Connect with us

National

വയോധികനെ കൊലപ്പെടുത്തിയ കേസ്: സിദ്ദുവിന് ആയിരം രൂപ പിഴ വിധിച്ച് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ദേശീയ ക്രിക്കറ്റ് താരവും പഞ്ചാബ് ടൂറിസം മന്ത്രിയുമായ നവ്ജോത് സിംഗ് സിദ്ദുവിനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കി. പൊതുസ്ഥലത്തുവച്ച് ആളെ മര്‍ദ്ദിച്ചെന്ന കേസ് ചുമത്തി കേവലം ആയിരം രൂപയുടെ പിഴയടക്കാന്‍ മാത്രമാണ് കോടതി നിര്‍ദേശിച്ചത്. 30 വര്‍ഷം മുമ്പ് നടന്ന കേസില്‍ ജസ്റ്റിസുമാരായ ജെ. ചെലമേശ്വറും എസ് കെ കൗളും അടങ്ങുന്ന രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ സിദ്ദുവിന്റെ കൂട്ടുപ്രതിയും ബന്ധുവുമായ രൂപീന്ദര്‍ സിംഗ് സന്ധുവിനെയും വെറുതെ വിട്ടിട്ടുണ്ട്.

1988 ഡിസംബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. പാട്യാലയലിലെ റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി ഗുര്‍ണാം സിംഗ് (65) അടക്കമുള്ള മൂന്നുപേരുമായി സിദ്ദുവും ബന്ധുവും വഴക്കിടുകയായിരുന്നു. വഴക്കിനിടെ ഇരുവരുടെയും മര്‍ദ്ദനമേറ്റ ഗുര്‍ണാം സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അദ്ദേഹം മരിക്കുകയും ചെയ്തു.

കേസില്‍ വിചാരണക്കോടതി 1999 സെപ്തംബറില്‍ സിദ്ദുവിനെ കുറ്റവിമുക്തനാക്കിയിരുന്നു. വിചാരണ കോടതി വിധിക്കെതിരായ അപ്പീലില്‍ 2006 ഡിസംബറില്‍ സിദ്ദുവിനെയും കൂട്ടുപ്രതി രൂപിന്ദര്‍ സിംഗിനെയും മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പഞ്ചാബ് -ഹരിയായന ഹൈക്കോടതി മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

കോടതി ഉത്തരവിനെത്തുടര്‍ന്ന് അന്ന് ബി ജെ പി എം പിയായിരുന്ന സിദ്ദുവിന് എം പി സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. പിന്നീട് ഹൈക്കോടതി വിധി ചോദ്യ ംചെയ്ത് സിദ്ദുനല്‍കിയ ഹരജിയിലാണ് ഇന്നലെ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ഹരജി പരിഗണിച്ച സുപ്രീംകോടതി നേരത്തെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി സിദ്ദുവിനു ജാമ്യം അനുവദിച്ചിരുന്നു. മാരത്തോണ്‍ വാദം കേള്‍ക്കലിന് ശേഷം ഏപ്രില്‍ 18ന് കേസ് വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.

Latest