീശന്‍ പാച്ചേനി പറയുന്നത്. ഈ കത്ത് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

യുവാവ് മരിച്ചതിന് ശേഷം പുസ്തകത്തിനുള്ളില്‍ സൂക്ഷിച്ച കത്ത് യാദൃശ്ചികമായി സഹോദരന് ലഭിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അടിയേറ്റ ക്ഷതവും അസ്വാസ്ഥ്യവും കാരണം ഉനൈസ് ഒരാഴ്ച തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.

Latest