Connect with us

Kerala

തരൂരിനെതിരായ കുറ്റപത്രം: രാഷ്ട്രീയ ലക്ഷ്യം വ്യക്തം, മുതലെടുപ്പിന് ബി ജെ പി

Published

|

Last Updated

തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോ. ശശി തരൂര്‍ എം പി പൊടുന്നനെ പ്രതിചേര്‍ക്കപ്പെട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്ന് ആരോപണം. പൊതുതിരഞ്ഞെടുപ്പിന് കൃത്യം ഒരു വര്‍ഷം ശേഷിക്കെയാണ് തരൂര്‍ ഈ കേസില്‍ പ്രതിയാകുന്നത്. സുനന്ദയുടെ മരണം കൊലപാതകമാണെന്ന വാദമാണ് തുടക്കം മുതല്‍ ഉന്നയിക്കപ്പെട്ടതെങ്കിലും ഇത് തെളിയിക്കാന്‍ കഴിയാതെ വന്നതോടെയാണ് ആത്മഹത്യയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ ബി ജെ പിയുടെ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ച് കഴിഞ്ഞു. അതേസമയം, തരൂരിനെ പ്രതിചേര്‍ത്തതിന് പിന്നാലെ എം പി സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി ബി ജെ പി രംഗത്തുവന്നു. അന്തര്‍ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ മുഖമായി മാറിയ തരൂരിനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ഡല്‍ഹി പോലീസിനെ ഉപയോഗിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം.

രാഹുല്‍ ബ്രിഗേഡിന്റെ ഭാഗമായി മാറിയ ശശിതരൂര്‍ നിലവില്‍ കോണ്‍ഗ്രസില്‍ നിര്‍ണായക ചുമതലകളുള്ള നേതാവ് ആണ്. ഇന്ത്യന്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിക്കൊപ്പം കോണ്‍ഗ്രസിന്റെ വക്താവ് എന്ന നിലയിലും തരൂര്‍ നടത്തുന്ന ഇടപെടലുകള്‍ ബി ജെ പിക്ക് നിരന്തരം തലവേദനയാകുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലാണ് തരൂരിനെ ശ്രദ്ധേയനാക്കുന്നത്. തരൂരും ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളും പലവട്ടം സമൂഹ മാധ്യമങ്ങളില്‍ ഏറ്റുമുട്ടി. ബി ജെ പി അടുത്ത തിരഞ്ഞെടുപ്പില്‍ വലിയ സാധ്യത കല്‍പ്പിക്കുന്ന തിരുവനന്തപുരം പാര്‍ലിമെന്റ് മണ്ഡലത്തെയാണ് ശശി തരൂര്‍ പ്രതിനിധീകരിക്കുന്നത്. ഇതും പ്രതികാര നടപടിക്ക് കാരണമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

അടുത്ത തിരഞ്ഞെടുപ്പില്‍ ഏത്‌വിധേനയും കേരളത്തില്‍ അക്കൗണ്ട് തുറക്കണമെന്ന് ബി ജെ പിയുടെ ദേശീയ നേതൃത്വം സംസ്ഥാനഘടകത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തരൂര്‍ പ്രതിനിധീകരിക്കുന്ന തിരുവനന്തപുരം സീറ്റ് ആണ് ഇതിനായി കണ്ടുവെച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഇവിടെ തരൂര്‍ ജയിച്ചപ്പോള്‍ ബി ജെ പി രണ്ടാംസ്ഥാനത്തായിരുന്നു. ഇത്തവണ ഏത് വിധേനയും മണ്ഡലം പിടിച്ചെടുക്കാനുള്ള നീക്കം ബി ജെ പി നേരത്തെ മുതല്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരം സീറ്റില്‍ കണ്ണുവെച്ചിരിക്കുന്ന ഒരു ചാനല്‍ മുതലാളിയും തരൂരിനെതിരായ നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ദേശീയ ചാനല്‍ തരൂരിനെതിരെ നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്നു.
ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ തരൂരിനെ പിന്തുണച്ച് കോണ്‍ഗ്രസിന്റെ ദേശീയ, സംസ്ഥാന നേതാക്കള്‍ ഒന്നടങ്കം രംഗത്തുവന്നു. നേരത്തെ നല്‍കിയ റിപ്പോര്‍ട്ടുകളിലൊന്നും ഒരു പരാമര്‍ശം പോലുമില്ലാതെ ഇപ്പോള്‍ തരൂരിനെ പ്രതി ചേര്‍ത്തത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നാല് വര്‍ഷത്തെ അന്വേഷണത്തിലും ആത്മഹത്യയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് പല റിപ്പോര്‍ട്ടുകളും കോടതിയില്‍ വന്നതാണ്. അതില്‍ ഇല്ലാത്ത കാര്യമാണ് കുറ്റപത്രത്തിലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. തരൂരിനെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയ ഡല്‍ഹി പോലീസിന്റെ നടപടി തികച്ചും രാഷ്ടീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. അധികാരമുപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ അടിച്ചമര്‍ത്താനും അപമാനിക്കാനുള്ളമുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നത്. നിരവധി തവണ ഇക്കാര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി അദ്ദേഹത്തെ അപമാനിച്ചതിന് പിറകേയാണ് ഇപ്പോള്‍ പ്രേരണാകുറ്റം ചുമത്തിയത്. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ജനങ്ങള്‍ ഇത് തള്ളിക്കളയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റപത്രം സമര്‍പ്പിച്ചത് രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനാണെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസനും കുറ്റപ്പെടുത്തി.

തരൂര്‍ എം പി സ്ഥാനം രാജിവെക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം. തരൂരിനെതിരെ തിരുവനന്തപുരം കേന്ദ്രീകരിച്ച് സമരം തുടങ്ങാനാണ് ബി ജെ പിയുടെ തീരുമാനം. തരൂര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. ആത്മഹത്യപ്രേരണകുറ്റവും ഗാര്‍ഹിക പീഡന നിയമവും പ്രകാരം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് തരൂര്‍ ചെയ്തിരിക്കുന്നതെന്നും ഇത് പൊതുപ്രവര്‍ത്തകര്‍ക്ക് അപമാനമാണെന്നും ബി ജെ പി സംസ്ഥാനസെക്രട്ടറി എം ടി രമേശ് പറഞ്ഞു.

---- facebook comment plugin here -----

Latest