Connect with us

National

മകന്റെ പത്താം ക്ലാസ് തോല്‍വി ഗ്രാമത്തിലാകെ ആഘോഷമാക്കി അച്ഛന്‍

Published

|

Last Updated

ഭോപ്പാല്‍: മകന്‍ പത്താം ക്ലാസ് തോറ്റത് അച്ഛന്‍ ആഘോഷിച്ചത് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് മധ്യപ്രദേശിലെ ശിവാജി വാര്‍ഡ് സ്വദേശികള്‍. സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും പാര്‍ട്ടിയൊരുക്കിയാണ് ശിവാജിയിലെ സിവില്‍ കോണ്‍ട്രാക്ടറായ സുരേന്ദ്ര കുമാര്‍ വ്യാസ് മകന്റെ തോല്‍വി “ആഘോഷിച്ചത്”.

പരീക്ഷയില്‍ തോറ്റാല്‍ പല കുട്ടികളും വിഷാദത്തിലേക്ക് വഴിമാറുമ്പോള്‍ തന്റെ മകന് ആ അവസ്ഥ വരാതിരിക്കാനും അടുത്ത വര്‍ഷം മികച്ച വിജയം നേടാന്‍ അവനെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് താന്‍ പാര്‍ട്ടി നടത്തിയതെന്നാണ് സുരേന്ദ്രകുമാറിന്റെ വാദം. പടക്കം പൊട്ടിച്ചും ഗ്രാമത്തിലാകെ മധുരം വിതരണം ചെയ്തും ഒരു നേരത്തെ ഭക്ഷണം നല്‍കിയുമാണ് സുരേന്ദ്ര കുമാര്‍ വ്യാസ് മകന്‍ അഷു കുമാറിന്റെ തോല്‍വി ആഘോഷമാക്കി മാറ്റിയത്.

ഇങ്ങനെയാണ് താന്‍ എന്റെ മകനെ പ്രോത്സാഹിപ്പിക്കുന്നത്. പരീക്ഷയില്‍ തോല്‍കുന്നവരില്‍ ചിലര്‍ ആത്മഹത്യക്ക് മുതിരാറുണ്ട്. ബോര്‍ഡ് പരീക്ഷകളല്ല ജീവിതത്തിലെ അവസാന പരീക്ഷ, കുട്ടികള്‍ക്കിനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും സുരേന്ദ്ര കുമാര്‍ പറഞ്ഞു. അടുത്ത വര്‍ഷം മകന് മികച്ച വിജയം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

അച്ഛന്റെ പ്രവൃത്തിയില്‍ വളരെ സന്തുഷ്ടനാണ് അഷു കുമാര്‍. തന്നെ ഇത് പ്രചോദിപ്പിക്കുന്നതായും ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ഇത് സഹായിക്കുമെന്ന് മകന്‍ അഷു കുമാര്‍ പറഞ്ഞു. എന്റെ അച്ഛനെ ഞാന്‍ അഭിനന്ദിക്കുന്നു. നല്ല മാര്‍ക്കോടെ അടുത്ത വര്‍ഷം ജയിക്കാന്‍ ഞാന്‍ പരിശ്രമിക്കും” അഷു പറഞ്ഞു. അതേസമയം മധ്യപ്രദേശില്‍ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ ഫലം പുറത്ത് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച മാര്‍ക്ക് നേടാനാകാത്ത ആറ് കുട്ടികള്‍ ആത്മഹത്യ ചെയ്തു.