കണ്ണീരണിഞ്ഞ് ഗാസ; മരിച്ച ഫലസ്തീനികളുടെ എണ്ണം 60 കവിഞ്ഞു

അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം വ്യാപകം
Posted on: May 16, 2018 6:01 am | Last updated: May 15, 2018 at 10:44 pm
വെടിയേറ്റു മരിച്ച ഫലസ്തീനികളുടെ മൃതദേഹത്തിന് സമീപം പ്രാര്‍ഥനയോടെ കുടുംബാംഗങ്ങള്‍

ഗാസ സിറ്റി: ഇസ്‌റാഈല്‍ സൈന്യം 60ഓളം ഫലസ്തീനികളെ നിര്‍ദയം വെടിവെച്ചുകൊന്ന നടപടിയെ ചൊല്ലി അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. ഫലസ്തീനികളുടെ ഭൂമി നിയമവിരുദ്ധമായി കൈയേറി 1948 മെയ് 15ന് ഇസ്‌റാഈല്‍ രാഷ്ട്രം സ്ഥാപിച്ചതിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ചും യു എസ് എംബസി ജറൂസലമിലേക്ക് മാറ്റുന്നതിനെതിരെയും നടന്ന പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു ഇസ്‌റാഈല്‍ സൈനികര്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 60ഓളം പേരെ വെടിവെച്ചു കൊന്നത്. രണ്ടായിരത്തിലധികം പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. പലരുടെയും നില ഗുരുതരമായി തുടരുകയാണെന്ന് ഫലസ്തീന്‍ മെഡിക്കല്‍ സംഘം അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇന്നലെ വരെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്ന ഫലസ്തീനികളുടെ എണ്ണം 109ആയി കുത്തനെ ഉയര്‍ന്നു. 12,000ത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊല്ലപ്പെട്ടവരുടെ സ്മരണയില്‍ ഇന്നലെ ദേശീയ ദുഃഖാചരണം നടത്താന്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഫലസ്തീനികളോട് ആവശ്യപ്പെട്ടു. സ്‌കൂളുകളും യൂനിവേഴ്‌സിറ്റികളും ബേങ്കുകളും പൊതു, സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അതിനിടെ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളില്‍ പരുക്കേറ്റ എട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞ് കൂടി ചികിത്സക്കിടെ മരിച്ചു. ലൈലാ അന്‍വര്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്നലെ രാവിലെ 30കാരനായ ഉമര്‍ ജുമുഅ അബൂ ഫൗള് എന്ന യുവാവും പരുക്കുകളെ തുടര്‍ന്ന് ചികിത്സക്കിടെ മരിച്ചു.

ഇത് ഇസ്‌റാഈലിന്റെ വംശഹത്യ: ഉര്‍ദുഗാന്‍

അങ്കാറ: നിരപരാധികളായ ഫലസ്തീനികളെ ആയുധബലത്തില്‍ വംശഹത്യ ചെയ്യാനുള്ള ശ്രമങ്ങളാണ് ഇസ്‌റാഈല്‍ സൈന്യം നടത്തുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇസ്‌റാഈല്‍ ഇപ്പോള്‍ ചെയ്തത് തന്നെയാണ് വംശഹത്യ. ഇസ്‌റാഈല്‍ നടപ്പാക്കുന്ന മനുഷ്യത്വവിരുദ്ധമായ ഈ നാടകത്തെ ശക്തമായി എതിര്‍ക്കുന്നു. നാശം വിതക്കുന്ന രാഷ്ട്രമാണ് ഇസ്‌റാഈല്‍. ഭീകര രാഷ്ട്രമെന്ന് താന്‍ ഇതിനെ വിശേഷിപ്പിക്കുന്നു. വംശഹത്യ ഇസ്‌റാഈലിന്റെ ഭാഗത്തുനിന്നായാലും അമേരിക്കയുടെ ഭാഗത്തുനിന്നായാലും ശക്തമായി എതിര്‍ക്കുന്നുവെന്നും ഉര്‍ദുഗാന്‍ തുറന്നടിച്ചു. 60ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തുര്‍ക്കി മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. യു എസ് എംബസി ജറൂസലമിലേക്ക് മാറ്റുന്നത് ചോരക്കളിയാണെന്ന് മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ക്ക് മുമ്പ് മധ്യഇസ്താംബൂളില്‍ കൂറ്റന്‍ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. ഈ കൊടുംക്രൂരതയില്‍ ഇസ്‌റാഈലിനൊപ്പം അമേരിക്കക്കും പങ്കുണ്ടെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദിരിം തുറന്നടിച്ചു. അങ്കാറയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ഭാഗ്യവശാല്‍ അമേരിക്കക്കും ഈ രക്തത്തില്‍ പങ്കുണ്ട്. ഒരു പരാതിയുമില്ലാതെ അമേരിക്ക ഇസ്‌റാഈലിനൊപ്പം ഈ ക്രൂരകൃത്യത്തില്‍ അരിക് ചേര്‍ന്ന് നില്‍ക്കുന്നു. ഇത് മനുഷ്യവര്‍ഗത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. ഈ കൂട്ടക്കൊലയെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം: മഹ്മൂദ് അബ്ബാസ്

ഗാസ സിറ്റി: ഏറ്റവും ഭീകരമായ ദിവസങ്ങളിലൊന്നാണ് കടന്നു പോയതെന്നും യു എസ് എംബസി ജറൂസലമിലേക്ക് മാറ്റിയ ട്രംപിന്റെ നടപടി ഫലസ്തീനികളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഈ ദിവസം ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ കൂട്ടക്കൊലകളുമായി മുന്നോട്ടുപോകുന്നു. ഫലസ്തീനികള്‍ ദര്‍ശിച്ച ഏറ്റവും ഭീകരമായ ദിവസങ്ങളിലൊന്നായിരുന്നു കടന്നുപോയതെന്നും ഇത് ഇസ്‌റാഈലിന്റെ ക്രൂരകൃത്യത്തിന്റെ തോത് ലോകത്തെ ബോധ്യപ്പെടുത്തുന്നതാണെന്നും അബ്ബാസ് പറഞ്ഞു.

ന്യായീകരിച്ച് നെതന്യാഹു

ജറൂസലം: ഗാസ അതിര്‍ത്തിയില്‍ നിരപരാധികളെ വെടിവെച്ചു കൊന്ന സംഭവത്തെ ന്യായീകരിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്വിറ്ററിലാണ് പ്രതികരണവുമായി നെതന്യാഹു രംഗത്തെത്തിയത്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഇസ്‌റാഈല്‍ പ്രവര്‍ത്തിക്കുന്നത്. ഹമാസ് ഒരു ഭീകര സംഘടനയാണ്. അവരാണ് ആയിരങ്ങളെ അതിര്‍ത്തിയിലേക്ക് പറഞ്ഞുവിടുന്നത്. ഇതിലൂടെ പ്രകോപനം സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുകയാണ് ഹമാസിന്റെ ലക്ഷ്യം. ഇസ്‌റാഈലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. ഇനിയും ഉറച്ച നടപടികളുമായി മുന്നോട്ടുപോകുമെന്നും നെതന്യാഹു പ്രതികരിച്ചു.

വെടിയേറ്റു മരിച്ച ഫലസ്തീനിയുടെ മയ്യിത്ത് ഖബറടക്കത്തിന് കൊണ്ടുപോകുന്നു

ഹമാസിന് മേല്‍ കുറ്റം ചുമത്തി യു എസ്

വാഷിംഗ്ടണ്‍: നിരവധി ഫലസ്തീനികള്‍ വെടിയേറ്റു മരിക്കാനിടയായ സംഭവം അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധത്തിന് കാരണമാകവെ, സംഭവത്തിന്റെ കുറ്റം ഹമാസിന് മേല്‍ ചുമത്തി കൈകഴുകാന്‍ അമേരിക്കയുടെ ശ്രമം. ഹമാസ് നേതാക്കളാണ് ഇത്തരമൊരു സാഹചര്യമുണ്ടാക്കുന്നതെന്നും ചില ഗൂഢതന്ത്രങ്ങള്‍ അവര്‍ മെനയുകയാണെന്നും വൈറ്റ് ഹൗസ് വക്താവ് റാജ് ഷാ കുറ്റപ്പെടുത്തി. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, അതിര്‍ത്തിയില്‍ നിരപരാധികളായ ഫലസ്തീനികളെ വെടിവെച്ചു കൊല്ലുന്ന നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയ ബ്രിട്ടനും ഫ്രാന്‍സിനും ജര്‍മനിക്കുമൊപ്പം ചേരാന്‍ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞത് പോലെ, ഇസ്‌റാഈലിന് സ്വയം പ്രതിരോധം സൃഷ്ടിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ദുരന്തത്തിന് മുഴുവന്‍ ഉത്തരവാദിത്വവും ഹമാസിനാണ്. ഹമാസ് മനപൂര്‍വവും ദുരുദ്ദേശ്യത്തോടെയും പ്രതികരിക്കാന്‍ വേണ്ടി പ്രകോപനം ഉണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട്
ബ്രിട്ടനും ജര്‍മനിയും

ബെര്‍ലിന്‍: ഗാസയില്‍ ഇസ്‌റാഈല്‍ സൈന്യം 60ഓളം ഫലസ്തീനികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി. സംഭവത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടക്കണമെന്ന് ബ്രിട്ടന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇതിനെ പിന്തുണച്ച് ജര്‍മനിയും രംഗത്തെത്തിയിട്ടുണ്ട്. ഗാസ- ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍ അരങ്ങേറിയ ചോരക്കളിയെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും അതിന് മാത്രമേ കാര്യങ്ങളെ വ്യക്തമായി അവതരിപ്പിക്കാന്‍ സാധിക്കൂവെന്നും ജര്‍മന്‍ സര്‍ക്കാര്‍ വക്താവ് സ്റ്റീഫന്‍ സൈബര്‍ട്ട് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ ആവശ്യം അമേരിക്ക റദ്ദ് ചെയ്ത സാഹചര്യത്തിലാണ് സ്വതന്ത്ര അന്വേഷണമെന്നാവശ്യപ്പെട്ട് ബ്രിട്ടനും ജര്‍മനിയും രംഗത്തെത്തിയത്.

തുര്‍ക്കിയും ദക്ഷിണാഫ്രിക്കയും
അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു

അങ്കാറ: 60ഓളം ഫലസ്തീനികളെ വെടിവെച്ചു കൊന്ന ഇസ്‌റാഈല്‍ നടപടിയില്‍ പ്രതിഷേധിച്ച് തുര്‍ക്കി തെല്‍അവീവിലെയും വാഷിംഗ്ടണിലെയും സ്ഥാനപതികളെ തിരിച്ചുവിളിച്ചു. ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് ഇവരെ തിരിച്ചുവിളിച്ചതെന്ന് സഹപ്രധാനമന്ത്രിയും സര്‍ക്കാര്‍ വക്താവും അറിയിച്ചു. ഇതിന് പുറമെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷ(ഒ ഐ സി)ന്റെ അടിയന്തര യോഗവും തുര്‍ക്കി വിളിച്ചു ചേര്‍ക്കുന്നുണ്ട്. വെള്ളിയാഴ്ച യോഗം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ദക്ഷിണാഫ്രിക്കയും തങ്ങളുടെ സ്ഥാനപതിയെ ഇസ്‌റാഈലില്‍ നിന്ന് തിരിച്ചുവിളിച്ചു. ഏറ്റവും പുതിയ അതിക്രമം നിരവധി ഫലസ്തീനികളുടെ ജീവനെടുത്തതായും അവരുടെ സമ്പത്ത് നശിപ്പിച്ചതായും ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യ വകുപ്പ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

അടിയന്തര രക്ഷാസമിതി യോഗം ചേരണം: കുവൈത്ത്

കുവൈത്ത് സിറ്റി: ഇസ്‌റാഈല്‍ നടത്തിയ നരനായാട്ടിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭ അടിയന്തര രക്ഷാസമിതി ചേരണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും കുവൈത്ത് അംബാസിഡര്‍ മന്‍സൂര്‍ അല്‍ഖുത്വുബി ചൂണ്ടിക്കാട്ടി. കുവൈത്ത് രക്ഷാസമിതിയിലെ സ്ഥിരാംഗമല്ല. ഇതേ ആവശ്യവുമായി യു എന്നിലെ ഫലസ്തീന്‍ അംബാസഡറും രംഗത്തെത്തി. അമേരിക്കന്‍ എംബസി ജറൂസലമിലേക്ക് മാറ്റാനുള്ള തീരുമാനം ദുരന്തമായിരുന്നുവെന്നും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ യു എന്‍ രക്ഷാസമിതി നടപടികള്‍ സ്വീകരിക്കണമെന്നും അംബാസഡര്‍ റിയാദ് മന്‍സൂര്‍ ആവശ്യപ്പെട്ടു.